ഗ്രീക്ക് കത്തോലിക്കാ വൈദികനെ സൈനിക സേവനത്തിനായി നിർബന്ധപൂർവം റിക്രൂട്ട് ചെയ്ത് ഉക്രൈൻ

ഉക്രൈനിൽ ഗ്രീക്ക് കത്തോലിക്കാ വൈദികനെ നിർബന്ധപൂർവം സൈനിക സേവനത്തിന് കൊണ്ടുപോയതായി റിപ്പോർട്ട്. മുക്കാചെവോ ഗ്രീക്ക് കത്തോലിക്കാ രൂപതയിലെ വൈദികനായ ഫാ. ആൻഡ്രി സ്റ്റെബിവ്കയെയാണ് റിക്രൂട്ട്‌മെന്റ് ഉദ്യോഗസ്ഥർ ബലമായി പിടികൂടി സൈനിക പരിശീലന ക്യാമ്പിലേക്ക് മാറ്റിയതായി ഉള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഒക്ടോബർ 12 തിങ്കളാഴ്ച വടക്കുപടിഞ്ഞാറൻ ഉക്രൈനിലെ റീവ്‌നെ പ്രവിശ്യയിലെ ചെക്ക്‌പോസ്റ്റിലാണ് സംഭവം നടന്നത്.

തിരുപ്പട്ടം സ്വീകരിച്ചിട്ട് രണ്ട് വർഷമായ 38 കാരനായ വൈദികൻ ആത്മീയ പരിശീലനങ്ങളിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് ഇപ്രകാരം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കളായ ബോഹ്ദാനും നടാലിയ സ്റ്റെബിവ്കയും പറഞ്ഞു. ഫാ. ആൻഡ്രിയെ അടുത്തിടെ മറ്റൊരു ഇടവകയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഇടവക ചുമതലകൾ മാറുമ്പോൾ ഉണ്ടാകുന്ന ഭരണപരമായ കാലതാമസം കാരണം ഉക്രൈനിലെ വൈദികരുടെ ഔദ്യോഗിക ശുശ്രൂഷാ സേവനം സാക്ഷ്യപ്പെടുത്തുന്ന സർക്കാർ രജിസ്ട്രിയിൽ താൽക്കാലികമായൊരു വിടവുണ്ടായി.

താൻ സജീവമായി ശുശ്രൂഷ ചെയ്യുന്ന വൈദികനാണെന്നും വിശ്വാസികൾക്കായി തടസ്സമില്ലാതെ സേവനം ചെയ്തുവരികയാണെന്നും തെളിയിക്കാൻ ആവർത്തിച്ച് ശ്രമിച്ചെങ്കിലും, റിക്രൂട്ട്‌മെന്റ് അധികൃതർ അദ്ദേഹത്തിന്റെ രേഖകൾ തള്ളിക്കളഞ്ഞു. തുടർന്ന് അദ്ദേഹത്തെ ഒരു സൈനിക പരിശീലന കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു. അവിടെനിന്ന് ഉടൻ തന്നെ യുദ്ധമുഖത്തേക്ക് ഇറങ്ങേണ്ട ഒരു പ്രത്യേക അസോൾട്ട് സ്ക്വാഡിലേക്ക് അദ്ദേഹത്തെ നിയോഗിച്ചതായും കുടുംബം അറിയിച്ചു.

വൈദികന്റെ പദവി വ്യക്തമാക്കാനും അദ്ദേഹത്തെ ഇടവക ചുമതലകളിലേക്ക് തിരിച്ചെത്തിക്കാനുമായി മുക്കാചെവോ രൂപതാ ബിഷപ്പ് തിയോഡോർ മറ്റസാപുലയും (Bishop Teodor Matsapula) ഉക്രൈനിലെ അപ്പസ്തോലിക നൂൺഷ്യോയും സർക്കാർ അധികാരികൾക്ക് ഔദ്യോഗിക അപേക്ഷകൾ നൽകിയിട്ടുണ്ട്. എന്നാൽ, ഇതുവരെയും അവരുടെ അഭ്യർഥനകൾക്ക് മറുപടി ലഭിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.