ചൈനയിലെ സഭയ്ക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുകയാണ്: ഫ്രാൻസിസ് പാപ്പാ

ചൈനയിലെ സഭയ്ക്കു വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും അവിടെയുള്ള വിശ്വാസികളുടെയും വൈദികരുടെയും സങ്കീർണ്ണമായ ജീവിതവും സാഹചര്യങ്ങളും ശ്രദ്ധയോടെയും സജീവമായും പിന്തുടരുന്നതായും വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. മെയ് 22-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ തീർത്ഥാടകരോടുള്ള സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. എന്നാൽ, അടുത്തിടെ ഹോങ്കോങ്ങിൽ കർദ്ദിനാൾ ജോസഫ് സെൻ സെ-കിയൂണിന്റെ അറസ്റ്റിനെക്കുറിച്ച് മാർപാപ്പ പ്രത്യേകം പരാമർശിച്ചില്ല.

90-കാരനായ ഹോങ്കോങ്ങിലെ മുൻ ബിഷപ്പിനെ മെയ് 11-ന് ചൈനയുടെ ദേശീയ സുരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. കർദ്ദിനാളിനോടൊപ്പം മറ്റ് നാല് പേരെയും അറസ്റ്റു ചെയ്തെങ്കിലും അന്നു തന്നെ ജാമ്യത്തിൽ വിട്ടയച്ചു. മെയ് 24-ന് കർദ്ദിനാൾ സെൻ വീണ്ടും കോടതിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മെയ് 24-ന് ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാൾ ദിനമാണ്. എമിരത്തൂസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ 2007-ൽ ഈ തിരുനാൾ ദിനത്തിൽ ചൈനയിലെ സഭയ്ക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാനുള്ള ദിനമായി പ്രഖ്യാപിച്ചിരുന്നു. ചൈനയിലെ ഷാങ്ഹായിലെ ക്രിസ്ത്യാനികളുടെ സഹായമായ മാതാവിനോട് പ്രത്യേക മാദ്ധ്യസ്ഥം വഹിക്കുന്ന ദൈവാലയത്തിൽ ചൈനീസ് കത്തോലിക്കർ അന്നേ ദിനം പ്രത്യേക പ്രാർത്ഥനകൾ നടത്തിവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.