മൊസാംബിക്കിൽ സ്ഥിതി ഗുരുതരം; വെള്ളപ്പൊക്കത്തിനു പിന്നാലെ കടുത്ത പട്ടിണിയും

ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കനത്ത പ്രളയത്തിന് പിന്നാലെ ജനങ്ങൾ രൂക്ഷമായ ഭക്ഷ്യക്ഷാമവും നേരിടുകയാണ്. കൃഷിയിടങ്ങളും വളർത്തുമൃഗങ്ങളും പ്രളയത്തിൽ ഒലിച്ചുപോയതോടെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാർഗമാണ് പൂർണ്ണമായി അടഞ്ഞത്. ഗതാഗത സൗകര്യങ്ങൾ തകർന്നതിനെ തുടർന്ന് വിപണികളിൽ സാധനങ്ങളുടെ ലഭ്യത കുറയുകയും അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്.

പ്രളയത്തിൽ രണ്ടര ലക്ഷത്തിലധികം ഹെക്ടർ കൃഷിഭൂമി നശിച്ചതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടന വ്യക്തമാക്കുന്നു. കടുത്ത വരൾച്ചയിൽ നിന്ന് കരകയറുന്നതിനിടെ എത്തിയ വെള്ളപ്പൊക്കം സാധാരണക്കാരായ കർഷകരുടെ ജീവിതത്തെ പൂർണ്ണമായും തകർത്തു കളഞ്ഞു. നിലവിൽ സ്വന്തമായി ഭക്ഷണം ഉത്പാദിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഉയർന്ന വില നൽകി സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

വിപണികളിൽ ഭക്ഷ്യധാന്യങ്ങൾക്ക് 10 ശതമാനത്തിലധികം വില വർധിച്ചതായി പ്രാദേശിക കച്ചവടക്കാർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾ മൊസാംബിക്കിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തകർച്ചയിലേക്ക് തള്ളിയിടുകയാണ്. അന്താരാഷ്ട്ര സംഘടനകളുടെ അടിയന്തര സഹായം എത്തിയാൽ മാത്രമേ ഈ വലിയ പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്ക് സാധിക്കൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.