പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണത്തിരുനാളും ജെറുസലേമും

1950 ലാണ് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ മാതാവിന്റെ സ്വർഗാരോപണം തിരുസഭയുടെ വിശ്വാസ സത്യമായി പ്രഖ്യാപിക്കുന്നതെങ്കിലും അത് ആദിമസഭയുടെ വിശ്വാസപാരമ്പര്യത്തിന്റെ മർമ്മപ്രധാനമായ ഭാഗമായിരുന്നു; ഒപ്പം മാതാവിന്റെ നിത്യ ഉറക്കവും (അതായത് മരണം) സംസ്കാരവും.

യേശുവിന്റെ മരണസമയത്ത് അപ്പസ്തോലനായ യോഹന്നാൻ, മാതാവിനെ സ്വഭവനത്തിൽ സ്വികരിച്ചു (യോഹ. 19:27). ജെറുസലേമിലെ ആദിമക്രൈസ്തവ സഭയുടെ പാരമ്പര്യമനുസരിച്ച്, സുവിശേഷം പ്രസംഗിക്കാനായി എഫേസോസിലേക്കു പോയ യോഹന്നാനെ മാതാവ് അനുഗമിച്ചു. തന്റെ അന്ത്യനിമിഷങ്ങൾ ജെറുസലേമിൽ ചിലവിടാൻ ആഗ്രഹിച്ച മാതാവിനെ പിന്നീട് യോഹന്നാൻ ജെറുസലേമിലെ സെഹിയോൻ മാളികയിലേക്കു തിരിച്ചുകൊണ്ടുവന്നു. മാതാവ് മരണാസന്നയായപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷം പ്രസംഗിക്കാൻ പോയ ശിഷ്യന്മാരെല്ലാവരും പരിശുദ്ധാൽമാവിന്റെ പ്രചോദനത്താൽ ജെറുസലേമിലേക്കു തിരിച്ചുവന്നു.

എന്നാൽ തോമാശ്ലീഹ ഇന്ത്യയിൽ നിന്നും തിരിച്ചെത്താൻ വൈകിപ്പോയി. അദ്ദേഹം ജെറുസലേമിൽ എത്തുന്നതിനു മുൻപുതന്നെ മാതാവ് നിത്യ ഉറക്കത്തിലേക്കു പ്രവേശിക്കുകയും മറ്റു ശിഷ്യന്മാർ അവിടുത്തെ ഗത്സമെൻ തോട്ടത്തിലെ ഒരു പുതിയ കല്ലറയിൽ സംസ്കരിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. മാതാവിനെ കാണണമെന്നു തോമാശ്ലീഹ വാശിപിടിച്ചപ്പോൾ സഹശിഷ്യന്മാർ അദ്ദേഹത്തെ മാതാവിന്റെ കല്ലറയിങ്കൽ കൊണ്ടുപോയി കല്ലറ തുറന്നു. എന്നാൽ മാതാവിന്റെ ശരീരം അവർ അവിടെ കണ്ടില്ല. കുറെസമയം അന്വേഷിച്ചിട്ടും മാതാവിന്റെ ശരീരം കാണായ്കയാൽ മറ്റു ശിഷ്യന്മാർ തിരിച്ചുപോയെങ്കിലും മാതാവിനെ കാണാതെ താൻ തിരികെപ്പോകില്ല എന്ന വാശിയിൽ തോമാശ്ലീഹാ കല്ലറയ്ക്കു മുമ്പിൽ കാത്തിരുന്നു. ഒടുവിൽ മാതാവ് തോമാശ്ലീഹായ്ക്കു പ്രത്യക്ഷപ്പെടുകയും തന്റെ ഉത്തരീയം അദ്ദേഹത്തിനു നൽകിയശേഷം സ്വർഗത്തിലേക്ക് സംവഹിക്കപ്പെടുകയും ചെയ്തു.

ഈ വിവരങ്ങളെല്ലാം നമുക്കു ലഭിക്കുന്നത് ‘മാതാവിന്റെ സ്വർഗാരോപണം’ (Transitus Mariae) എന്ന രണ്ടാം നൂറ്റാണ്ടിലെ അപ്പോക്രിഫൽ ഗ്രന്ഥത്തിൽ നിന്നും മറ്റു ചില പ്രാചീന എഴുത്തുകളിൽ നിന്നുമാണ്.

