
ജനനം മുതൽ സ്വാഭാവികമായ മരണംവരെയും എല്ലാ സാഹചര്യങ്ങളിലും മനുഷ്യജീവൻ സംരക്ഷിക്കണമെന്ന് അനുസ്മരിപ്പിച്ച് വലൻസിയ ആർച്ചുബിഷപ്പ് എൻറിക് ബനവന്റ് വിദാൽ. മാർച്ച് 25 ന് ആചരിക്കുന്ന ഗർഭസ്ഥ ശിശുദിനത്തോടനുബന്ധിച്ചുള്ള ആഹ്വാനത്തിലാണ് അദ്ദേഹം ഇപ്രകാരം പങ്കുവച്ചത്.
കർത്താവിന്റെ മനുഷ്യാവതാരത്തെക്കുറിച്ച് പരിശുദ്ധ കന്യകാമറിയത്തിന് മാലാഖ നൽകിയ അറിയിപ്പ് അനുസ്മരിക്കുന്ന മംഗളവാർത്ത തിരുനാളും ഗർഭസ്ഥ ശിശുക്കളുടെ ദിനവും ഒരേ ദിവസം ആഘോഷിക്കുന്ന സാഹചര്യത്തിൽ “ജീവൻ സംരക്ഷിക്കുന്നത് പ്രത്യാശ വിതയ്ക്കുന്നതാണ്” എന്ന തലക്കെട്ടിൽ അദ്ദേഹം ഒരു കത്ത് പ്രസിദ്ധീകരിച്ചു. എല്ലാ മനുഷ്യരുടെയും ജീവനും അന്തസ്സും സംരക്ഷിച്ചു പ്രത്യാശയുടെ വിത്തുകൾ വിതക്കാൻ ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം അതിൽ ചൂണ്ടിക്കാട്ടി.
“നമ്മുടെ ലോകത്ത് മാനുഷികമായ പ്രതീക്ഷയോടെ ജീവിക്കാൻ യാതൊരു സാധ്യതകളും ഇല്ലാത്ത അനേകം പേരുണ്ട്” എന്ന് ആർച്ചുബിഷപ്പ് അനുസ്മരിപ്പിച്ചു. രോഗികളുടെയും യുവാക്കളുടെയും കുടിയേറ്റക്കാരുടെയും പ്രവാസികളുടെയും പ്രായമായവരുടെയും പാവപ്പെട്ടവരുടെയും പുതിയ ജീവനെ സ്വീകരിക്കാൻ ഭയപ്പെടുന്ന കുടുംബങ്ങളുടെയും ഹൃദയങ്ങളിൽ പ്രത്യാശ വിതയ്ക്കാൻ 2025ലെ ജൂബിലി വർഷം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.




