ക്രൈസ്തവ വിരുദ്ധ അക്രമം: പാക്കിസ്ഥാനിൽ പ്രതിക്ക് പത്തുവർഷം തടവുശിക്ഷ വിധിച്ച് കോടതി

പാക്കിസ്ഥാനിലെ ഫൈസലാബാദ് ജില്ലയിലെ ജരൻവാലയിലുണ്ടായ ക്രൈസ്തവ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവ് വിധിച്ച് പാക്കിസ്ഥാൻ വിരുദ്ധ ഭീകരവാദ കോടതി (ATC). ഫൈസലാബാദിലെ ഭീകരവാദ വിരുദ്ധ കോടതി ജഡ്ജി വസീം മുബാരിക് ജൂലൈ 13-ന് പുറപ്പെടുവിച്ച വിധിയിൽ ആണ് പ്രധാന പ്രതിയായ ഇർഫാൻ യൂസഫ് വിശുദ്ധ വസ്തുക്കളെ അവഹേളിച്ചതിനും തീവെച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പഞ്ചാബ് പ്രവിശ്യയിലെ ജരൻവാല ടൗണിൽ ഏതാണ്ട് മൂന്ന് വർഷം മുമ്പ് 90 ഓളം ക്രൈസ്തവ ഭവനങ്ങളും 26 ദൈവാലയങ്ങളും തകർക്കാനിടയാക്കിയ സംഭവത്തിലാണ് കോടതിയുടെ ഈ നിർണ്ണായക വിധി. തടവുശിക്ഷയ്ക്ക് പുറമെ പ്രതിക്ക് വൻ തുക പിഴയും കോടതി ചുമത്തിയിട്ടുണ്ട്. കേസിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭീകരവാദ വിരുദ്ധ കോടതി ജഡ്ജി ശിക്ഷ പ്രഖ്യാപിച്ചത്. എന്നാൽ പ്രതിപട്ടികയിലുണ്ടായിരുന്ന മറ്റ് 12 പേരെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി മറ്റ് ജഡ്ജി കുറ്റവിമുക്തരാക്കി.

അക്രമം നടന്ന് മൂന്ന് വർഷത്തോളമാകുന്ന വേളയിൽ വന്നിട്ടുള്ള ഈ കോടതി വിധി പാക്കിസ്ഥാനിലെ ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തിന് നേരിയ ആശ്വാസം നൽകുന്നതാണ്. രാജ്യത്തെ കർശനമായ ഇസ്ലാമിക നിയമങ്ങളും മതനിന്ദാ നിയമങ്ങളും പലപ്പോഴും ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ക്രൈസ്തവർക്കെതിരെ അക്രമം നടത്തുന്നവർ ശിക്ഷിക്കപ്പെടും എന്ന ശക്തമായ സന്ദേശമാണ് ഈ വിധി നൽകുന്നത്.

2023 ഓഗസ്റ്റ് 16 നായിരുന്നു വിധിക്കു ആധാരമായ കലാപം നടന്നത്. ഖുർആൻ അവഹേളിക്കപ്പെട്ടു എന്ന ആരോപണത്തെത്തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം ജരൻവാലയിലെ ക്രൈസ്തവ മേഖലകളിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. കോടതി വിധി സ്വാഗതാർഹമാണെങ്കിലും ജരൻവാലയിലെയും പാക്കിസ്ഥാന്റെ മറ്റ് ഭാഗങ്ങളിലെയും ക്രൈസ്തവർ ഇപ്പോഴും പൂർണ്ണമായ സുരക്ഷിതത്വത്തിലല്ലെന്ന് പ്രാദേശിക സഭാ നേതൃത്വവും മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു. ജരൻവാല സംഭവത്തിൽ ഉൾപ്പെട്ട നൂറുകണക്കിന് അക്രമികളിൽ ഭൂരിഭാഗം പേരും ഇപ്പോഴും നിയമത്തിന് മുന്നിൽ വന്നിട്ടില്ലെന്നും, ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരണകൂടം കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്കാ സന്നദ്ധ സംഘടനകൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.