മാതാവിന്റെ നിത്യ ഉറക്കത്തിന്റെ പള്ളിയുടെ പ്രവേശനകവാടം

മാതാവിന്റെ നിത്യ ഉറക്കവും സംസ്കാര – സ്വർഗാരോപണങ്ങളും അനുസ്മരിച്ചുകൊണ്ട് ജെറുസലേമിൽ രണ്ടു ദൈവാലയങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു: സെഹിയോൻ മലയിലെ മാതാവിന്റെ നിത്യ ഉറക്കത്തിന്റെ പള്ളിയും (Dormition Abbey), കെദ്രോൻ താഴ്വരയിലെ മാതാവിന്റെ കല്ലറപ്പള്ളിയും. ഇതിൽ രണ്ടാമത്തെ ദൈവാലയം തന്നെയാണ് മാതാവിന്റെ സ്വർഗാരോപണത്തിന്റെ സ്ഥലവും.

സെനക്കിൾ

ഇപ്പോൾ സീയോന്‍ മലയിൽ ഈശോയുടെ വിശുദ്ധ കുര്‍ബാന സ്ഥാപനത്തെയും പരിശുദ്ധ അമ്മയുടെ നിത്യ ഉറക്കത്തെയും അനുസ്മരിച്ച് രണ്ടു ദൈവാലയങ്ങളാണുള്ളത്. എന്നാൽ നാലാം നൂറ്റാണ്ടിൽ സീയോന്‍ മലയിൽ ഇവ രണ്ടിനെയും അനുസ്മരിച്ചുകൊണ്ട് ഹാഗിയാ സീയോന്‍ (Hagia Sion) എന്നപേരിൽ ഒരു ദൈവാലയം മാത്രമാണ് നിർമ്മിക്കപ്പെട്ടത്. വളരെ വലിയ ദൈവാലയമായിരുന്ന ഈ ബസലിക്കയിൽ ഈശോയുടെ വിശുദ്ധ കുര്‍ബാനസ്ഥാപനത്തെ അനുസ്മരിച്ച് സെനക്കിളിന്റെയും പരിശുദ്ധ അമ്മയുടെ നിത്യ ഉറക്കത്തെന്റെയും ചാപ്പലുകൾ ഉണ്ടായിരുന്നു.സെനക്കിള്‍ രണ്ടുനിലകളിലായാണ് പണിതത്. താഴത്തെ നിലയില്‍ യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിക്കുന്ന ചാപ്പലായിരുന്നു ഉണ്ടായിരുന്നത്. മുകളിലത്തെ നിലയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപനവും പരിശുദ്ധാത്മാവിന്റെ ആഗമനവും അനുസ്മരിക്കുന്ന ചാപ്പല്‍.

മാതാവിന്റെ കല്ലറപ്പള്ളിയുടെ പ്രവേശനകവാടം

ഹാഗിയാ സീയോന്‍ ബസലിക്ക ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യക്കാര്‍ തകര്‍ത്തുകളഞ്ഞു. പിന്നീട് ജെറുസലേമിലെ പാത്രിയര്‍ക്കീസ് ആയിരുന്ന മൊഡസ്തൂസ് ആ ദൈവാലയം പുതുക്കി  നിര്‍മ്മിച്ചു. പിന്നീട് 1009 ൽ മുസ്ലീം ആക്രമണത്തില്‍ വീണ്ടും തകര്‍ക്കപ്പെട്ട ഹാഗിയാ സീയോന്‍ പള്ളി കുരിശുയുദ്ധക്കാര്‍ പുതുക്കിനിര്‍മ്മിച്ചു. അവര്‍ നിര്‍മ്മിച്ച ദൈവാലയം ‘സെഹിയോൻ മലയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ബസലിക്ക’ (Santa Maria in Mounte Sion) എന്നപേരിലായിരുന്നു അറിയപ്പെട്ടത്. ഈ പള്ളി സംരക്ഷിച്ചിരുന്നത് അഗസ്തീനിയന്‍ സന്യാസികളായിരുന്നു. അവരുടെ താമസത്തിനുവേണ്ടി ഒരു ആശ്രമവും ദൈവാലയത്തോടു ചേര്‍ന്ന് കുരിശുയുദ്ധക്കാര്‍ തയ്യാറാക്കിയിരുന്നു. 1219 ല്‍ ഈജിപിത് രാജാവിന്റെ നിര്‍ദേശമനുസരിച്ച് ഈ ബസലിക്ക തകര്‍ത്തുകളഞ്ഞു.

