പ്രതീക്ഷയുടെ യാത്ര 161: ഹാച്ചി

2009 ൽ പുറത്തിറങ്ങിയ ‘ഹാച്ചി: എ ഡോഗ്‌സ് ടേൽ’ (Hachi: A Dog’s Tale), സ്നേഹത്തിന്റെ നിർവചിക്കാനാവാത്ത ആഴം ഹൃദയസ്പർശിയായി അടയാളപ്പെടുത്തുന്ന ഒരു ചലച്ചിത്രമാണ്. ജപ്പാനിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ അമേരിക്കൻ സിനിമയാണിത്.

ട്രെയിൻ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന ഹാച്ചിയെ പാർക്കർ വിൽസൺ എന്ന പ്രൊഫസർ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. തന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പ്രൊഫസറുമായി ഹാച്ചി ഇഴുകിച്ചേരുന്നു. ദിവസവും ജോലികഴിഞ്ഞു വരുന്ന പ്രൊഫസറെ സ്വീകരിക്കാൻ വൈകുന്നേരം കൃത്യസമയത്ത് ഹാച്ചി റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കാറുണ്ട്. എന്നാൽ, ഒരുദിവസം ക്ലാസ്സിനിടെ പ്രൊഫസർ ഹൃദയാഘാതം മൂലം അന്തരിക്കുന്നു. അദ്ദേഹം തിരികെവരില്ലെന്ന സത്യം അറിയാതെ, തുടർന്നുള്ള ഒൻപത് വർഷം തന്റെ യജമാനനെ കാത്ത് ഹാച്ചി അതേ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്നു. കാലം കടന്നുപോകുമ്പോഴും വിശ്വസ്തതയുടെ അടയാളമായി അവിടെത്തന്നെ തുടരുന്ന ഹാച്ചി ഒടുവിൽ  റെയിൽവേ സ്റ്റേഷനിൽ തന്നെ മരിച്ചുവീഴുന്നു.

യഥാർഥത്തിൽ നടന്ന ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത് വിശ്വസ്തത എന്നത് വെറും വാക്കുകളല്ല, മറിച്ച് പ്രവർത്തികളാണ് എന്നതാണ്. റെയില്‍വേ സ്റ്റേഷനിൽ ഹാച്ചി കാത്തിരുന്ന ആ ഒൻപത് വർഷങ്ങൾ, ഇന്നത്തെ സ്വാർഥമായ ലോകത്ത് ഒരു അദ്ഭുതമായാണ് പലരും കാണുന്നത്. തനിക്ക് തിരികെ ഒന്നും ലഭിക്കില്ലെന്ന് അറിഞ്ഞിട്ടും, സ്നേഹിച്ച ഒരാൾക്കു വേണ്ടി ആജീവനാന്തം കാത്തിരിക്കുക എന്നത് മനുഷ്യർക്കു പോലും സാധിക്കാത്ത ഒരു കാര്യമാണ്.

ഹാച്ചി എന്ന നായ, നമ്മുടെ ജീവിതത്തിലെ കാത്തിരിപ്പിന്റെ പ്രതീകമാണ്. നമ്മളിൽ പലരും ജീവിതത്തിൽ നഷ്ടപ്പെട്ട പലതിനെയും ഓർത്ത് വേദനിക്കുന്നവരാണ്. എന്നാൽ, ആ നഷ്ടങ്ങൾക്കിടയിലും പ്രതീക്ഷയോടെ കാത്തിരിക്കാൻ ഹാച്ചി നമ്മെ പഠിപ്പിക്കുന്നു. സ്റ്റേഷനിലെ ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപോയപ്പോഴും, താൻ സ്നേഹിച്ച പ്രൊഫസറിലേക്കുള്ള ഒരേയൊരു കണ്ണി ആ റെയിൽവേ സ്റ്റേഷനാണെന്ന് ഹാച്ചി വിശ്വസിച്ചു.

ഈ സിനിമയും അതിന് ആധാരമായ യഥാർഥ സംഭവവും നമ്മെ പഠിപ്പിക്കുന്നത് സ്നേഹം എന്നത് പ്രകടനങ്ങളല്ല, മറിച്ച് അർപ്പണബോധമാണെന്നാണ്. ഹാച്ചി പ്രൊഫസറെ കാത്തിരുന്നത് ലോകത്തിന്റെ അംഗീകാരത്തിനു വേണ്ടിയല്ല, മറിച്ച് തന്റെ ഹൃദയത്തിന്റെ നിർബന്ധം കൊണ്ടാണ്. മനുഷ്യർ പലപ്പോഴും സ്നേഹിക്കുന്നവർക്കു ചുറ്റും മതിലുകൾ കെട്ടാറുണ്ട്. എന്നാൽ, നിര്‍മ്മിക്കേണ്ടത് സ്നേഹത്തിന്റെ പാലങ്ങളാണ്. ഹാച്ചി നിർമ്മിച്ച സ്നേഹത്തിന്റെ ആ പാലം കാലത്തിന്റെയും മരണത്തിന്റെയും അതിരുകൾ കടന്ന് ഇന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നു.

