
2021 മുതൽ എസ്റ്റോണിയയുടെ പ്രസിഡന്റായ അലാർ കാരിസിനെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ വത്തിക്കാനിൽ സ്വീകരിച്ചു. ഏപ്രിൽ മൂന്നിന് കർദിനാൾ പരോളിനുമായി നടന്ന കൂടിക്കാഴ്ചയിൽ സ്റ്റേറ്റ്സ് ആൻഡ് ഇന്റർനാഷണൽ ഓർഗനൈസേഷൻസ് സെക്രട്ടറി ബിഷപ്പ് റിച്ചാർഡ് ഗല്ലാഗറും പങ്കെടുത്തിരുന്നു.
വത്തിക്കാൻ പുറത്തുവിട്ട വാർത്തകൾ അനുസരിച്ച്, സംഭാഷണത്തിനിടയിൽ ഉഭയകക്ഷി ബന്ധങ്ങളിൽ ഇരുവരും സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. എസ്റ്റോണിയൻ സമൂഹത്തിന് പ്രാദേശിക കത്തോലിക്കാ സമൂഹം നൽകുന്ന നല്ല സംഭാവനകളെ അലാർ കാരിസ് പ്രത്യേകം എടുത്തു പറഞ്ഞു. ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചുള്ള പ്രത്യേക പരാമർശത്തോടെ പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും കൂടിക്കാഴ്ചയുടെ ചർച്ചാ വിഷയങ്ങളായിരുന്നു.
2018 സെപ്റ്റംബറിൽ ബാൾട്ടിക് രാജ്യങ്ങളിലേക്കുള്ള യാത്രയുടെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പ എസ്റ്റോണിയ സന്ദർശിച്ചിരുന്നു. ലിത്വാനിയ, ലാത്വിയ എന്നിവിടങ്ങളിലും മാർപാപ്പ സന്ദർശനം നടത്തി.




