
ഒരു നല്ല നേതാവ് എന്നത് ജോലികൾക്ക് നേതൃത്വം നൽകുകയോ നിർദേശങ്ങൾ നൽകുകയോ ചെയ്യുന്ന ഒരാൾ മാത്രമല്ല. തന്റെ ഓരോ തീരുമാനവും മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കി, എല്ലാവരുടെയും നന്മയും സ്ഥാപനത്തിന്റെ വളർച്ചയും ഒരുപോലെ പരിഗണിച്ച് പ്രവർത്തിക്കുന്ന വ്യക്തിയാണ് യഥാർഥ നേതാവ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഒരു ടീമിനെയോ സ്ഥാപനത്തെയോ വിജയത്തിലേക്ക് നയിക്കാൻ ഉത്തരവാദിത്തബോധമുള്ള നേതൃത്വത്തിന് വലിയ പ്രാധാന്യമുണ്ട്. നല്ല നേതാക്കൾക്ക് ആവശ്യമായ പത്തു ഗുണങ്ങൾ പരിചയപ്പെടാം.
1. ആവശ്യമായ സമയത്ത് കൃത്യമായ തീരുമാനങ്ങൾ എടുക്കും
ഉത്തരവാദിത്തമുള്ള നേതാക്കൾക്ക് എല്ലാ തീരുമാനങ്ങളും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടണമെന്നില്ലെന്ന് അറിയാം. അതുകൊണ്ട് സാഹചര്യത്തിന് അനുസരിച്ച് ആവശ്യമായ സമയത്ത് ധൈര്യത്തോടെ തീരുമാനങ്ങൾ എടുക്കാനും, അതിന്റെ നല്ലതും മോശവുമായ ഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അവർ മടിക്കാറില്ല.
2. എല്ലാവരുടെയും അഭിപ്രായം കേൾക്കും
ഒരു നല്ല നേതാവ് ജീവനക്കാർ, ഉപഭോക്താക്കൾ, പങ്കാളികൾ തുടങ്ങി എല്ലാവരുടെയും അഭിപ്രായങ്ങൾ ശ്രദ്ധയോടെ കേൾക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നത് മികച്ച തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും.
3. എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കും
ഉത്തരവാദിത്തമുള്ള നേതാക്കൾ ഓരോ വ്യക്തിയുടെയും കഴിവിനും ആശയങ്ങൾക്കും വില നൽകുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളും അനുഭവങ്ങളും ഉള്ള ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മികച്ച ആശയങ്ങളും മികച്ച ഫലങ്ങളും ഉണ്ടാകുമെന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ട് എല്ലാവർക്കും തുല്യ അവസരവും ബഹുമാനവും ലഭിക്കുന്ന തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ അവർ എപ്പോഴും ശ്രമിക്കും.
4. പുതിയ കാര്യങ്ങൾ പഠിക്കാൻ എപ്പോഴും തയ്യാറായിരിക്കും
ലോകം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് പുതിയ അറിവുകളും കഴിവുകളും നേടാൻ ഉത്തരവാദിത്തമുള്ള നേതാക്കൾ എപ്പോഴും ശ്രമിക്കും.
5. ഭാവിയെ മുൻനിർത്തി തീരുമാനങ്ങൾ എടുക്കും
ഉത്തരവാദിത്തമുള്ള നേതാക്കൾ തൽക്ഷണ നേട്ടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. സ്ഥാപനത്തിന്റെ ദീർഘകാല വളർച്ചയും വിജയവും ഉറപ്പാക്കുന്ന തീരുമാനങ്ങളാണ് അവർ സ്വീകരിക്കുന്നത്. അതോടൊപ്പം പരിസ്ഥിതിയുടെയും സമൂഹത്തിന്റെയും നന്മയെ കൂടി പരിഗണിച്ച് പ്രവർത്തിക്കാൻ അവർ ശ്രദ്ധിക്കുന്നു. ഇത്തരത്തിലുള്ള സമീപനമാണ് ഒരു സ്ഥാപനത്തിന് സ്ഥിരതയുള്ള വളർച്ച നേടാൻ സഹായിക്കുന്നത്.
6. തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധമുള്ളവരായിരിക്കും
ഉത്തരവാദിത്തമുള്ള നേതാക്കൾ ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് അത് ജീവനക്കാരെയും സ്ഥാപനത്തെയും സമൂഹത്തെയും എങ്ങനെ ബാധിക്കുമെന്ന് ശ്രദ്ധാപൂർവം വിലയിരുത്തും. ഓരോ തീരുമാനത്തിനും ചില പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന് അവർ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ആലോചിച്ചും ഉത്തരവാദിത്തത്തോടെയും തീരുമാനങ്ങൾ എടുക്കാൻ അവർ എപ്പോഴും ശ്രമിക്കും.
7. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ ശ്രമിക്കും
പ്രശ്നങ്ങൾ അവഗണിക്കാതെ, സമയത്ത് തന്നെ പരിഹരിക്കാൻ നല്ല നേതാക്കൾ ശ്രമിക്കും. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിയും.
8. മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കും
മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനും അവരുടെ ബുദ്ധിമുട്ടുകളിൽ പിന്തുണ നൽകാനും അവർ തയ്യാറായിരിക്കും. ഇത് വിശ്വാസവും നല്ല ബന്ധവും വളർത്താൻ സഹായിക്കും.
9. നല്ല മാറ്റങ്ങൾക്ക് നേതൃത്വം നൽകും
മാറ്റങ്ങളെ ഭയപ്പെടാതെ, സ്ഥാപനത്തിനും സമൂഹത്തിനും ഗുണം ചെയ്യുന്ന പുതിയ ആശയങ്ങളും രീതികളും സ്വീകരിക്കാൻ അവർ മുന്നിട്ടിറങ്ങും.
10. ധാർമ്മിക മൂല്യങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകും
ഉത്തരവാദിത്തമുള്ള നേതൃത്വം എന്നത് അധികാരം പ്രകടിപ്പിക്കുന്നതല്ല, മറിച്ച് വിശ്വാസം നേടുകയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നതാണ്. കൃത്യമായ തീരുമാനങ്ങൾ എടുക്കുക, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുക, പുതിയ അറിവുകൾ നേടുക, എല്ലാവരെയും ബഹുമാനിക്കുക, ശരിയായ മൂല്യങ്ങൾ പിന്തുടരുക എന്നിവ ഒരു മികച്ച നേതാവിന്റെ പ്രധാന ഗുണങ്ങളാണ്. ഈ ഗുണങ്ങൾ ജീവിതത്തിൽ വളർത്തിയെടുക്കാൻ കഴിഞ്ഞാൽ, ഒരു സ്ഥാപനത്തെയോ ടീമിനെയോ വിജയത്തിലേക്ക് നയിക്കാൻ മാത്രമല്ല, സമൂഹത്തിന് നല്ല മാതൃകയാകാനും ഓരോ നേതാവിനും കഴിയും.
വിവർത്തനം: ഡിൻസി തോമസ്




