ഇന്ത്യയിലെ ആറുകോടി ബധിരരിൽ നിന്ന് ആദ്യത്തെ വൈദികൻ

ഫാ. ജോഷി മയ്യാറ്റിൽ

ബധിരനായ ജോസഫ് തേർമഠത്തിൻ്റെ ഉൾവിളി അങ്ങനെ യാഥാർത്ഥ്യമാകുന്നു! നീണ്ട വർഷങ്ങളിലെ കാത്തിരിപ്പിനും പരിശീലനത്തിനും ശേഷം മെയ് രണ്ടാം തീയതി അദ്ദേഹം വൈദികനായി അവരോധിക്കപ്പെടുകയാണ്.

ആഗോള കത്തോലിക്കാസഭയിൽ ഇരുപത്തഞ്ചോളം ബധിരവൈദികർ ഉണ്ടെങ്കിലും, ഇന്ത്യയിൽ ആദ്യമായാണ് ബധിരനായ ഒരാൾ വൈദികപട്ടം സ്വീകരിക്കുന്നത്. ഹോളി ക്രോസ് സന്യാസസഭാംഗമാണ് ഡീക്കൻ ജോസഫ്.

ജോസഫിനെയും സഹോദരൻ സ്റ്റാലിനെയും ഞാൻ പരിചയപ്പെടുന്നത് 2014-ലാണ്. കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറിയായിരിക്കേ, ബധിരരുടെ സുവിശേഷവത്കരണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്ന കാലം. ബധിരർക്കു വേണ്ടി ബൈബിൾ സംഭവങ്ങളും ഉപമകളും ആംഗ്യഭാഷയിൽ ദൃശ്യവത്കരിക്കാൻ കേരള കാത്തലിക് ബൈബിൾ സൊസൈറ്റി ആദ്യമായി തീരുമാനമെടുത്ത കാലം. ആംഗ്യഭാഷയിൽ പ്രാവീണ്യമുള്ള ബഹു. സി. അഭയയുടെയും ഗൾഫു രാജ്യങ്ങളിലെ നഴ്സുമാരുടെയും സഹായത്തോടെ എഫ്ഫാത്ത എന്ന ആൽബം പുറത്തിറക്കി. അതിൻ്റെ പ്രകാശന വേളയിലാണ് ഇവരെ ഞാൻ പരിചയപ്പെടുന്നത്. പിന്നീട് ബധിര സമൂഹത്തിൻ്റെ ക്രിസ്മസ്സ് ആഘോഷങ്ങളിലും ഞായറാഴ്ച ദിവ്യബലിയർപ്പണത്തിലുമൊക്കെ സംബന്ധിക്കാൻ എനിക്ക് ഇടയായി. അവിടെയെല്ലാം ജോസഫിൻ്റെ നേതൃപാടവവും പ്രബോധന ചാതുരിയും എന്ന അദ്ഭുതപ്പെടുത്തി.

അമേരിക്കയിൽ ഒരു സന്യാസസമൂഹത്തിൽ സന്യാസപരിശീലനം ആരംഭിച്ച ജോസഫിന്, പക്ഷേ, അതു പൂർത്തിയാക്കാനായില്ല. പിന്നീട് ബധിര സമൂഹത്തെ സഹായിക്കാനെത്തിയ ഫാ. ബിജു മൂലക്കരയുടെ സഹായത്തോടെയാണ് ഹോളി ക്രോസ് സഭയിലേക്ക് ജോസഫ് എത്തിപ്പെടുന്നത്.

തൃശൂരുകാരാണ് ഡീക്കൻ ജോസഫിൻ്റെ വീട്ടുകാരെങ്കിലും ഇപ്പോൾ ഇടപ്പിള്ളിയിലാണ് താമസം. തോമസും റോസിയുമാണ് മാതാപിതാക്കൾ. സഹോദരൻ ലെനിനും ബധിരനാണ്. ഇരുവരും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. ലെനിൻ ബാങ്കുദ്യോഗസ്ഥനും വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്.

ഫാ. ജോഷി മയ്യാറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.