
“അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം” എന്ന് മറ്റ് ശിഷ്യന്മാരോടു പറയുന്നത് തോമസാണ്. ഈ പറയുന്നതിന്റെ പശ്ചാത്തലം ശ്രദ്ധേയമാണ്. “അവന്‍ രോഗിയായി എന്നുകേട്ടിട്ടും യേശു, താന്‍ താമസിച്ചിരുന്ന സ്ഥലത്തു തന്നെ രണ്ടു ദിവസം കൂടി ചിലവഴിച്ചു” (6). താന്‍ സ്‌നേഹിച്ചിരുന്നവന്‍ രോഗിയായിട്ടും തനിക്ക് പ്രിയപ്പെട്ടവര്‍ ആ വാര്‍ത്ത അറിയിച്ചിട്ടും യേശു ഉടന്‍ തന്നെ അവിടേക്ക് യാത്ര പുറപ്പെടുന്നില്ല.
അര്‍ഥനകള്‍ക്ക് ദൈവം പെട്ടെന്ന് പ്രത്യുത്തരം നല്‍കുന്നില്ല എന്ന പരാതി നമ്മള്‍ ഉയര്‍ത്തുമ്പോള്‍ ഈ വചനഭാഗം വായിച്ച് ധ്യാനിക്കേണ്ടതാണ്. കാരണം, നമ്മുടെ സമയമല്ല ദൈവത്തിന്റേത് എന്ന കൃത്യമായ സന്ദേശം ഈ ഭാഗം നമുക്ക് സമ്മാനിക്കുന്നുണ്ട്. രോഗത്തില്‍ നിന്ന് ലാസറിന് സൗഖ്യം നല്‍കുകയായിരുന്നില്ല യേശുവിന്റെ ലക്ഷ്യം, മറിച്ച് മരണത്തില്‍ നിന്ന് ലാസറിനെ ഉയിര്‍പ്പിക്കുക എന്നതായിരുന്നു. രോഗത്തില്‍ നിന്ന് സൗഖ്യം നല്‍കുന്നതിനേക്കാള്‍ വലുതാണല്ലോ, മരണത്തില്‍ നിന്ന് ഉയിര്‍പ്പ് നല്‍കുന്നത്. നമ്മെക്കുറിച്ച് നമ്മേക്കാളും വലിയ പദ്ധതികൾ ഉള്ളവനും നടപ്പിലാക്കുന്നവനുമാണ് യേശു എന്ന ബോധ്യം നമ്മില്‍ ഉറയ്ക്കട്ടെ. “നമുക്കും അവനോടു കൂടെ പോയി മരിക്കാം” എന്ന തോമാശ്ലീഹായുടെ വാക്കുകൾ നമ്മിലും കരുത്ത് നിറയ്ക്കട്ടെ. ജീവിതമാണെങ്കിലും മരണമാണെങ്കിലും അത് യേശുവിനൊപ്പം മാത്രം.
ഫാ. ജി. കടൂപ്പാറയില്‍ MCBS




