രോഗാവസ്ഥയിൽ ദൈവം നമ്മെ തനിച്ചാക്കില്ല: ഫ്രാൻസിസ് പാപ്പ

രോഗം ജീവിതത്തിലെ പരീക്ഷണമാണെന്നും ആ സമയത്ത് ദൈവം നമ്മെ തനിച്ചാക്കുന്നില്ല എന്നുള്ള ബോധ്യം ശക്തിപ്പെടുത്തണമെന്നും ഫ്രാൻസിസ് മാർപാപ്പ ഓർമ്മപ്പെടുത്തി. ഏപ്രിൽ ആറിന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ രോഗികൾക്കും ആരോഗ്യമേഖലയിൽ ശുശ്രൂഷ ചെയ്യുന്നവർക്കും വേണ്ടിയുള്ള ജൂബിലി ആഘോഷത്തിന്റെ സമാപന ബലിമധ്യേ വായിച്ച മാർപാപ്പയുടെ സന്ദേശത്തിലാണ് ഇപ്രകാരം അനുസ്മരിപ്പിച്ചത്.

പരസ്പരം സഹായം ആവശ്യമുള്ള രോഗാവസ്ഥകൾ കൂടുതൽ സ്നേഹിക്കാനുള്ള അവസരങ്ങളായി മാറണം. കഷ്ടപ്പാടുകളോടുള്ള നമ്മുടെ പ്രതികരണത്തിലാണ് മനുഷ്യത്വത്തിന്റെ അളവ് നിർണയിക്കപ്പെടുന്നത് എന്ന ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ വാക്കുകൾ അനുസ്മരിപ്പിച്ചുകൊണ്ട് കൂട്ടായ്മയോടെ ദുരിതങ്ങളെ നേരിടുന്നത് നമ്മെ കൂടുതൽ മനുഷ്യത്വം ഉള്ളവരാക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ ഓർമ്മപ്പെടുത്തി. രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ടിയുള്ള പ്രത്യേക ജൂബിലി ആഘോഷങ്ങളുടെ സമാപന ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചത് സുവിശേഷവൽക്കരണ വിഭാഗം പ്രോ-പ്രിഫെക്ട് ആർച്ചുബിഷപ്പ് റിനോ ഫിസിക്കെല്ലയാണ്. അദ്ദേഹം വിശുദ്ധ ബലി മധ്യേ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം വായിച്ചു.

ആരോഗ്യ പ്രവർത്തകർക്ക് തങ്ങളുടെ ശുശ്രൂഷയിലൂടെ തങ്ങൾ പരിചരിക്കുന്ന രോഗികൾക്ക് ദൈവിക പദ്ധതിയെക്കുറിച്ച് ബോധ്യം നൽകാൻ കഴിയുമെന്നും ഇത് ആരോഗ്യപ്രവർത്തകരുടെ ജീവിതത്തിന് ഉന്മേഷം നൽകുമെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.