തിരക്കുകൾ നിറഞ്ഞ ആധുനിക ലോകത്ത്, നമുക്കായി മാത്രം മാറ്റിവച്ച കുറച്ചു സമയവും നമ്മെ സ്നേഹത്തോടെ ഓർക്കാൻ ഒരാളുണ്ടെന്ന തിരിച്ചറിവും നൽകുന്ന മാനസിക സമാധാനം ചെറുതല്ല. പ്രതീക്ഷകളോടെ ആരെങ്കിലും നമ്മെ കാത്തിരിക്കുന്നുണ്ടെന്ന തോന്നൽ ജീവിതത്തിന് വലിയൊരു അർഥവും മുന്നോട്ടുപോകാനുള്ള ഊർജവും നൽകുന്നു. പ്രൊഫസർ ഹിഡെസാബുറോ തിരിച്ചുവരുമെന്ന വിശ്വാസമായിരുന്നു ആ ഒൻപത് വർഷക്കാലവും ഹാച്ചിയുടെ ഓരോ ദിവസത്തെയും മുന്നോട്ടുനയിച്ചിരുന്നത്. ലോകം മുഴുവൻ മറന്നാലും തനിക്കായി ഒരാള്‍ വരാനുണ്ട് എന്ന ചിന്ത അവന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ആ പ്രതീക്ഷയാണ് ആ നായയുടെ ജീവിതത്തെ അർഥവത്താക്കിയതും സ്നേഹത്തിന്റെ അനശ്വര പ്രതീകമാക്കി മാറ്റിയതും.

ഇന്നത്തെ വേഗതയേറിയ ലോകത്ത്, ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ തന്നെ നമ്മൾ ബന്ധങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. ഇവിടെ ഹാച്ചി എന്ന നായ, സ്നേഹത്തിന്റെ പാഠങ്ങൾ നമ്മളെ ഓർമ്മിപ്പിക്കുന്നു. കാത്തിരിപ്പ് എന്നത് വെറുമൊരു നഷ്ടമല്ല, ഒരാളോട് നമ്മൾ കാണിക്കുന്ന ഏറ്റവും വലിയ ആദരവാണ് എന്നു നമ്മള്‍ ഈ സിനിമയിലൂടെ മനസ്സിലാക്കുന്നു. അവസാനരംഗത്ത് ഹാച്ചി സ്റ്റേഷനിൽ കിടന്ന് തന്റെ പ്രൊഫസറെ സ്വപ്നം കാണുമ്പോൾ, സ്നേഹത്തിന് മരണമില്ലെന്നും അത് മറ്റൊരു തലത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയാണെന്നും നമ്മൾ തിരിച്ചറിയുന്നു. വിശ്വസ്തതയുടെ മറ്റൊരു പേരാണ് ഹാച്ചി.

നിസ്വാർഥമായ വിശ്വസ്തതയുടെ ലോകോത്തര മാതൃകയായ ഈ യഥാർഥ കഥ, ജപ്പാനിലെ പ്രൊഫസർ യുനോ ഹിഡെസാബുറോയുടെയും അദ്ദേഹത്തിന്റെ നായയുടെയും ജീവിതത്തിൽ നിന്നാണ് സിനിമയിലേക്ക് എടുത്തത്. 1925 ൽ ഉടമയുടെ ആകസ്മിക മരണത്തിന് ശേഷമുള്ള ഒൻപതു വർഷക്കാലം, തന്റെ ജീവനൊടുങ്ങുംവരെ അതായത് 1935 മാർച്ച് വരെ എല്ലാ ദിവസവും ഷിബുയ റെയിൽവേ സ്റ്റേഷനിൽ ആ നായ യജമാനനെ തേടിയെത്തിയിരുന്നു. തന്റെ പ്രിയപ്പെട്ടവനെ കാത്തിരുന്ന ഷിബുയ റെയിൽവേ സ്റ്റേഷനു മുന്നിൽ ഇന്ന് ഹാച്ചിയുടെ ഓർമ്മയ്ക്കായി ഒരു വെങ്കടശിൽപം തലയുയർത്തി നിൽപ്പുണ്ട്. ആ കാത്തിരിപ്പിന്റെയും അനശ്വരസ്നേഹത്തിന്റെയും ചരിത്രമാണ് ഈ സിനിമയിലൂടെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുന്നത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.