പ്രൗഢോജ്വലമായി ദുക്റാന തിരുനാളും സീറോമലബാർ സഭാദിനാഘോഷവും

സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സഭാദിനാഘോഷവും ദുക്റാന തിരുനാൾ ആചരണവും പ്രൗഢോജ്വലമായി നടന്നു. സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പതാകയുയർത്തിയതോടെയാണ് മാർതോമാ നസ്രാണികളുടെ വിശ്വാസ പൈതൃകത്തിന്റെ ഓർമ്മപ്പെടുത്തലായും സാമുദായിക ഐക്യബോധത്തിന്റെ ആവിഷ്കാരമായും മാറിയ ആഘോഷങ്ങൾക്ക് തുടക്കമായത്.

തുടർന്ന് നടന്ന റാസ കുർബാനയ്ക്ക് മേജർ ആർച്ച്ബിഷപ്പ് കാർമ്മികത്വം വഹിക്കുകയും, ബിഷപ്പ് മാർ ബോസ്കോ പുത്തൂർ പിതാവ് വചനസന്ദേശം നൽകുകയും ചെയ്തു. മംഗലപ്പുഴ സെമിനാരി റെക്ടർ റവ. ഫാ. സ്റ്റാൻലി പുൽപ്രയിൽ സഹകാർമ്മികനായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം മേജർ‌ ആർച്ചുബിഷപ്പ് ഉദ്ഘാടനം ചെയ്തു.

സീറോമലബാർ സഭാംഗങ്ങളായ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ സണ്ണി ജോസഫ്, ജലസേചന വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം. ജോൺ, ചീഫ് വിപ്പ് ശ്രീ അപു ജോൺ ജോസഫ് എന്നിവർക്ക് മേജർ ആർച്ചുബിഷപ്പ് സഭയുടെ ആദരം സമർപ്പിച്ചു. സഭാംഗവും കത്തോലിക്കാ കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായ പ്രമുഖ പ്രവാസിവ്യവസായി ഷെവലിയർ ഡേവിസ് എടക്കളത്തൂരിനെയും ചടങ്ങിൽ മേജർ ആർച്ചുബിഷപ്പ് പ്രത്യേകമായി ആദരിച്ചു.

2026 ഒക്ടോബറിൽ റോമിൽ വെച്ച് നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മീറ്റിന്റെ മുന്നോടിയായുള്ള ആഗോള പതാക പ്രയാണത്തിന്റെ ഉദ്ഘാടനം മേജർ ആർച്ച്ബിഷപ്പ് നിർവ്വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ പതാക ഏറ്റുവാങ്ങി. ചടങ്ങിൽ ‘ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ത്യ’ പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശനവും മാർ റാഫേൽ തട്ടിൽ നിർവ്വഹിച്ചു; മന്ത്രി ശ്രീ സണ്ണി ജോസഫ് പുസ്തകം ഏറ്റുവാങ്ങി. റവ. ഡോ. പയസ് മലേക്കണ്ടത്തിൽ, റവ. ഡോ. കെ. എസ്. മാത്യു, റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ, റവ. ഡോ. ഫ്രാൻസിസ് തോണിപ്പാറ എന്നിവർ എഡിറ്റർമാരായ ഈ പുസ്തകം, സീറോമലബാർ ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ നേതൃത്വത്തിൽ പ്രിമൂസ് പബ്ലിക്കേഷൻസാണ് പുറത്തിറക്കിയിരിക്കുന്നത്. എൽ.ആർ‌.സി. ചെയർമാനും തൃശൂർ അതിരൂപത സഹായ മെത്രാനുമായ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, റവ. ഡോ. പയസ് മലേക്കണ്ടത്തിൽ എന്നിവർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ബിഷപ്പ് മാർ തോമസ് ഇലവനാലിന് സമർപ്പിക്കുന്ന ‘പൗരസ്ത്യരത്നം’ അവാർഡ് ലിറ്റർജി കമ്മീഷൻ സെക്രട്ടറി ഫാ. ജിഫി മേക്കാട്ടുകുളം പ്രഖ്യാപിച്ചു.

കൂരിയ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. സഭയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് മീഡിയ കമ്മീഷൻ തയ്യാറാക്കിയ വീഡിയോ അവതരണവും, ഫാ. ഷാജി തുമ്പേച്ചിറയിലിന്റെ നേതൃത്വത്തിൽ ‘ത്രിയേകം’ എന്ന പേരിൽ സമുദായ ശാക്തീകരണ വർഷത്തോടനുബന്ധിച്ച് ഒരുക്കിയ കലാവിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ നന്ദി പ്രകാശിപ്പിച്ചു. സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽ നിന്നുള്ള വൈദിക, സമർപ്പിത, അല്മായ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

ഫാ. ടോം ഓലിക്കരോട്ട്
പി. ആർ. ഓ., സീറോമലബാർ സഭ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.