
ആയുധധാരികളായ അക്രമികളുടെയും ഗുണ്ടാസംഘങ്ങളുടെയും നിയന്ത്രണത്തിലായ ഹെയ്തിയിൽ, തകർന്നുപോയ സാമൂഹികാവസ്ഥയ്ക്ക് മധ്യേ ജനങ്ങൾക്ക് ഏക ആശ്വാസവും പ്രതീക്ഷയുമായി കത്തോലിക്കാ സഭ നിലകൊള്ളുന്നു. രാജ്യത്ത് ക്രമസമാധാനം പൂർണ്ണമായും തകർന്നതോടെ നിർദിഷ്ട തെരഞ്ഞെടുപ്പുകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് സഭയുടെ നിർണായക പങ്കിനെക്കുറിച്ച് അന്താരാഷ്ട്ര കത്തോലിക്കാ ജീവകാരുണ്യ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ വിവരങ്ങൾ പുറത്തുവിട്ടത്.
തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിന്റെ 70 മുതൽ 90% വരെയുള്ള പ്രദേശങ്ങളും പ്രധാന പ്രവിശ്യകളും നിലവിൽ ഗുണ്ടാസംഘങ്ങളുടെ കസ്റ്റഡിയിലാണ്. ഇതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന അൻപതിലധികം ഇടവകകളും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നിരവധി കത്തോലിക്കാ സ്കൂളുകളും അടച്ചുപൂട്ടേണ്ടി വന്നു. അക്രമങ്ങൾക്കും അനീതിക്കുമെതിരെ ഉറച്ച ശബ്ദമുയർത്തുന്ന ഏക സ്ഥാപനമായതിനാൽ സഭയെയും വൈദികരെയും ഗുണ്ടാസംഘങ്ങൾ പ്രധാന ലക്ഷ്യമിടുകയാണ് ഇപ്പോൾ.
മുൻ വർഷങ്ങളിൽ നിരവധി വൈദികരും കന്യാസ്ത്രീകളും തട്ടിക്കൊണ്ടുപോകലിനും ആക്രമണങ്ങൾക്കും ഇരയായിട്ടുണ്ട്. ഈ വർഷം മാത്രം ഒരു സെമിനാരി വിദ്യാർഥി കൊല്ലപ്പെടുകയും രണ്ട് വൈദികർ തട്ടിക്കൊണ്ടു പോകപ്പെടുകയും ചെയ്തു. തങ്ങളുടെ ലക്ഷ്യങ്ങൾക്ക് എതിരായി നിൽക്കുന്നത് കൊണ്ട് കത്തോലിക്കാ സ്ഥാപനങ്ങളും ദൈവാലയങ്ങളും ആക്രമിച്ച ശേഷം തീയിടുകയോ, ഗുണ്ടാസംഘങ്ങളുടെ താവളങ്ങളാക്കി മാറ്റുകയോ ചെയ്യുന്നുണ്ട്.
ശൂന്യതയിലും ഭീതിയിലുമാണ് കഴിയുന്നതെങ്കിലും മാധ്യമങ്ങൾ, റേഡിയോ, ഓൺലൈൻ ക്ലാസുകൾ എന്നിവ വഴി സഭ പ്രേഷിതപ്രവർത്തനങ്ങളും വിദ്യാഭ്യാസവും മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നു. പോർട്ട്-ഓ-പ്രിൻസിലെ മേജർ സെമിനാരിയിൽ പഠിക്കുന്ന ഇരുനൂറോളം വൈദിക വിദ്യാർഥികൾ വെടിയുണ്ടകളെ ഭയന്ന് തറയിൽ കിടന്നാണ് പലപ്പോഴും പഠനം പൂർത്തിയാക്കുന്നത്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ‘പ്രതീക്ഷ കൈവിടാതെ പ്രാർഥനയോടെ മുന്നോട്ട് പോവുക’ എന്ന സന്ദേശമാണ് കത്തോലിക്കാ സഭ ഹെയ്തിയിലെ ജനങ്ങൾക്ക് നൽകുന്നത്.




