ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ആഗസ്റ്റ് 15

1947 ആഗസ്റ്റ് 15 നാണ് ഭാരതം വൈദേശികാധിപത്യത്തിൽ നിന്നു സ്വതന്ത്രമായത്. നൂറ്റാണ്ടുകളോളം ബ്രിട്ടന്റെ കോളനിയായിരുന്ന ഇന്ത്യ അതോടെ സമ്പൂർണ അധികാരങ്ങളുള്ള പുതിയ രാജ്യമായി മാറി. പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ആദ്യ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഇന്ത്യാഗേറ്റിനു സമീപമുള്ള പ്രിൻസസ് പാർക്കിൽ അദ്ദേഹം ആദ്യമായി സ്വതന്ത്ര ഇന്ത്യയുടെ ദേശിയപതാക ഉയർത്തി. പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്താൻ തുടങ്ങിയതു മുതലാണ് ഇന്ത്യയിൽ വൈദേശിക സാന്നിധ്യം ഉണ്ടായത്. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനികശക്തിയിലൂടെ പ്രാദേശികരാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു. ബ്രിട്ടന്റെ രാഷ്ട്രീയ കടന്നുകയറ്റത്തെ ചെറുക്കാൻ 1885 ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങളും മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ സമരമുറകളും ആരംഭിച്ചു. അവയുടെ പരിണിതഫലമായാണ് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കു ചുവടുവച്ചത്.

2021 ആഗസ്റ്റ് 15 നാണ് താലിബാൻ സൈന്യം അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തത്. അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്ന് പിന്മാറിയതോടെയാണ് താലിബാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ച് സർക്കാരിനോട് നിരുപാധികം കീഴടങ്ങാൻ ആവശ്യപ്പെട്ടത്. അതോടെ പ്രസിഡന്റായിരുന്ന അഷ്റഫ് ഗനി രാജ്യം വിടുകയായിരുന്നു. വേൾഡ് ട്രേഡ് സെന്ററിലും പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും അൽക്വയ്ദ നടത്തിയ ഭീകരാക്രമണത്തിനു പകരംചോദിക്കാൻ രണ്ടു പതിറ്റാണ്ടു മുമ്പ് അഫ്ഗാനിസ്ഥാനിൽ അമേരിക്ക ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിനെ തുടർന്ന് മെയ് മാസത്തിലാണ് തെക്കൻ അഫ്ഗാനിലെ ഹെൽമന്ദ് പ്രവിശ്യയിൽ താലിബാൻ ആക്രമണം തുടങ്ങിയത്. മറ്റു പ്രവിശ്യകളിലേക്കുകൂടി വ്യാപിച്ച അക്രമങ്ങൾക്കൊടുവിലാണ് ആഗസ്റ്റ് 15 ന് താലിബാൻ കാബൂൾ പിടിച്ചെടുത്ത് അധികാരത്തിലെത്തിയത്.

ഇരുപതാം നൂറ്റാണ്ടിലെ എഞ്ചിനീയറീങ്ങ് വിസ്മയങ്ങളിലൊന്നായ പനാമ കനാൽ കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത് 1914 ആഗസ്ത് 15 നാണ്. അറ്റ്ലാന്റിക്  പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുകയും വടക്ക്–തെക്ക് അമേരിക്കൻ ഭൂഖണ്ഡങ്ങളെ വേർതിരിക്കുകയും ചെയ്യുന്ന കൃത്രിമ ജലപാതയാണ് പനാമ കനാൽ. ഇത് തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ദൈർഘ്യമേറിയതും അപകടകരവുമായ കേപ് ഹോൺ റൂട്ട് ഒഴിവാക്കാൻ നാവികരെ സഹായിക്കുന്നു. 1881 ൽ ഫ്രെഞ്ചുകാർ കനാലിന്റെ പണി തുടങ്ങിയെങ്കിലും എൻജിനീയറിങ് പ്രശ്നങ്ങളും മഞ്ഞപ്പനി മൂലമുളള ഉയർന്ന തൊഴിലാളി മരണനിരക്കും കാരണം നിർമാണപ്രവർത്തികൾ നിർത്തിവച്ചു. 1904 ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഈ പദ്ധതി ഏറ്റെടുക്കുകയും 1914 ൽ കനാൽ തുറന്നുകൊടുക്കുകയും ചെയ്തു. 1977 ൽ ടോറിജോസ്കാർട്ടർ ഉടമ്പടികൾ പ്രകാരം പനാമയ്ക്കു കൈമാറുന്നതുവരെ കനാലിന്റെയും ചുറ്റുമുള്ള പനാമ കനാൽ സോണിന്റെയും നിയന്ത്രണം യുഎസ് തുടർന്നു. ഇപ്പോൾ ഇത് നിയന്ത്രിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും സർക്കാർ ഉടമസ്ഥതയിലുള്ള പനാമ കനാൽ അതോറിറ്റിയാണ്.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.