മാര്‍പാപ്പയുടെ  കൽപനപ്രകാരം വിശുദ്ധനാട് സംരക്ഷിക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ സീയോന്‍ മലയില്‍ താമസിച്ചുകൊണ്ട് ഈ സ്ഥലത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. ഫ്രാന്‍സിസ്‌കന്‍ സുപ്പീരിയര്‍ ആയിരുന്ന ഫാ. റോജര്‍ഫാരന്‍ സീയോന്‍ മലയിലെ സെനക്കിള്‍ ഉണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കുകയും വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് അവിടെ ദൈവാലയം നിര്‍മ്മിക്കുകയും സംരക്ഷിക്കുകയും ചെയ്തുപോന്നു. ഈ ദൈവാലയത്തിൽ അന്ത്യ അത്താഴത്തിന്റെ അനുസ്മരണം മാത്രമാണ് ഉണ്ടായിരുന്നത്.

1898 ല്‍  സെനക്കിളിന്റെ നേരെ മുന്നിലുണ്ടായിരുന്ന, ആദ്യത്തെ ഹാഗിയാ സീയോന്‍ ദൈവാലയത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്ന ഒരു ഭാഗം (പരിശുദ്ധ അമ്മയുടെ നിത്യ ഉറക്കത്തെന്റെയും ചാപ്പലുണ്ടായിരുന്ന ഭാഗം) തുര്‍ക്കി സുല്‍ത്താനായ അബ്ദുള്‍ ഹമീദ് ജര്‍മ്മന്‍ ചക്രവര്‍ത്തിയായ കൈസർ വില്യം രണ്ടാമനു സമ്മാനമായി നല്‍കി. വില്യം രണ്ടാമന്‍ അത് കൊളോണ്‍ രൂപതയെ ഏല്‍പിക്കുകയും കൊളോണ്‍ രൂപത   അത് ബനഡിക്ടന്‍ സന്യാസിമാര്‍ക്കു കൈമാറുകയും ചെയ്തു.

ഇപ്പോഴത്തെ ദൈവാലയത്തിന്റെ അൾത്താരയുടെ കീഴിലുള്ള, മാതാവിന്റെ നിത്യ ഉറക്കത്തിന്റെ രൂപം സ്ഥാപിച്ചിരിക്കുന്ന ക്രിപ്റ്റിന്റെ നിർമ്മാണം 1904 ൽ പൂർത്തിയാക്കി. 1906 ലാണ് ബെനഡിക്ടന്‍ സന്യാസിമാര്‍ ഇവിടെ താമസം തുടങ്ങുന്നത്. 1910 ൽ നിത്യ ഉറക്കത്തിന്റെ ദൈവാലയം ആരാധനയ്ക്കായി സമർപ്പിച്ചുവെങ്കിലും നിർമ്മാണം പൂർത്തിയായത് 1926 ലാണ്. മറിയത്തിന്റെ നിത്യ ഉറക്കത്തിന്റെ ഈ ദൈവാലയം ഡോർമിസിയോ (Dormitio) എന്ന പേരിലാണ് അറിയപ്പെടുന്നത്. 1951 ല്‍ ബെനഡിക്ടന്‍ സന്യാസിമാരുടെ ആശ്രമം പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിലേക്ക് ഉയർത്തപ്പെട്ടു.

മാതാവിന്റെ നിത്യ ഉറക്കത്തിന്റെ രൂപം

കെദ്രോൻ താഴ്വരയിലെ മാതാവിന്റെ കല്ലറയ്ക്കു മുകളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ദൈവാലയം തന്നെയാണ് മാതാവിന്റെ സ്വർഗാരോപണത്തിന്റെ അനുസ്മരണസ്ഥലവും. ഇവിടെവച്ചാണ് തോമാശ്ലീഹാ മാതാവിനെ സ്വർഗത്തിലേക്കു സംവഹിക്കപ്പെടുന്നതായി ദർശിക്കുന്നത്. യേശു ഗത്സമെൻ തോട്ടത്തില്‍ പ്രാർഥിക്കുന്ന സമയത്ത് ബാക്കി എട്ടു ശിഷ്യന്മാര്‍ ഇരുന്ന ഗത്സമെൻ തോട്ടത്തിലെ ഗ്രോട്ടോ ഈ ദൈവാലയത്തിന്റെ പ്രവേശനകവാടത്തിന്റെ വലതുവശത്താണ്. ‘ഗുരോ സ്വസ്തി’   എന്നുപറഞ്ഞ് യേശുവിനെ ചുംബിച്ച് യൂദാസ് യേശുവിനെ  ഒറ്റിക്കൊടുത്തതും ഈ ഗ്രോട്ടോയില്‍ വച്ചാണ്.

