‘ദൈവം നമ്മുടെ പാപങ്ങളെ ഭയപ്പെടുന്നില്ല’: ഫ്രാൻസിസ് മാർപാപ്പ

അനുരഞ്ജന കൂദാശയിലൂടെ ദൈവത്തിന്റെ കരുണ സ്വീകരിക്കാൻ വിശ്വാസികളോട് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. “ദൈവം നമ്മുടെ പാപങ്ങളെ ഭയപ്പെടുന്നില്ല. ദൈവത്തിന്റെ കരുണ നമ്മുടെ പാപങ്ങളേക്കാൾ വലുതാണ്” – പാപ്പാ ഓർമ്മിപ്പിച്ചു. ജനുവരി 19 -ന് തന്റെ പൊതുസദസിനിടെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“ദൈവം എപ്പോഴും ക്ഷമിക്കുന്നു. നാം ഗുരുതരമായ പാപം ചെയ്താലും ദൈവം ക്ഷമിക്കുന്നു. ദൈവീക കാര്യങ്ങൾ നമ്മിൽ എത്തുന്നത് മാനുഷിക അനുഭവങ്ങളിലൂടെയാണ്. നമ്മിൽ ദുർബലമായതിനെ സ്പർശിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ആർദ്രതയാണ്. രോഗികളുടെ മുറിവുകളിൽ നഴ്‌സുമാർ എങ്ങനെ തൊടുന്നുവെന്നു നോക്കൂ. അവരെ കൂടുതൽ വേദനിപ്പിക്കാതിരിക്കാൻ ആർദ്രതയോടെയാണ് അവർ സ്പർശിക്കുന്നത്. അതേ ആർദ്രതയോടെ കർത്താവ് നമ്മുടെ മുറിവുകളിലും സ്പർശിക്കുന്നു” – പാപ്പാ കൂട്ടിച്ചേർത്തു.

അനുരഞ്ജനത്തിന്റെ കൂദാശയിലും ദൈവവുമായുള്ള വ്യക്തിപരമായ പ്രാർത്ഥനയിലും സത്യത്തിന്റെയും ആർദ്രതയുടെയും അനുഭവം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ദൈവത്തിന്റെ ആർദ്രത ലോകത്തിന്റെ യുക്തിയേക്കാൾ വലുതാണ്. അത്, നീതി പ്രവർത്തിക്കാനുള്ള മാർഗ്ഗമായിരിക്കുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.