സീറോ മലങ്കര ജൂലൈ 01 ലൂക്കാ 1: 5-10 പ്രധാനാചാര്യനായ അഹറോൻ

ഇസ്രയേലിന്റെ ആദ്യത്തെ പ്രധാനാചാര്യനായ അഹറോനെ അനുസ്മരിക്കുന്ന ദിനമാണിന്ന്. ഇസ്രായേൽക്കാരുടെ ഈജിപ്തിൽ നിന്നുള്ള വിമോചനത്തിനും തുടർന്ന് ഒരു ജനതയായുള്ള രൂപീകരണത്തിലും നിർണ്ണായകപങ്ക് വഹിച്ചവരായിരുന്നു മോശയും സഹോദരങ്ങളായ അഹറോനും പ്രവാചകിയായ മിറിയമും. മോശക്ക്  ലഭിച്ചതുപോലെ ഫറവോയുടെ കൊട്ടാരത്തിലെ പ്രത്യേക പരിശീലനമൊന്നും ഇവർക്ക് ലഭിച്ചിരുന്നില്ലെങ്കിലും വലിയ നേതൃത്വഗുണങ്ങൾ ഉള്ളവരായിരുന്നു ഇവർ രണ്ടുപേരും. ഫറവോയുടെ സന്നിധിയിൽ മോശക്കു വേണ്ടി സംസാരിക്കുന്നതും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്തും അഹറോനാണ്.

പുരോഹിത ശുശ്രൂഷ ചെയ്യുന്നതിനായി അഹറോനെയും അവന്റെ പുത്രന്മാരെയും വിളിക്കുക എന്ന് (പുറ. 28:1) ദൈവം മോശയോടു കൽപിക്കുന്നു. ഇവർക്ക് യഹോവയായ ദൈവത്തിന്റെ സന്നിധിയിൽ അടുത്തുനിന്ന് ശുശ്രൂഷ ചെയ്യാൻ വിളി ലഭിച്ചപ്പോൾ ലേവായ ഗോത്രത്തിലെ മറ്റുള്ളവർക്ക് വാഗ്ദാന പേടകവും, സമാഗമ കൂടാരവുമായി ബന്ധപ്പെട്ട അനുബന്ധ ജോലികളുമാണ് ലഭിച്ചത്. മോശ തന്നെയാണ് ദൈവകല്പനപ്രകാരം അഹറോനെയും മക്കളെയും പൗരോഹിത്യ ശുശ്രൂഷക്കായി അഭിഷേകം ചെയ്യുന്നതും അതിന് അനുയോജ്യമായ വസ്ത്രം നൽകുന്നതും. പ്രധാന പുരോഹിതൻ എന്ന നിലയിൽ ദൈവഹിതമറിയുന്ന ഉറിം, തുമ്മിം തുടങ്ങിയ പ്രത്യേക ആഭരണങ്ങൾ അഹറോൻ തന്റെ വസ്ത്രത്തിൽ ധരിക്കണമെന്നും കർത്താവ് കൽപിക്കുന്നു (പുറ. 28:30). കർത്താവിന്റെ നിയമങ്ങൾ ഇസ്രായേൽക്കാരെ പഠിപ്പിക്കുകയും ദൈവജനത്തെ അനുഗ്രഹിക്കുകയും ചെയ്യേണ്ടത് ഇവരുടെ വിളിയുടെ ഭാഗമായിരുന്നു. അഹറോന്റെ തളിർത്ത വടി ലേവായ പൗരോഹിത്യത്തിന്റെ അടയാളമായി (സംഖ്യ 17:8-10) വാഗ്ദാനപേടകത്തിൽ മന്ന സൂക്ഷിച്ചിരുന്ന സ്വർണ്ണപാത്രത്തോടും പത്തു കല്പനകള്‍ എഴുതിയ പലകയോടുമൊപ്പം സൂക്ഷിച്ചിരുന്നു.

ലേവായ ഗോത്രത്തിന് ലഭിച്ച പൗരോഹിത്യാധികാരം അഹറോന്റെ ആൺമക്കളിലൂടെയാണ് അനന്തര തലമുറകളിലേക്ക് സംവഹിക്കപ്പെടുന്നത്. മോശ സീനായ് മലമുകളിൽ പ്രാർത്ഥനക്കായി പോയപ്പോൾ താഴെ ദൈവജനത്തിന് നേതൃത്വം നൽകിയതും അഹറോനാണ്. അമാലേക്യരുമായുള്ള യുദ്ധത്തിൽ മോശയുടെ ഉയർത്തിപ്പിടിച്ച കരം തളരാതെ താങ്ങിനിർത്തിയവരിൽ ഒരാൾ അഹറോനായിരുന്നു. എന്നാൽ, തന്റെ സഹോദരൻ മോശയെപ്പോലെ, വാഗ്ദത്തനാട്ടിൽ പ്രവേശിക്കുന്നതിനു മുമ്പ് അഹറോനും മരിക്കുന്നു. അദ്ദേഹം ഹോർ പർവ്വതത്തിൽ വച്ചു മരിക്കുകയും (സംഖ്യ 33:38-39) മോസേറ എന്ന സ്ഥലത്ത് അടക്കപ്പെടുകയും ചെയ്തു (നിയ. 10:6) എന്ന് പഴയനിയമത്തിൽ പറയുന്നു. യോഹന്നാൻ സ്നാപകന്റെ മാതാപിതാക്കളായ സഖറിയായും എലിസബേത്തും അഹരോന്റെ വംശത്തിൽപെട്ടവരാണെന്ന് ലൂക്കായുടെ സുവിശേഷത്തിൽ പറയുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.