
ഇന്ത്യ ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ നടക്കുന്ന പ്രധാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ അകമ്പടിയോടെയാണ് രാജ്യവ്യാപകമായി ആഘോഷങ്ങൾ നടക്കുന്നത്.
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചരിത്രത്തിൽ ആദ്യമായി ദേശീയ ഗീതമായ ‘വന്ദേമാതരം’ ഔദ്യോഗികമായി ആലപിക്കുന്നു എന്നതാണ് ഈ വർഷത്തെ പ്രധാന പ്രത്യേകത. 2047-ഓടെ ‘വിക്ഷിത് ഭാരത്’ (വികസിത ഇന്ത്യ) എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിൽ യുവശക്തിയുടെ സംഭാവനകളെ ആഘോഷിക്കുന്നതിനൊപ്പം, ‘വന്ദേമാതരം’ ദേശീയ ഗാനത്തിന്റെ 150 വർഷത്തെ ചരിത്രവും ചടങ്ങ് സ്മരിക്കുന്നു. പതാക ഉയർത്തലിന് തൊട്ടുപിന്നാലെ വ്യോമസേനയുടെ രണ്ട് Mi-17 ഹെലികോപ്റ്ററുകളിൽ നിന്ന് വേദിയിൽ പുഷ്പവൃഷ്ടി നടത്തും.
പി.എം മുദ്ര യോജന പ്രകാരമുള്ള വനിതാ സംരംഭകർ, അന്താരാഷ്ട്ര യോഗാ ദിന വളണ്ടിയർമാർ, മികച്ച പ്രകടനം കാഴ്ചവെച്ച സ്ട്രീറ്റ് വെണ്ടർമാർ, എൻ.സി.സി കഡറ്റുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള അയ്യായിരത്തോളം പ്രത്യേക അതിഥികൾ ചടങ്ങിന് സാക്ഷ്യം വഹിക്കും. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1500-ലധികം ആളുകൾ പരമ്പരാഗത വേഷവിധാനങ്ങളോടെ ചെങ്കോട്ടയിലെത്തും. സംസ്ഥാന തലങ്ങളിലും രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലും വിപുലമായ പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും ഇന്ന് നടക്കും. രാജ്യവ്യാപകമായി 343 പ്രമുഖ കേന്ദ്രങ്ങളിൽ പ്രത്യേക ബാൻഡ് അവതരണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.




