
വിധിയുടെ ദാക്ഷിണ്യമില്ലാത്ത തിരിച്ചടികൾക്ക് മുന്നിൽ തളർന്നുപോകുന്നവർക്കിടയിൽ, പോരാട്ടവീര്യം കൊണ്ട് സ്വന്തം ജീവിതം തുന്നിച്ചേർത്ത ഒരു പെൺകുട്ടിയുടെ ജീവിതമാണിത്. അച്ഛന്റെ വിയോഗം, വൻതുകയുടെ കടബാധ്യത, വീട് ജപ്തി ചെയ്യുമെന്ന ബാങ്ക് നോട്ടീസ്, വിശപ്പടക്കാൻ ഒരു കഷണം റൊട്ടിയും ചമ്മന്തിയും മാത്രം. ഈ കടുത്ത പ്രതിസന്ധികളെയെല്ലാം വകഞ്ഞുമാറ്റി നീറ്റ് പരീക്ഷയിൽ 686 മാർക്കോടെ മിന്നുന്ന വിജയം നേടിയിരിക്കുകയാണ് കോട്ട മഹാവീർ നഗർ സ്വദേശിയായ പ്രേരണ സിംഗ്.
‘തണൽമരം’ വീണ നാളുകൾ
2018 -ൽ പ്രേരണ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഓട്ടോ ഡ്രൈവറായ അച്ഛൻ അർബുദ രോഗം ബാധിച്ച് മരണപ്പെടുന്നത്. കുടുംബത്തിന്റെ ഏക അശ്രയമായിരുന്ന അച്ഛന്റെ വേർപാട് ആ കുടുംബത്തെ ആകെ തകർത്തുകളഞ്ഞു. അതോടെ കുടുംബത്തിന്റെ ഭാരം അമ്മയുടെ തോളിലായി. പിന്നീട് വന്ന കൊറോണ കാലം സ്ഥിതി കൂടുതൽ ദയനീയമാക്കി. അതിജീവനത്തിനായി ബന്ധുക്കളുടെ മുന്നിൽ കൈനീട്ടേണ്ടി വന്നു. അതിനിടയിലാണ് 27 ലക്ഷം രൂപയുടെ കുടിശ്ശിക തീർക്കണമെന്നും അല്ലാത്തപക്ഷം വീട് ഒഴിഞ്ഞുതരണമെന്നും കാണിച്ച് ബാങ്കിന്റെ നോട്ടീസ് വരുന്നത്. കുട്ടികളുടെ പഠനത്തിനായി അമ്മ വീണ്ടും രണ്ടു ലക്ഷം രൂപ കടമെടുത്തു. പല ദിവസങ്ങളിലും ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലായിരുന്നു. റൊട്ടിയും ചമ്മന്തിയും മാത്രം കഴിച്ചും, പലപ്പോഴും പട്ടിണി കിടന്നും പ്രേരണ പഠനം തുടർന്നു.
പട്ടിണിയോട് പടവെട്ടിയ പന്ത്രണ്ട് മണിക്കൂറുകൾ
സാഹചര്യങ്ങൾ എത്ര പ്രതികൂലമായിരുന്നെങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്മാറാൻ പ്രേരണ തയ്യാറായില്ല. കോച്ചിംഗ് ക്ലാസുകൾക്ക് പുറമെ ദിവസവും 12 മണിക്കൂറിലധികം ഈ ഇരുപതുകാരി പുസ്തകങ്ങൾക്ക് മുന്നിലിരുന്നു. വിശപ്പിന്റെ കാഠിന്യം അറിയാതിരിക്കാൻ ശ്രദ്ധ മുഴുവൻ പഠനത്തിൽ കേന്ദ്രീകരിച്ചു. തങ്ങളെ ബാധിച്ച ദാരിദ്ര്യത്തിൽ നിന്നും കടക്കെണിയിൽ നിന്നും രക്ഷപ്പെടാനുള്ള ഒരേയൊരു വഴി വിദ്യാഭ്യാസം മാത്രമാണെന്ന് ആ പെൺകുട്ടി ഉറച്ചു വിശ്വസിച്ചു.
ഉജ്ജ്വല വിജയം, പ്രതീക്ഷയുടെ വെളിച്ചം
പ്രേരണയുടെ കഠിനാധ്വാനം ഒടുവിൽ ഫലം കണ്ടു. നീറ്റ് പരീക്ഷയിൽ 686 മാർക്ക് നേടി മികച്ച വിജയം കൈവരിച്ച പ്രേരണയ്ക്ക് ഇനി പ്രമുഖ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശനം ഉറപ്പാണ്. മകളുടെ ഈ നേട്ടത്തിൽ സന്തോഷം കൊണ്ട് കണ്ണുനിറയുകയാണ് അമ്മയ്ക്ക്. പ്രേരണ മാത്രമല്ല മറ്റു സഹോദരങ്ങളും പ്രതിസന്ധികളോട് പോരാടി മികച്ച നിലയിൽ പഠിക്കുകയാണ്. മൂത്ത സഹോദരി അനാമിക ബി.എഡിന് പഠിക്കുന്നു. സഹോദരൻ മാൻവേന്ദ്ര ജെ.ഇ.ഇ മെയ്ൻ വഴി എൻ.ഐ.ടിയിൽ പ്രവേശനം നേടി. ഇളയ സഹോദരൻ വിജയ് ബി.എസ്.സിക്കും പഠിക്കുന്നു.
തടസ്സങ്ങൾ എത്ര വലുതാണെങ്കിലും ലക്ഷ്യബോധവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഏത് കൊടുമുടിയും കീഴടക്കാം എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് പ്രേരണ സിംഗ്. ഒരു ഡോക്ടറായി നാളെയുടെ തണലാകാൻ ഒരുങ്ങുന്ന ഈ പെൺകുട്ടി ആയിരക്കണക്കിന് വിദ്യാർഥികൾക്കാണ് പ്രചോദനമാകുന്നത്.
സീനിയ എൽസ ഇഗ്‌നേഷ്യസ്




