മെക്സിക്കോയിൽ ദൈവാലയത്തിനു സമീപം വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ച് ദുരന്തം: ഒൻപത് മരണം, പരിക്കേറ്റവരിൽ കുട്ടികളും

മെക്സിക്കോയിലെ സ്റ്റേറ്റ് ഓഫ് മെക്സിക്കോയിലുള്ള തെമാസ്കാൽസിംഗോയിലെ ദൈവാലയത്തിനു സമീപമുണ്ടായ വൻ വെടിക്കെട്ട് ദുരന്തത്തിൽ ഒൻപതു പേർ കൊല്ലപ്പെടുകയും 24 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെമാസ്കാൽസിംഗോയിലെ സാന്റ മരിയ കാഞ്ചെസ്ഡാ ഗ്രാമത്തിൽ ലേഡി ഓഫ് ദി ലൈറ്റ് ദൈവാലയത്തിലെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി സൂക്ഷിച്ചിരുന്ന വെടിക്കെട്ട് സാമഗ്രികളാണ് പൊട്ടിത്തെറിച്ചത്. ദൈവാലയത്തിനു തൊട്ടടുത്തുള്ള കെട്ടിടത്തിലെ മുറിയിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിനാണ് തീപിടിച്ച് ശക്തമായ സ്ഫോടനമുണ്ടായത്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീഴുകയും പരിസരത്തുണ്ടായിരുന്ന വിശ്വാസികളുടെമേൽ പതിക്കുകയുമായിരുന്നു. അപകടസ്ഥലത്തു വച്ചുതന്നെ എട്ടുപേർ മരിച്ചു. പരിക്കേറ്റ് അറ്റ്‌ലാകോമുൽക്കോ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാൾ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റ 24 ഓളം പേരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. റെസ്ക്യൂ ടീമുകളും അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തിയാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

വെടിക്കെട്ട് സാമഗ്രികൾക്ക് തീപിടിക്കാനുണ്ടായ കൃത്യമായ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് സിവിൽ ഡിഫൻസും പ്രാദേശിക അധികൃതരും സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.