മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാന് രൂപതാകേന്ദ്രത്തില്‍ സ്വീകരണം നല്കി

മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. അലക്സ് താരാമംഗല ത്തിന് മാനന്തവാടി രൂപതയുടെ ബിഷപ്സ് ഹൗസില്‍ സ്വീകരണം നല്കി. തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ ജോസഫ് പാംപ്ലാനി പിതാവ്, തലശ്ശേരി അതിരൂപതയുടെ കൂരിയാ അംഗങ്ങള്‍, ഫൊറോനാ വികാരിയച്ചന്മാര്‍, മറ്റു വൈദികര്‍ എന്നിവര്‍ തലശ്ശേരിയില്‍ നിന്ന് നിയുക്ത സഹായമെത്രാനെ അനുഗമിച്ചിരുന്നു. മാനന്തവാടി ബിഷപ്സ് ഹൗസില്‍ പൂച്ചെണ്ട് നല്കിക്കൊണ്ട് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം മോണ്‍. അലക്സ് താരാമംഗലത്തിനെ സ്വാഗതം ചെയ്തു. രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് പുഞ്ചയിലും നിയുക്ത സഹായമെത്രാന് പൂച്ചെണ്ട് നല്കി.

തുടര്‍ന്ന് ബിഷപ്സ് ഹൗസിന്റെ ചാപ്പലില്‍ നടന്ന പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് ആമുഖമായി ജോസ് പൊരുന്നേടം പിതാവ് നിയുക്ത സഹായമെത്രാനും ആര്‍ച്ചുബിഷപ്പിനും മറ്റു വൈദികര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ദൈവവചനം വായിച്ച് നടത്തിയ പ്രാര്‍ത്ഥനാശുശ്രൂഷയുടെ അവസാനം നിയുക്ത സഹായമെത്രാന്‍ എല്ലാവ ര്‍ക്കും ആശീര്‍വ്വാദം നല്കി. സ്ത്രോത്രഗീതത്തോടെ പ്രാര്‍ത്ഥനാശുശ്രൂഷ അവസാനിച്ചു.

മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോണ്‍ പൊന്‍പാറക്കല്‍, ചാന്‍സലര്‍ ഫാ. അനൂപ് കാളിയാനിയില്‍, മൈനര്‍ സെമിനാരിയില്‍ നിന്നും പാസ്റ്ററല്‍ സെന്ററില്‍ നിന്നുമുള്ള വൈദികര്‍,സെമിനാരി വിദ്യാര്‍ത്ഥികള്‍, സിസ്റ്റേഴ്സ്, ബിഷപ്സ് ഹൗസിലെ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ സ്വീകരണച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.