
ലണ്ടനിലെ ഹോളി ഫാമിലി ഉക്രേനിയൻ രൂപതയുടെ മെത്രാനായ ബിഷപ്പ് കെന്നത്ത് നോവാക്കോവ്സ്കി ഉക്രൈൻ സ്വാതന്ത്ര്യ ദിനത്തിന്റെ 35-ാം വാർഷിക വേളയിൽ രാജ്യത്തിനും ജനങ്ങൾക്കും പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകി. 1991 ഓഗസ്റ്റ് 24-നാണ് ഉക്രൈൻ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. റഷ്യയുമായുള്ള കഠിനമായ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഉക്രേനിയൻ ജനത പ്രകടിപ്പിക്കുന്ന സഹിഷ്ണുതയെയും ദൃഢനിശ്ചയത്തെയും ബിഷപ്പ് പ്രശംസിച്ചു.
“പ്രതിസന്ധികളും പ്രയാസങ്ങളും താനേ അപ്രത്യക്ഷമാകും എന്ന വിശ്വാസമല്ല ക്രിസ്തീയ പ്രത്യാശ; മറിച്ച്, തിന്മയ്ക്കും അനീതിക്കും ഒടുവിൽ വിജയം ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസമാണത്”- ബിഷപ്പ് കെന്നത്ത് നോവാക്കോവ്സ്കി പറഞ്ഞു. 1991-ൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോൾ ഉക്രേനിയൻ ജനത അനുഭവിച്ച സന്തോഷത്തെയും പ്രതീക്ഷകളെയും ഓർമ്മിച്ച അദ്ദേഹം, ഇന്നത്തെ യുദ്ധസാഹചര്യത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിലും കുടുംബങ്ങൾ വേർപിരിയേണ്ടി വന്നതിലും ആഴമായ ദുഃഖം രേഖപ്പെടുത്തി.
യുദ്ധം മൂലം അഭയാർഥികളായി മാറിയ ഉക്രേനിയൻ ജനതയ്ക്ക് വാതിൽ തുറന്നുകൊടുത്ത ബ്രിട്ടീഷ് സർക്കാരിനും വിവിധ സഭാ കൂട്ടായ്മകൾക്കും ചാരിറ്റി പ്രസ്ഥാനങ്ങൾക്കും സാധാരണ കുടുംബങ്ങൾക്കും ബിഷപ്പ് നന്ദി അറിയിച്ചു. ഒപ്പം മാതൃരാജ്യത്തിന്റെ പരമാധികാരവും അന്തസ്സും സംരക്ഷിക്കാൻ പോരാടുന്ന സൈനികർ, ഡോക്ടർമാർ, സന്നദ്ധപ്രവർത്തകർ, യുവജനങ്ങൾ എന്നിവരുടെ ത്യാഗം വരുംതലമുറകൾക്ക് വലിയ പ്രചോദനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തങ്ങളും നഷ്ടങ്ങളും നിറഞ്ഞ ഈ ദുഷ്‌കരമായ നാളുകൾ അതിജീവിച്ച്, ഉക്രേനിയൻ ജനതയ്ക്ക് വരുംദിവസങ്ങളിൽ സ്വാതന്ത്ര്യത്തോടെയും സമൃദ്ധിയോടെയും ജീവിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് ബിഷപ്പ് കെന്നത്ത് നോവാക്കോവ്സ്കി തന്റെ സന്ദേശം അവസാനിപ്പിച്ചത്.




