
രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന്റെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും ഭരണഘടനാ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാന്റിൽ വൻ പ്രതിഷേധ റാലിയും പ്രക്ഷോഭവും സംഘടിപ്പിച്ചു. കത്തോലിക്കാ സഭ ഉൾപ്പെടെയുള്ള വിവിധ സഭാവിഭാഗങ്ങളുടെ കൂട്ടായ്മയായ ‘നാഗാലാന്റ് ജോയിന്റ് ക്രിസ്ത്യൻ ഫോറത്തിന്റെ’ (NJCF) നേതൃത്വത്തിലാണ് സംസ്ഥാന തലസ്ഥാനമായ കോഹിമയിൽ അയ്യായിരത്തോളം വിശ്വാസികൾ പങ്കെടുത്ത ഏക്യുമെനിക്കൽ കൂട്ടായ്മ നടന്നത്.
യോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനായി ഒമ്പത് ഇന ആവശ്യങ്ങളടങ്ങിയ നിവേദനം ഗവർണർ എൻ. കെ. യാദവിന് കൈമാറി. സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള നിയമനിർമ്മാണത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു. ക്രമസമാധാന നില മെച്ചപ്പെട്ട സാഹചര്യത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന അഫ്സ്പ (AFSPA) പോലുള്ള കടുത്ത നിയമങ്ങളും പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റ് (PAP) രീതികളും പിൻവലിക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു.
രാജ്യസുരക്ഷയ്ക്കും സുതാര്യതയ്ക്കും വേണ്ടിയുള്ള നിയമങ്ങളെ പ്രോത്സാഹിപ്പിക്കുമെങ്കിലും, അത്തരം നിയന്ത്രണങ്ങൾ ഭൂരിപക്ഷ ആധിപത്യത്തിനും ന്യൂനപക്ഷ വേട്ടയ്ക്കുമായി ദുരുപയോഗം ചെയ്യപ്പെടരുതെന്ന് കോഹിമ ബിഷപ്പ് ജെയിംസ് തോപ്പിൽ ഓർമ്മിപ്പിച്ചു. മതസൗഹാർദ്ദവും ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ കേന്ദ്ര ഭരണകൂടം ഉടനടി ഇടപെടണമെന്ന ശക്തമായ സന്ദേശമാണ് ഈ എക്യുമെനിക്കൽ കൂട്ടായ്മയിലൂടെ നൽകിയിരിക്കുന്നത്.