മാതാവിന്റെ കല്ലറപ്പള്ളിയുടെ പ്രവേശനകവാടം കഴിഞ്ഞാൽ പടികളിറങ്ങി വേണം മാതാവിന്റെ കല്ലറയിലെത്താൻ. ഏതാണ്ട് പകുതിയോളം പടികൾ ഇറങ്ങിക്കഴിഞ്ഞാൽ ഇടതു-വലതു ഭാഗത്തു കാണുന്ന അൾത്താര, മാതാവിന്റെ മാതാപിതാക്കളായ അന്നായുടെയും യോവാക്കിമിന്റെയും പേരുകളിലാണ് സമർപ്പിച്ചിരിക്കുന്നത്. ഇടതുഭാഗത്ത അൾത്താര വി. യൗസേപ്പിതാവിന്റെ നാമത്തിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.

ഗത്സമെൻ തോട്ടത്തിലെ ഗ്രോട്ടോ

പടികൾ ഇറങ്ങിക്കഴിഞ്ഞാൽ വലതുഭാഗത്തു കാണുന്ന കല്ലിൽ കൊത്തിയെടുത്തിരിക്കുന്ന കല്ലറയാണ് മാതാവിന്റേത്. കല്ലറയുടെ പിൻഭാഗത്ത് പാലസ്തിനയുടെ റാണിയായ ജെറുസലേം മാതാവിന്റെ രൂപം സ്ഥാപിച്ചിരിക്കുന്നു. വിശ്വാസികൾക്ക് രൂപം തൊട്ടുവണങ്ങുന്നതിനായി പടികളും സ്ഥാപിച്ചിട്ടുണ്ട്. പൗരസ്ത്യ പാരമ്പര്യമനുസരിച്ച്, അലങ്കരിച്ചിരിക്കുന്ന മാതാവിന്റെ കല്ലറയും അത് ഉൾക്കൊള്ളുന്ന ദൈവാലയവും ഇപ്പോൾ മാറോണിത്ത ഓർത്തഡോസ് സഭയുടെ അവകാശത്തിലാണുള്ളത്. മറോണിത്ത സന്യാസികളുടെ ആശ്രമത്തിലേക്കുള്ള വാതിൽപടികളുടെ നേരെ എതിർവശത്തുള്ള ഭിത്തിയിൽ കാണാം. കല്ലറയുടെ എതിർവശത്തുള്ള ഭിത്തിക്കപ്പുറം കാണാനാവില്ലെങ്കിലും കെദ്രോൻ അരുവി ഇപ്പോഴും ഒഴുകുന്നുണ്ട്.

മാതാവിന്റെ നിത്യ ഉറക്കത്തിന്റെ പള്ളി

മർത്യശരീരത്തിന്റെ അജീർണ്ണതയെ അതിലംഘിച്ച് സ്വർഗത്തിലേക്കു കരേറിയ പരിശുദ്ധ കന്യാകാമറിയം നമ്മുടെ മുന്നോടിയും നമുക്കെല്ലാം മാതൃകയുമാണ്. സ്വർഗത്തിന്റെ നിത്യതയെ പുൽകാൻ ഭൂമിയിൽ ദൈവഹിതാനുസരണത്തിന്റെയും സഹനത്തിന്റെയും വിശുദ്ധിയുടെയും പരസ്നേഹത്തിന്റെയും പാത പിഞ്ചെല്ലണമെന്ന് മാതാവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

നമുക്കു പ്രാർഥിക്കാം, പരിശുദ്ധ അമ്മേ, ഞങ്ങളുടെ ആത്മശരീരങ്ങൾ നിത്യസൗഭാഗ്യത്തിനായി സൃഷ്ടിക്കപ്പെട്ടതാണെന്ന അവബോധം ഞങ്ങൾക്കു നൽകണമേ. ഈ ലോകസുഖങ്ങളിൽ മതിമറക്കാതിരിക്കാനും സങ്കടങ്ങളിൽ തകരാതിരിക്കാനും അത് ഞങ്ങളെ സഹായിക്കട്ടെ. അങ്ങയെപ്പോലെ ഞങളുടെ ജീവിതങ്ങളെ ദൈവമഹത്വത്തിനും പരസ്നേഹ പ്രവർത്തികൾക്കുമായി ഞങ്ങൾക്കായി പ്രാർഥിക്കേണമേ. സ്വർഗോന്മുഖരായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ, ആമ്മേൻ.

ഡോ. പോൾ കുഞ്ഞാനയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.