ഒരു അടിമയ്ക്ക് വേണ്ടി നിങ്ങൾ സ്വന്തം ജീവൻ നൽകുമോ? നൽകുമെന്ന് വ്രതമെടുത്ത സന്ന്യാസിമാർ

അടിമത്തവും മനുഷ്യരെ തടവിലാക്കുന്നതും ഉണ്ടാക്കിയ വലിയ ആഘാതങ്ങൾ ലോകം ഒരിക്കലും മറക്കാതിരിക്കാൻ എല്ലാ വർഷവും ഓഗസ്റ്റ് 23 അടിമക്കച്ചവടത്തിന്റെയും അതിന്റെ നിർമ്മാർജ്ജനത്തിന്റെയും അന്താരാഷ്ട്ര ഓർമ്മദിനമായി ആചരിക്കുന്നു. എന്നാൽ, ഒരു ക്രിസ്ത്യൻ അടിമയുടെ മോചനത്തിനായി സ്വന്തം ജീവൻ പകരം നൽകാം എന്ന് ദൈവത്തോട് പ്രത്യേക വ്രതം എടുക്കുന്ന ഒരു പുരാതന കത്തോലിക്കാ സന്ന്യാസ സമൂഹത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ?

കത്തോലിക്കാ സഭയിലെ സന്ന്യാസിമാർ സാധാരണയായി ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്ന് വ്രതങ്ങളാണ് ദൈവത്തിന് മുൻപിൽ എടുക്കുന്നത്. എന്നാൽ ‘മെർസിഡേറിയൻസ്’ (Mercedarians – Order of Mercy) എന്ന സന്ന്യാസ സമൂഹത്തിന് ഒരു പ്രത്യേകതയുണ്ട്: തടവിലാക്കപ്പെട്ട ഒരാളുടെ മോചനത്തിനായി സ്വന്തം ജീവൻ തൃണവൽഗണിച്ച് നൽകുമെന്ന് പ്രതിജ്ഞ ചെയ്യുന്ന നാലാമതൊരു വ്രതം കൂടി ഇവിടുത്തെ അംഗങ്ങൾ എടുക്കുന്നു.

“സ്നേഹത്താൽ പ്രചോദിതരായി ഈ ദൗത്യം പൂർത്തിയാക്കാൻ, ഞങ്ങൾ ഒരു പ്രത്യേക വ്രതത്തിലൂടെ ദൈവത്തിന് സ്വയം സമർപ്പിക്കുന്നു. പുതിയ തരത്തിലുള്ള അടിമത്തങ്ങളിൽപ്പെട്ട് വിശ്വാസം നഷ്ടപ്പെടാൻ വലിയ അപകടസാധ്യതയുള്ള ക്രിസ്ത്യാനികളെ രക്ഷിക്കാൻ ആവശ്യമായി വന്നാൽ, ക്രിസ്തു നമുക്കായി ജീവൻ നൽകിയതുപോലെ സ്വന്തം ജീവനും നൽകുമെന്ന് ഞങ്ങൾ ഇതിലൂടെ വാഗ്ദാനം ചെയ്യുന്നു,” ഓർഡർ ഓഫ് മെർസിയുടെ ഭരണഘടനാ രേഖയിൽ പറയുന്നു.

ഈ തീരുമാനത്തിന് പിന്നിലെ കാര്യം മനസ്സിലാക്കാൻ, 1218-ൽ സന്ന്യാസ സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ പീറ്റർ നൊലാസ്കോയ്ക്ക് ദർശനം നൽകിയ പരിശുദ്ധ കന്യകാമറിയത്തിന്റെ വാക്കുക ഓർക്കേണ്ടതുണ്ട്. അന്യദേശങ്ങളിൽ അടിമകളാക്കപ്പെട്ടവരെ സഹായിക്കാൻ ഒരു സന്ന്യാസ സമൂഹം തുടങ്ങാൻ മാതാവ് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.

