വ്യാജ മതനിന്ദാ കേസ്: ക്രൈസ്തവന് വധശിക്ഷ വിധിച്ച് പാക്ക് കോടതി

പാക്കിസ്ഥാനിൽ മതനിന്ദാ കേസിൽ അറസ്റ്റിലായ ക്രൈസ്തവ സഹോദരങ്ങളിൽ ഒരാളുടെ വധശിക്ഷ ശരി വച്ച് ഉന്നത കോടതി. ഇതോടെ ഒരേ തെളിവുകൾ ഇരുവരുടെയും കാര്യത്തിൽ എങ്ങനെയാണ് വ്യത്യസ്തമായി മാറിയതെന്ന ആരോപണം ഉയരുകയും കേസ് വ്യാജമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ട് മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി.

ജസ്റ്റിസ് മുഹമ്മദ് ഹാഷിം ഖാൻ കാക്കറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് ഒക്ടോബർ ഏഴിന് 49-കാരനായ കൈസർ അയ്യൂബിന്റെ ഹർജി തള്ളിയത്. ഇന്റർനെറ്റിൽ ദൈവദൂഷണപരമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് അദ്ദേഹത്തിന് നൽകിയ വധശിക്ഷ കോടതി ശരിവച്ചെങ്കിലും, തെളിവുകളുടെ അഭാവത്തിൽ 46-കാരനായ സഹോദരൻ അമൂൺ അയ്യൂബിനെ വെറുതെ വിട്ടു. ലാഹോർ സ്വദേശികളായ ഈ സഹോദരന്മാർക്കെതിരെയുള്ള കേസ് 2011 ൽ ആണ് രജിസ്റ്റർ ചെയ്തത്.

കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ കൈസർ, 2009-ൽ തന്നെ തന്റെ വെബ്‌സൈറ്റ് അടച്ചുപൂട്ടിയെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ പരിചയക്കാരനായ ഷെഹരിയാർ ഗിൽ എന്ന മുസ്ലീം വ്യക്തി, കോപ്പിറൈറ്റ് വിവരങ്ങളിൽ കൈസറിന്റെ പേര് നിലനിർത്തിക്കൊണ്ടുതന്നെ ഈ വെബ്‌സൈറ്റ് വീണ്ടും ആരംഭിക്കുകയായിരുന്നു. ദൈവനിന്ദാ ആരോപണം ഉയർന്നതിനെ തുടർന്ന്, സഹോദരന്മാർ പാക്കിസ്ഥാൻ വിട്ട് സിംഗപ്പൂരിലേക്കും പിന്നീട് തായ്‌ലൻഡിലേക്കും കടന്നു. 2014-ൽ ലാഹോറിൽ തിരിച്ചെത്തിയപ്പോഴാണ് കൈസർ അറസ്റ്റിലായത്. അമൂൻ 2015-ലും അറസ്റ്റിലായി. 2018-ൽ വിചാരണക്കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചു. 2022-ൽ ലാഹോർ ഹൈക്കോടതിയുടെ റാവൽപിണ്ടി ബെഞ്ച് ഈ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.

“അമൂന്റെ വിടുതലിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ ഒരേ കേസിൽ ഒരു സഹോദരനെതിരെയുള്ള തെളിവുകൾ അപര്യപ്തമാണെങ്കിൽ, അതേ തെളിവുകളുടെ അടിസ്ഥാനത്തിൽ മറ്റേയാളെ എങ്ങനെ തൂക്കിലേറ്റാൻ കഴിയും?” എന്ന് ഈ കേസിൽ സഹോദരങ്ങളെ സഹായിച്ച സംഘടനയായ ‘സെന്റർ ഫോർ ലീഗൽ എയ്ഡ്, അസിസ്റ്റൻസ് ആൻഡ് സെറ്റിൽമെന്റ് സംഘടനയുടെ ഡയറക്ടർ നാസിർ സയീദ് ചോദിക്കുന്നു.

പിടിച്ചെടുത്ത ലാപ്‌ടോപ്പിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകളെ ആശ്രയിച്ചാണ് ശിക്ഷാവിധി നിലനിൽക്കുന്നത് എന്നും, ഇതിന് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.