
ഈ വർഷം അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെ ഏകദേശം 80 പേർ കത്തോലിക്കാ സഭയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയും ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന സംഖ്യയുമാണ്.
“ഞങ്ങളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവരുന്ന വർഷമാണിത്. ഈ വർഷം ഏകദേശം 80 ഓളം ആളുകൾ സഭയിലേക്ക് വരും. അതിനാൽ ഇവിടെ വളരെ ആവേശകരമായ ഒന്നാണ് നടക്കുന്നത്,” സർവകലാശാലയിലെ ബിരുദ വിദ്യാർഥികളുടെ കത്തോലിക്കാ ചാപ്ലയിനായ ഫ്രെഡറിക് നഥാനിയേൽ സാണ്ടേഴ്സ് പറഞ്ഞു.
അതേസമയം, ഹാർവാർഡ് കത്തോലിക്കാ സെന്ററിലും അതിനോട് അനുബന്ധിച്ചുള്ള സെന്റ് പോൾസ് ഇടവകയിലും 80 പേർ സഭയിൽ ചേരാൻ ആഗ്രഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ദി വാൾ സ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുമായി ഈ കണക്കുകൾ ഒത്തുപോകുന്നു. ഈ സംഖ്യ മുൻവർഷത്തേക്കാൾ ഇരട്ടിയാണെന്ന് പത്രം കുറിച്ചു.
അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി രൂപീകരിച്ച ‘ദി ഗ്രേറ്റ് അമേരിക്കൻ റോഡ് ട്രിപ്പ്’ എന്ന പരിപാടിക്കിടെയാണ് ഫാദർ സാണ്ടേഴ്സ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഈ പരിപാടിയിൽ ഒരു കുടുംബം അമേരിക്കയിലുടനീളം യാത്ര ചെയ്യുകയും, അവരുടെ മകൾ പലോമ ഹാർവാർഡ് ഉൾപ്പെടെയുള്ള സർവകലാശാലകൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നു.
ദി വാൾ സ്ട്രീറ്റ് ജേർണലും ഈ വളർച്ച എടുത്തു കാണിച്ചിരുന്നു. കുറച്ചുവർഷങ്ങൾക്ക് മുൻപ് ഞായറാഴ്ചകളിലെ കുർബാനയിൽ 200 ഓളം വിദ്യാർഥികൾ പങ്കെടുത്തിരുന്നിടത്ത് ഇപ്പോൾ ശരാശരി 300 ഓളം വിദ്യാർഥികൾ എത്തുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.




