
ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ ക്യൂബയിൽ വിപ്ലവമുന്നേറ്റം ആരംഭിച്ചത് 1953 ജൂലൈ 26 നായിരുന്നു. മൊങ്കാദ ബാരക്ക് ആക്രമണം എന്നപേരിൽ നടത്തിയ മുന്നേറ്റത്തോടെയാണ് ക്യൂബൻ വിപ്ലവത്തിന്റെ തുടക്കം. 1953 ൽ ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ നടത്തിയ ശ്രമമാണ് മൊങ്കാദ ബാരക്ക് ആക്രമണം എന്നറിയപ്പെടുന്നത്. മൊങ്കാദ ബാരക്ക് പിടിച്ചെടുത്ത് അവിടുത്തെ ആയുധങ്ങൾ കൈക്കലാക്കുക, സാന്റിയാഗോ റേഡിയോ സ്റ്റേഷൻ പിടിച്ചെടുത്ത് ഈ മൂവ്മെന്റിന്റെ പ്രകടനപത്രിക അതിലൂടെ പ്രക്ഷേപണം ചെയ്യുക എന്നിവയായിരുന്നു കാസ്ട്രോയുടെ ലക്ഷ്യങ്ങൾ. എന്നാൽ വ്യക്തമായ ഒരു പദ്ധതിയുടെ അഭാവം മൂലം ഈ മുന്നേറ്റം വിജയം കണ്ടില്ല. കൂടാതെ അപ്രതീക്ഷിതമായി സൈന്യത്തിൽ നിന്നേറ്റ തിരിച്ചടിയും കാസ്ട്രോയുടെ മുന്നേറ്റത്തെ തടഞ്ഞു. തുടർന്ന് മെക്സിക്കോയിലേക്കു പിൻവാങ്ങിയ കാസ്ട്രോയും സംഘവും വർഷങ്ങൾ നീണ്ട ശ്രമങ്ങളിലൂടെ ക്യൂബയിൽ അധികാരത്തിലെത്തി.
1956 ജൂലൈ 26 ന് അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന ഗമാൽ അബ്ദുൾ നാസർ സൂയസ് കനാൽ പിടിച്ചെടുത്ത് ദേശസാൽക്കരിച്ചു. 1869 ൽ കനാൽ നിർമ്മിച്ചതു മുതൽ ബ്രിട്ടീഷ്-ഫ്രഞ്ച് സഖ്യകമ്പനിയാണ് അത് നിയന്ത്രിച്ചിരുന്നത്. നാസറിന്റെ ശ്രമം വലിയ രാഷ്ട്രീയ ആശങ്കകൾക്കു വഴിവച്ചു. പ്രശ്നപരിഹാരത്തിനായി സൂയസ് കനാൽ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ ഒരു അസോസിയേഷൻ നിർമ്മിച്ച് അതിന് കനാലിന്റെ നിയന്ത്രണം കൈമാറാമെന്ന നിർദേശം അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോൺ ഫോസ്റ്റർ മുന്നോട്ടുവച്ചെങ്കിലും പരാജയപ്പെട്ടു. നിലവിൽ സൂയസ് കനാൽ അതോറിറ്റിക്കാണ് കനാലിന്റെ നിയന്ത്രണം.
1999 ജൂലൈ 26 നാണ് ഇന്ത്യൻ സൈന്യം കാർഗിൽ യുദ്ധത്തിൽ അഭിമാനകരമായ വിജയം കൈവരിച്ചത്. മൂന്നുമാസം നീണ്ട ചരിത്രപോരാട്ടത്തിൽ പാക്കിസ്ഥാനെ തുരത്തി സൈന്യം ത്രിവർണ പതാക ഉയർത്തി വിജയം ഉറപ്പിച്ചപ്പോൾ രാജ്യത്തിന്റെ പരമാധികാരത്തിനായി ജീവൻ വില നൽകിയത് 527 ധീരന്മാരായ സൈനികരാണ്. പ്രച്ഛന്നവേഷത്തിൽ പാക്ക് സൈന്യം കാർഗിലിലെ തന്ത്രപ്രധാനമായ മേഖലകളിൽ നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ സംഘർഷമുഖരിതമാകുന്നത്. 1999 ലെ കൊടും ശൈത്യത്തിൽ ഇന്ത്യ സൈനികരെ പിൻവലിച്ച സമയത്താണ് പാക്കിസ്ഥാൻ ചതി പ്രയോഗിച്ചത്. ആട്ടിടയന്മാരിൽ നിന്ന് പാക്ക് സൈന്യത്തിന്റെ നീക്കമറിഞ്ഞ ഇന്ത്യൻ സൈന്യം മറുപടി നൽകാനായി ഓപ്പറേഷൻ വിജയ് എന്ന സൈനികനടപടിക്കു തുടക്കമിട്ടു. ജൂൺ 19 ലെ ടോലോലിങ്ങിലെ ആക്രമണം മുതൽ ജൂലൈ നാലിന് ടൈഗർ ഹിൽസിനു മുകളിൽ ത്രിവർണ പതാക ഉയർത്തുന്നതുവരെ അത് നീണ്ടുനിന്നു.
സുനീഷ വി എഫ്