സ്പെയിനിലെ ബാഴ്‌സലോണയിൽ ജനിച്ച വിശുദ്ധന്റെ കാലഘട്ടത്തിൽ (1189-1258), മുസ്ലീങ്ങൾ ക്രിസ്ത്യാനികളെ പിടിച്ചുകൊണ്ടുപോയി ആഫ്രിക്കയിൽ അടിമകളാക്കുന്നത് പതിവായിരുന്നു. ഈ ദാരുണമായ അവസ്ഥ കണ്ട വിശുദ്ധ പീറ്റർ, നൂറുകണക്കിന് ആളുകളെ രക്ഷിക്കാൻ തന്റെ സ്വത്ത് മുഴുവൻ ഉപയോഗിച്ചു. എന്നാൽ പണവും ഭിക്ഷയായി കിട്ടിയ തുകയും തീർന്നപ്പോൾ, ഒരു സന്ന്യാസ സമൂഹം സ്ഥാപിക്കാൻ ദൈവമാതാവ് ഇടപെട്ടു.

വിശുദ്ധരുടെ ജീവിതത്തെക്കുറിച്ചുള്ള corazones.org എന്ന വെബ്‌സൈറ്റ് അനുസരിച്ച്, “സഭയിൽ ചേരുമ്പോൾ, തടവുകാരെ മോചിപ്പിക്കാൻ പണം തികയാതെ വരുന്ന സാഹചര്യത്തിൽ, വിശ്വാസം നഷ്ടപ്പെടാൻ സാധ്യതയുള്ള ഏതൊരു തടവുകാരനും പകരം തങ്ങൾ അവിടെ അടിമയായി തുടരുമെന്ന് അംഗങ്ങൾ പ്രതിജ്ഞ ചെയ്തിരുന്നു.”

ഈ രീതിയിൽ, വിശുദ്ധ പീറ്റർ നൊലാസ്കോയും അദ്ദേഹത്തിന്റെ സഹോദരന്മാരും നിരവധി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ധാരാളം ക്രിസ്ത്യാനികളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തു.

ഇതിനെക്കുറിച്ച് കാസ്റ്റീൽ പ്രവിശ്യയിലെ മെർസിഡേറിയൻ സന്ന്യാസിമാർ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “സ്വതന്ത്രരാക്കാനും, സ്നേഹിക്കാനും, ശുശ്രൂഷിക്കാനും, അടിമത്തത്തെയും അതിന് കാരണമാകുന്ന അനീതികളെയും എതിർക്കാനുമാണ് ഞങ്ങളെ അയച്ചിരിക്കുന്നത്. ഇതിൽ ഞങ്ങൾക്ക് ഭയമില്ല, ഞങ്ങൾ ജീവൻ പണയം വച്ചും ഇത് ചെയ്യും. കാരണം ഞങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യം ഞങ്ങളുടെ എല്ലാ ശ്രമങ്ങൾക്കും അർഹതയുള്ളതാണ്.”

2022 മെയിൽ മെർസിഡേറിയൻ സന്യാസിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ ഒരു കാര്യം ഓർമ്മിപ്പിച്ചു: സന്ന്യാസ സമൂഹം സ്ഥാപിതമായ കാലത്തേക്കാൾ ‘കൂടുതൽ അടിമകൾ’ ഇന്നത്തെ ലോകത്തിലുണ്ട്. ആധുനിക അടിമത്തത്തിന്റെ പുതിയ രൂപങ്ങളിൽ നിന്ന് ആളുകളെ മോചിപ്പിക്കുന്ന ദൗത്യം തുടരാൻ അവിടുന്ന് അവരെ പ്രോത്സാഹിപ്പിച്ചു.

“വ്യക്തമായി തിരിച്ചറിയാൻ കഴിയാത്തതും, ഒളിച്ചുവയ്ക്കപ്പെട്ടതുമായ പുതിയ രൂപത്തിലുള്ള നിരവധി അടിമത്തങ്ങൾ ഇന്നുണ്ട്. റോം, ലണ്ടൻ, പാരിസ് തുടങ്ങിയ വലിയ നഗരങ്ങളിൽ പോലും വിവിധ തരത്തിലുള്ള അടിമത്തങ്ങൾ തുടരുന്നു. അവരെ കണ്ടെത്തി ദൈവത്തോട് ചോദിക്കുക: ‘ഞാൻ എന്താണ് ചെയ്യേണ്ടത്?'” എന്ന് ഫ്രാൻസിസ് മാർപാപ്പ എടുത്തുപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.