സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദേശം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്രാടം, തിരുവോണം ദിനങ്ങളിൽ സംസ്ഥാനത്തുടനീളം പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കടലിൽ കനത്ത കാറ്റും പ്രക്ഷുബ്ധമായ അന്തരീക്ഷവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നതിന് കർശന വിലക്കേർപ്പെടുത്തി. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്ന് ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.