ഇ.എസ്.എ: പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കുമ്പോഴും സർക്കാരിന്റെ നടപടിക്രമം അവ്യക്തമായി തുടരുന്നത് ആശങ്കാജനകം: മേജർ ആർച്ചുബിഷപ്പ്

പശ്ചിമഘട്ട പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ഏഴാമത്തെ കരട് വിജ്ഞാപനത്തെകുറിച്ചുള്ള പരാതികളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 25-ന് അവസാനിക്കാനിരിക്കേ, ഇ.എസ്.എ. പരിധി സംബന്ധിച്ച കൃത്യമായ വിവരങ്ങളും ഭൂപടങ്ങളും തയ്യാറാക്കി ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് സമർപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ആവശ്യപ്പെട്ടു.

“പന്ത്രണ്ടു വർഷത്തിലേറെയായി തുടരുന്ന ഇ.എസ്.എ. നിർണയ നടപടിക്രമങ്ങൾ വഴി മലയോര ജനതയുടെ ആശങ്കകൾക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല ആദ്യത്തെ കരട് വിജ്ഞാപനത്തിലെ വീഴ്ചകൾതന്നെയാണ് ഇപ്പോഴും തുടർന്നു പോരുന്നത് എന്നത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. അതായത് 2026 ജൂലൈ 27ന് പുറത്തിറക്കിയ ഏഴാമത്തെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇ.എസ്.എ.യായി നിർദേശിച്ചിരിക്കുന്നു. അതിനാൽതന്നെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇ.എസ്. എ യുടെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന ആശങ്ക ശക്തമാണ്.” മാർ റാഫേൽ തട്ടിൽ പറഞ്ഞു. കരട് വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നതുപോലെ ഇ.എസ്.എ. പരിധിയിൽ വരുന്ന പ്രദേശങ്ങൾ പരിശോധിച്ച് പരാതി നൽകുവാൻതക്കവിധം വില്ലേജ്-തല ജിയോ കോഡിനേറ്റ് മാപ്പുകൾ ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. മലയാളഭാഷയിൽ കരടുവിജ്ഞാപനം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന കോടതി ഉത്തരവും നടപ്പിലാക്കിയിട്ടില്ല.

131വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇതര സ്ഥാപനങ്ങളും ടൗൺഷിപ്പുകളും പൂർണ്ണമായും ഒഴിവാക്കി വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വനമേഖലയെയും സംരക്ഷിത മേഖലകളെയും മാത്രം ഉൾപ്പെടുത്തി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും കർഷക സംഘടനകളെയും ജനങ്ങളെയും വിശ്വാസത്തിൽ എടുത്ത്, ഇ എസ് എയുടെ മാപ്പും കൃത്യമായ വിസ്തീർണ്ണവും ഉൾപ്പെടെ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കണമെന്നും മേജർ ആർച്ചുബിഷപ്പ് ആവശ്യപ്പെട്ടു.

2014 മാർച്ച് മാസം പത്താം തീയതി മുതൽ ഇഎസ് എ യുമായി ബന്ധപ്പെട്ട ഏഴ് കരട് വിജ്ഞാപനങ്ങൾ ഇതിനോടകം കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചതുവഴി കടന്നുകൂടിയ ഈ കരട് വിജ്ഞാപനങ്ങളിലെ തെറ്റ് എന്തുകൊണ്ട് സംസ്ഥാന സർക്കാരിന് തിരുത്തി നല്കുവാൻ സാധിക്കാതെ പോയി എന്നത് ആശങ്കപ്പെടുത്തുന്നതാണ്. 131 വില്ലേജുകളുടെ ആകെ വിസ്തീർണ്ണം 129000 ചതുരശ്ര കിലോമീറ്റർ മാത്രമായിരുന്നു.

അതിൽ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉൾപ്പെടെ വരുന്ന ആകെ റവന്യൂ ഭൂമിയുടെ വിസ്തൃതി ഈ 131 വില്ലേജുകളിൽ 3000 ചതുരശ്രകിലോമീറ്ററിൽ താഴെ മാത്രമേ വരുന്നുള്ളൂ എന്നാണ് ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ട് കാണിക്കുന്നത്. ഇത് സംഭവിച്ചത് ഈ വില്ലേജുകളിലെ റവന്യൂ ഭൂമിയെ വനഭൂമിയായി തെറ്റായി രേഖപ്പെടുത്തി ഉമ്മൻ കമ്മിറ്റി നൽകിയതുകൊണ്ടാണ്. ഇത് അടിയന്തരമായി തിരുത്തി നല്കാൻ സർക്കാർ തയ്യാറാകണം.

ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് അടിയന്തരമായി പിൻവലിച്ച് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ ജനകീയ സംഘടനകളെയുംകൂടി ഉൾപ്പെടുത്തി ചർച്ച ചെയ്തു പുതിയ റിപ്പോർട്ടും ശുപാർശകളും തയ്യാറാക്കണം. ആദ്യ കരട് വിജ്ഞാപനത്തിനുശേഷം സംസ്ഥാനം പല റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും, അടിസ്ഥാനപരമായ തെറ്റ് തിരുത്തി കൃത്യമായ ഒരു ഏകീകൃത റിപ്പോർട്ട് കഴിഞ്ഞ 12 വർഷമായിട്ടും മാറിമാറി വന്ന സർക്കാരുകൾ നൽകിയിട്ടില്ല. വനഭൂമിയും സംരക്ഷിത മേഖലകളുംമാത്രം ഉൾക്കൊള്ളുന്ന ഇ. എസ്. എ പ്രദേശങ്ങളുടെ ജിയോ കോഡിനേറ്റ് മാപ്പും കൃത്യമായ ഏരിയയും ഉൾപ്പെടുന്ന ഒരു റിപ്പോർട്ട് ഇതുവരെ സമർപ്പിക്കപ്പെട്ടില്ല എന്നറിയുന്നു. കഴിഞ്ഞ 12 വർഷങ്ങളായി മതിയായ രേഖകൾ ഉള്ള തങ്ങളുടെ ഭൂമിയെ സംബന്ധിച്ച ജനങ്ങളുടെ അവസാനിക്കാത്ത ആശങ്കയും ക്രയവിക്രയങ്ങളിലും ബാങ്ക് ഇടപാടുകളിലും അനുബന്ധ വിഷയങ്ങളിലും നേരിടുന്ന പ്രതിസന്ധികളും പരിഹരിക്കാൻ സർക്കാർ ശ്രമിക്കാത്തത് ജനങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കുകയാണ്.

ഇ എസ് എ കരടു വിജ്ഞാപനവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ സമർപ്പിക്കാൻ പോകുന്ന, റിപ്പോർട്ട് 98 വില്ലേജുകളെ ഉൾപ്പെടുത്തിക്കൊണ്ട് 8590 ചതുരശ്രകിലോമീറ്റർ ഇ എസ് എ ഏരിയ ആണെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് തയ്യാറാക്കി നൽകിയ റിപ്പോർട്ടിന്റെ പതിപ്പ് തന്നെയാണിത് എന്നുവേണം കരുതാൻ. ഈ വില്ലേജുകളിലെ ഇ എസ് എ പരിധിയിൽ ഉൾപ്പെടാവുന്ന ഫോറസ്റ്റ്/ സംരക്ഷിത മേഖല എന്നവകാശപ്പെടുന്ന ഭൂമി വനംവകുപ്പിന്റെ രേഖകൾ അനുസരിച്ച് ഏഴായിരത്തിൽ താഴെ ചതുരശ്ര കിലോമീറ്ററാണ്.

ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ പറ്റിയ തെറ്റാണ് 9107 ചതുരശ്ര മീറ്റർ ഫോറസ്റ്റ് 123 വില്ലേജുകളിൽ എന്നുള്ളത്. ഈ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയിട്ടുള്ള, ഇപ്പോഴത്തെ 98 വില്ലേജുകളിലെ ഫോറസ്റ്റും സംരക്ഷിത പ്രദേശങ്ങളും മാത്രം ഉൾപ്പെടുന്ന 8590 ചതുരശ്രകിലോമീറ്റർ ഇ. എസ്. എ. എന്ന കണക്കും അതിനാൽ തന്നെ തെറ്റാണ് എന്നതാണ് യാഥാർത്ഥ്യം. സർക്കാരിൻറെ ഈ റിപ്പോർട്ട് അനുസരിച്ച് അന്തിമ വിജ്ഞാപനം വന്നാൽ നിലവിൽ 98 വില്ലേജുകളിൽ ഉള്ള 7,000 ൽ താഴെ ചതുരശ്രകിലോമീറ്റർ ഫോറസ്റ്റ് കഴിച്ച് ബാക്കി വരുന്ന 1600ലധികം ചതുരശ്ര കിലോമീറ്റർ ഈ വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും വനഭൂമിയായി കണ്ടെത്തേണ്ടി വരും. അങ്ങനെ സാധാരണക്കാരന്റെ ഭൂമിയിൽ വന നിയമം ബാധകമാകുന്ന ഒരു സാഹചര്യം ഉടലെടുക്കാം. മാർ റാഫേൽ തട്ടിൽ പിതാവ് ചൂണ്ടിക്കാട്ടി.

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. അതോടൊപ്പം, മതിയായ രേഖകളോടെ പതിറ്റാണ്ടുകളായി മലയോര മേഖലകളിൽ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ജനങ്ങളുടെ ജീവിതവും പാർപ്പിടങ്ങളും ഉപജീവനവും സംരക്ഷിക്കപ്പെടണം. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ നിലനിൽപ്പും പരസ്പരവിരുദ്ധമായി കാണാതെ, സുസ്ഥിരവികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് മനുഷ്യനെ പരിഗണിച്ചുകൊണ്ടുള്ള പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. മേജർ ആർച്ചുബിഷപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.