മെക്സിക്കോയിൽ പൂർണ്ണ മതസ്വാതന്ത്ര്യം ഉറപ്പാക്കണം: ബിഷപ്പുമാരുടെ ആഹ്വാനത്തിന് പിന്തുണയുമായി എ സി എൻ

മെക്സിക്കോയിൽ സഭയുടെ പ്രവർത്തനങ്ങൾക്കും വൈദിക ശുശ്രൂഷകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിനാശകരമായ ‘കായെസ് നിയമത്തിന്റെ’ നൂറാം വാർഷിക വേളയിൽ, രാജ്യത്ത് പൂർണ്ണ മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ ബിഷപ്പുമാർ രംഗത്തെത്തി. മെക്സിക്കൻ ബിഷപ്പുമാരുടെ ഈ ചരിത്രപരമായ ആഹ്വാനത്തിന് അന്താരാഷ്ട്ര പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (ACN) പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

‘പള്ളിമണികൾ നിശബ്ദമായി, അവരുടെ രക്തം സംസാരിച്ചു’ എന്ന തലക്കെട്ടിൽ മെക്സിക്കൻ ബിഷപ്പ്സ് കോൺഫറൻസ് പുറത്തിറക്കിയ സന്ദേശത്തിലാണ് രാജ്യത്തെ മതസ്വാതന്ത്ര്യ ലംഘനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പ് നൽകുന്നത്. 1926 ജൂലൈ 31-ന് പ്രാബല്യത്തിൽ വന്ന കായെസ് നിയമത്തെത്തുടർന്ന് രാജ്യത്തുടനീളം ദിവ്യബലികളും പൊതു ആരാധനകളും നിർത്തിവെക്കേണ്ടി വന്ന കറുത്ത നാളുകളെ ബിഷപ്പുമാർ അനുസ്മരിച്ചു. അന്ന് വിശ്വാസത്തെപ്രതി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ ത്യാഗം ഒരു ആനുകൂല്യമല്ല, മറിച്ച് ഓരോ മനുഷ്യന്റെയും അടിസ്ഥാന അവകാശമാണ് മതസ്വാതന്ത്ര്യമെന്ന് തെളിയിച്ചതായി അവർ വ്യക്തമാക്കി.

വർഷങ്ങൾക്കിപ്പുറം നിയമനിർമ്മാണങ്ങളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, മെക്സിക്കോയിൽ ഇന്നും പൂർണ്ണമായ മതസ്വാതന്ത്ര്യം നിലനിൽക്കുന്നില്ലെന്ന് ബിഷപ്പുമാർ ചൂണ്ടിക്കാട്ടുന്നു. ആരാധനാലയങ്ങൾക്ക് പുറത്തുള്ള മതപരമായ ചടങ്ങുകൾക്കുള്ള നിയന്ത്രണങ്ങൾ, മാധ്യമ ലൈസൻസുകൾ നിഷേധിക്കൽ തുടങ്ങിയവ ഇപ്പോഴും തുടരുന്നുണ്ട്. അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന വൈദികരും സഭാ നേതാക്കളും ക്രൂരമായി വേട്ടയാടപ്പെടുകയാണ്. സെറോകാഹുയിയിലെ ജെസ്യൂട്ട് വൈദികർ, സാങ് ക്രിസ്റ്റോബൽ ഡി ലാസ് കാസസിലെ ഫാദർ മാർസെലോ പെരസ് തുടങ്ങിയവരുടെ കൊലപാതകങ്ങൾ ഇതിന് തെളിവാണ്. കേവലം ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ നിരവധി വൈദികർ കൊല്ലപ്പെടുകയും എണ്ണറ്റ ആക്രമണങ്ങളും ഭീഷണികളും സഭാ സ്ഥാപനങ്ങൾക്കെതിരെ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

സംഘടിത കുറ്റകൃത്യങ്ങൾ മൂലം മെക്സിക്കോയിൽ വിവേചനം വർധിച്ചുവരുന്നതായി എസിഎന്നും തങ്ങളുടെ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ, വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി ആഗോള നേതാക്കളുടെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് എസിഎൻ അന്താരാഷ്ട്ര തലത്തിൽ ഒപ്പുശേഖരണവും പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.