പത്തുവർഷത്തിന് ശേഷം പ്രധാന ലോഗോയിൽ മാറ്റങ്ങൾ വരുത്തി ഇൻസ്റ്റാഗ്രാം

പ്രമുഖ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം തങ്ങളുടെ ആപ്പിലെ പ്രധാന പേര് എഴുതിയ ലോഗോയിൽ പത്ത് വർഷത്തിന് ശേഷം വലിയ മാറ്റങ്ങൾ വരുത്തി. ആപ്പിന്റെ മുകൾഭാഗത്ത് കാണുന്ന ലോഗോ കൂടുതൽ വ്യക്തതയുള്ളതും ആധുനികവുമായാണ് പുതിയ രൂപത്തിൽ മാറ്റിയതെന്ന് ഇൻസ്റ്റാഗ്രാം തലവൻ ആദം മൊസേരി അറിയിച്ചു. മുൻപുണ്ടായിരുന്ന ലളിതമായ ശൈലി നിലനിർത്തിക്കൊണ്ടുതന്നെ അക്ഷരങ്ങളുടെ ഘടനയിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

2016-ൽ പഴയ ക്യാമറയുടെ ചിത്രത്തിന് പകരം പുതിയ ചായങ്ങൾ നിറഞ്ഞ ഐക്കൺ കൊണ്ടുവന്ന ശേഷമുള്ള ഏറ്റവും വലിയ മാറ്റമാണിത്. പത്ത് വർഷമായി ലോഗോയിൽ മാറ്റങ്ങളൊന്നും വരുത്താത്തതിനാലാണ് പുതിയ രീതി അവതരിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു. ആപ്പിന് കൂടുതൽ ഭംഗിയും ലളിതവുമായ രൂപം നൽകാൻ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പുതിയ ലോഗോയ്ക്ക് ഉപയോക്താക്കളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ പുതിയ മാറ്റത്തെ പ്രശംസിച്ചപ്പോൾ മറ്റു ചിലർ ലോഗോയിലെ മാറ്റത്തിൽ നിരാശ പ്രകടിപ്പിച്ചു. അക്ഷരങ്ങളുടെ പുതിയ ശൈലി കാരണം ലോഗോ കാണുമ്പോൾ ഇൻസ്റ്റാഗ്രാം എന്നതിന് പകരം ഇൻസ്റ്റാഗ്സാം എന്ന് വായിക്കുന്ന രീതിയിലാണെന്ന് പലരും പരിഹസിക്കുന്നുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.