ഗിനിയയിൽ മാലിന്യ മലയിടിഞ്ഞ് 30 മരണം; നിരവധിപ്പേർക്ക് പരിക്ക്

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയുടെ തലസ്ഥാനമായ കൊണാക്രിയിൽ (Conakry) വലിയ മാലിന്യ നിക്ഷേപ കേന്ദ്രത്തിലുണ്ടായ മലയിടിച്ചിൽ 30 പേർ കൊല്ലപ്പെട്ടു. കനത്ത മഴയെത്തുടർന്ന് ഡാർ-എസ്-സലാം (Dar-es-Salam) പ്രദേശത്തെ കൂറ്റൻ മാലിന്യ മല, സമീപത്തെ വീടുകളുടെ മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് ദുരന്തം ഉണ്ടായത്.

സംഭവത്തിൽ ഇതുവരെ 30 പേരുടെ മരണം സർക്കാർ സ്ഥിരീകരിച്ചു. ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും മറ്റുള്ളവർക്ക് നിസ്സാര പരിക്കുകൾ ഏൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു സ്ത്രീക്ക് തന്റെ അഞ്ച് മക്കളേയും ദുരന്തത്തിൽ നഷ്ടമായി. സൈന്യത്തിന്റെയും രക്ഷാപ്രവർത്തകരുടെയും നേതൃത്വത്തിൽ ജെസിബികളും മറ്റ് യന്ത്രങ്ങളും ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്. കാണാതായവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഗിനിയ പ്രധാനമന്ത്രി അമഡു ഔരി ബാ (Amadou Oury Bah) നേരിട്ട് സംഭവസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവർക്കും ദുരന്തബാധിതർക്കും വേണ്ട സഹായങ്ങൾ എത്തിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ഈ മാലിന്യ നിക്ഷേപ കേന്ദ്രം അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചിരുന്നതിന് തൊട്ടുപിന്നാലെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.