സീറോ മലങ്കര ജൂലൈ 06 മത്തായി 24: 45-51 വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ

പിതാക്കന്മാരുടെയും വൈദികരുടെയും ഓർമ്മ ആചരിക്കുന്ന സമയത്ത് വിശുദ്ധ ബലി മധ്യേ വായിക്കുന്ന വേദഭാഗമാണിത്. നിരവധി പ്രാവശ്യം നാം ഈ വേദഭാഗം വിചിന്തനവിധേയമാക്കിയിട്ടുണ്ട്. ഒരു ഭവനാധിപൻ, തന്റെ അസാന്നിധ്യത്തിൽ വീടിന്റെ ഉത്തരവാദിത്വങ്ങൾ ഒരു സേവകനെ ഏൽപിക്കുന്നു. എന്നാൽ യജമാനന്റെ അഭാവത്തിൽ അവൻ അവിശ്വസ്തതയോടെ പെരുമാറുന്നു. കഥയിൽ നിന്നും കാര്യത്തിലേക്കു കടന്നാൽ, യേശുവാകുന്ന യജമാനൻ തന്റെ ആത്മീയകുടുംബത്തിന്റെ നടത്തിപ്പ് ഏല്പിച്ചുകൊടുത്തിരിക്കുന്ന ശിഷ്യഗണത്തിന്റെ വിശ്വസ്തതയാണ് ഇവിടുത്തെ വിചിന്തനവിഷയം (1 തിമോ 3:15). തന്റെ ജനത്തിന് ആത്മീയനേതൃത്വം നൽകാനായി വിളിക്കപ്പെട്ടിരിക്കുന്നവർ തീക്ഷ്ണതയോടെ പ്രാർത്ഥിക്കുകയും ജാഗ്രതയോടെ വചനപ്രഘോഷണം നടത്തുകയും വിശ്വസ്തതയോടെ കൂദാശകള്‍ അനുഷ്ഠിക്കുകയും വിശുദ്ധിയോടെ ബലിയർപ്പിക്കുകയും വേണം.

ഈ ദാസന്മാർക്ക് യഥാർത്ഥ പ്രതിഫലം ലഭിക്കുന്നത് കർത്താവിന്റെ രണ്ടാമത്തെ വരവിലാണ്. യേശുവിന്റെ മടങ്ങിവരവിന്റെ സമയം ആർക്കും അറിയില്ലാത്തതിനാൽ തങ്ങളെ ഏൽപ്പിച്ച വലിയ ഉത്തരവാദിത്വങ്ങൾ ശിഷ്യന്മാർ കൃത്യതയോടെ നിറവേറ്റണം. ഇവിടെ, ദാസന് യജമാനൻ അദൃശ്യനാണെന്നു തോന്നാമെങ്കിലും നമ്മുടെ ദൈവത്തിന് നാം എപ്പോഴും ദൃശ്യരാണ്. ആ ദൈവസാന്നിധ്യ സ്മരണയാണ് ജീവിതത്തിലെ ഓരോ നിമിഷത്തിലും വിശ്വസ്തതയോടെ ജീവിക്കാനുള്ള ക്രിസ്തുശിഷ്യന്റെ പ്രചോദനം. വീടിന്റെ ജനാലക്കരികിൽ വന്ന്, പുറത്തുപോയ മാതാപിതാക്കൾ മടങ്ങിവരുന്നുണ്ടോ എന്നു നോക്കുന്ന കുട്ടിയെപ്പോലെ പെരുമാറേണ്ടവനല്ല തന്റെ ശിഷ്യൻ എന്ന് യേശു ആഗ്രഹിക്കുന്നു. അവൻ ഓരോ നിമിഷവും ജാഗ്രതയോടെയും വിശ്വസ്തതയോടെയും ആയിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

ഇവിടെ വിശ്വസ്തതയോടെ ജോലി ചെയ്യുന്ന ദാസന് കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കും. ദുഷ്ടനായ ദാസൻ തന്റെ പെരുമാറ്റം കൊണ്ടുതന്നെ ഈ ജോലിക്ക് യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുന്നു. അവനുള്ള ശിക്ഷ തന്റെ അവിശ്വസ്തതയാൽ അവൻ ഏറ്റുവാങ്ങിയതാണ്. നാം കയ്യാളുന്ന നേതൃത്വപരമായ ഉത്തരവാദിത്വങ്ങൾ ഒരിക്കലും ദുരുപയോഗം ചെയ്ത് ദൈവത്തിന്റെ പദ്ധതികളെ നാം പരാജയപ്പെടുത്തരുത്. ആരും കണ്ടില്ലെങ്കിലും ദൈവം എപ്പോഴും കാണുന്നുണ്ടെന്ന ചിന്തയിലും, ആരും പ്രശംസിച്ചില്ലെങ്കിലും ദൈവം എല്ലാത്തിനും പ്രതിഫലം നൽകുമെന്ന ചിന്തയിലും വിശ്വസ്തതയോടെ ജീവിക്കാൻ നമുക്കു സാധിക്കണം. നമ്മുടെ മരണദിവസമോ, ക്രിസ്തു മടങ്ങിവരുന്ന സമയമോ നമുക്ക് അറിയാത്തതിനാൽ എല്ലായ്‌പ്പോഴും ആത്മീയ ഒരുക്കത്തോടെ ജീവിക്കാൻ നമുക്ക്‌ പരിശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.