ഈശോയുടെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച് ജൂൺ 12-ന് ആചരിച്ച ആഗോള വൈദിക വിശുദ്ധീകരണ പ്രാർഥനാ ദിനത്തിൽ, പുരോഹിതർക്ക് ശക്തമായ സന്ദേശവുമായി ലെയോ പതിനാലാമൻ മാർപാപ്പ. ക്രിസ്തുവുമായുള്ള ആഴമായ ഐക്യത്തിൽ നിന്ന് വിശുദ്ധി വീണ്ടെടുക്കാനും അവിടുത്തെ സ്നേഹത്താൽ രൂപാന്തരപ്പെടാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കാനും മാർപാപ്പ വൈദിക സമൂഹത്തോട് ആഹ്വാനം ചെയ്തു.

പ്രത്യേക ദിനത്തോടനുബന്ധിച്ച് അയച്ച സന്ദേശത്തിൽ, വിശുദ്ധിയിലേക്കുള്ള വിളി എന്നത് പല ഓപ്ഷനുകളിൽ ഒന്നോ അല്ലെങ്കിൽ കേവലം ഒരു ആദർശമോ അല്ലെന്ന് ലെയോ പാപ്പ ഓർമ്മിപ്പിച്ചു. ഉത്ഥിതനായ ക്രിസ്തുവിന്റെ ജീവനിൽ പങ്കുചേരാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും അസ്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ വിളി.
ദൈവം എല്ലാവരെയും തന്റെ സ്വന്തം വിശുദ്ധിയിൽ പങ്കുചേരാൻ ക്ഷണിക്കുന്നുണ്ടെന്നും, പുരോഹിതരെ സംബന്ധിച്ചിടത്തോളം ഈ വിളി ഈശോയുടെ തിരുഹൃദയത്തോട് കൂടുതൽ അനുരൂപപ്പെടുക എന്നതാണെന്നും പാപ്പ വ്യക്തമാക്കി. “നമ്മോട് ആവശ്യപ്പെട്ടിരിക്കുന്ന വിശുദ്ധി എന്നത് പൂർണ്ണമായ ശരണപ്പെടലാണ്; പരിശുദ്ധാത്മാവിനാൽ രൂപാന്തരപ്പെടാൻ നമ്മെത്തന്നെ വിട്ടുകൊടുക്കലാണത്,” മാർപാപ്പ എഴുതി.
“ദൈവത്തിന്റെ അതേ വിശുദ്ധിയിൽ പങ്കുചേരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്, എന്നാൽ ഈ നിധി നാം മൺപാത്രങ്ങളിലാണ് സൂക്ഷിക്കുന്നത്. നമ്മൾ പരിമിതികളും പോരായ്മകളും ഉള്ളവരാണ്; പലപ്പോഴും ബലഹീനതകളും തളർച്ചകളും മുറിവുകളും നമ്മെ വേട്ടയാടാറുണ്ട്. ഈ യാഥാർത്ഥ്യത്തിന് മുന്നിൽ പുരോഹിതന് ശാന്തി ലഭിക്കുന്നത് ക്രിസ്തുവിലാണ്.” പാപ്പ കൂട്ടിച്ചേർത്തു.
ക്രിസ്തുവിന്റെ തിരുഹൃദയവുമായുള്ള ഐക്യം എന്നത് ചുരുക്കം ചിലർക്ക് മാത്രം കരുതിവെച്ചിട്ടുള്ള ഒന്നല്ല, മറിച്ച് വിശുദ്ധ കുർബാന, പ്രാർഥന, ദൈവവചന ധ്യാനം, മറ്റുള്ളവർക്കുള്ള സേവനം എന്നിവയിലൂടെ ഓരോ ദിവസവും ഇത് ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ഓർമ്മിപ്പിച്ചു. അനുദിന ബലിയർപ്പണം, പ്രാർഥന, വചനധ്യാനം, എളിയ ശുശ്രൂഷ എന്നിവയിലൂടെ കൃപാവരത്തിന്റെ ദാനം എപ്പോഴും നമ്മിൽ ജ്വലിപ്പിച്ചു നിർത്തേണ്ടത് ആവശ്യമാണ്.