സൊമാലിയയിൽ സഹായം വെട്ടിക്കുറച്ചതിനെ തുടർന്ന് നൂറിലധികം ആരോഗ്യ-പോഷകാഹാര കേന്ദ്രങ്ങൾ പൂട്ടിയതായി യുണിസെഫ്

അന്താരാഷ്ട്ര മാനുഷിക സഹായങ്ങളിൽ വരുത്തിയ വലിയ വെട്ടിക്കുറയ്ക്കൽ സൊമാലിയയിലെ കുട്ടികളുടെ ജീവിതം അതീവ ദുരിതത്തിലാക്കിയതായി യുണിസെഫ് (UNICEF) മുന്നറിയിപ്പ് നൽകി. ധനസഹായം നിലച്ചതിനെ തുടർന്ന് രാജ്യത്ത് 205 ആരോഗ്യ-പോഷകാഹാര കേന്ദ്രങ്ങൾ ഇതിനകം പ്രവർത്തനരഹിതമായതായി യുണിസെഫ് വക്താവ് ജെയിംസ് എൽഡർ അറിയിച്ചു.

ഈ വർഷത്തെ ആദ്യ ആറുമാസത്തിൽ, ഗുരുതരമായ പോഷകാഹാരക്കുറവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സതേടിയെത്തിയ കുട്ടികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 32 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഏകദേശം 19 ലക്ഷത്തോളം കുട്ടികളാണ് ഈ വർഷം പോഷകാഹാരക്കുറവിന്റെ ദുരിതം പേറുന്നത്. ഇതിൽ അഞ്ച് ലക്ഷത്തോളം കുട്ടികൾ ഏറ്റവും മാരകമായ അവസ്ഥയിലുള്ളവരാണ്.

ആരോഗ്യ കേന്ദ്രങ്ങൾ പൂട്ടിയതോടെ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ചികിത്സയ്ക്കായി ദൂരെ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നു. ഇത് വൈകിയുള്ള ചികിത്സയ്ക്കും തടയാൻ സാധിക്കുമായിരുന്ന മരണങ്ങൾക്കും കാരണമാകുകയാണ്.

വടക്കൻ മേഖലയിലെ കടുത്ത വരൾച്ചയും കാലാവസ്ഥാ വ്യതിയാനവും സംഘർഷങ്ങളും കാരണം സൊമാലിയൻ ജനത ദുരിതമനുഭവിക്കുമ്പോൾ തന്നെയാണ് അന്താരാഷ്ട്ര തലത്തിൽ ഫണ്ട് വെട്ടിക്കുറച്ചിരിക്കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം ഒരു ദശലക്ഷത്തോളം കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും പോഷകാഹാര സേവനങ്ങൾ നഷ്ടപ്പെടാൻ ഇത് കാരണമാകും. 16 ലക്ഷത്തിലധികം ആളുകൾക്ക് സുരക്ഷിത കുടിവെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും, എൺപതിനായിരത്തോളം പേർക്ക് അവശ്യ ശുചീകരണ സാമഗ്രികൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും യുണിസെഫ് വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.