
ആഭ്യന്തര യുദ്ധത്തിന്റെ കടുത്ത ആഘാതങ്ങളിൽ നിന്ന് കരകയറുന്നതിന്റെ പ്രത്യാശ പകർന്ന്, മധ്യ സിറിയൻ നഗരമായ ഗസ്സാനിയേയിൽ 14 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി വീണ്ടും വിശുദ്ധ കുർബാന അർപ്പണം നടന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഈ പ്രദേശത്ത് ബൈസാന്റൈൻ ആരാധനാക്രമങ്ങൾ പുനരാരംഭിക്കുന്നത്.
2011-ൽ സിറിയയിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കടുത്ത അക്രമങ്ങൾക്കും തീവ്രവാദ സംഘടനകളുടെ അധിനിവേശത്തിനും ഇരയായ പ്രദേശങ്ങളിലൊന്നാണ് ഗസ്സാനിയേ. സുരക്ഷാ ഭീഷണിയെത്തുടർന്ന് ഇവിടുത്തെ ഭൂരിഭാഗം ക്രൈസ്തവ കുടുംബങ്ങളും ജന്മനാട് ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായിരുന്നു. ആരാധനാലയങ്ങൾ തകർക്കപ്പെടുകയും പതിറ്റാണ്ടുകളായി തുടർന്നുപോന്ന വിശ്വാസപരമായ ഒത്തുചേരലുകൾ പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു.
വളരെ വികാരനിർഭരമായ അന്തരീക്ഷത്തിലായിരുന്നു നീണ്ട വർഷങ്ങൾക്ക് ശേഷമുള്ള ഈ ദിവ്യബലി. യുദ്ധത്തിൽ തകർന്നടിഞ്ഞ ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ, താൽക്കാലികമായി ഒരുക്കിയ ബലിപീഠത്തിന് ചുറ്റും ഒത്തുകൂടിയ വിശ്വാസികൾ ബൈസാന്റൈൻ കീർത്തനങ്ങൾ ആലപിച്ചപ്പോൾ അവിടുത്തെ അന്തരീക്ഷം ഭക്തിസാന്ദ്രമായി മാറി. സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളായ സിറിയൻ ക്രൈസ്തവർക്ക് ഈ തിരുക്കർമ്മങ്ങൾ നൽകുന്നത് വലിയ പ്രതീക്ഷയാണ്.




