തങ്ങളുടെ വിശ്വാസം ഏറ്റുപറയുന്നതിൽ ജെൻസി തലമുറ മുന്നിലെന്ന് റിപ്പോർട്ട്

ആധുനിക യുഗത്തിൽ ദൈവവിശ്വാസത്തിലും മതപരമായ കാര്യങ്ങളിലും മുൻ തലമുറകളെക്കാൾ കൂടുതൽ താൽപ്പര്യം കാണിക്കുന്നത് ‘ജെൻസി’ (Gen Z – 1990-കളുടെ മധ്യം മുതൽ 2010-കളുടെ തുടക്കം വരെ ജനിച്ചവർ) തലമുറയാണെന്ന് പുതിയ സർവേ റിപ്പോർട്ട്. മുതിർന്ന തലമുറകളെ അപേക്ഷിച്ച് ജനറേഷൻ സെഡിൽപ്പെട്ട യുവജനങ്ങൾ തങ്ങളെ ദൈവവിശ്വാസികളായി അടയാളപ്പെടുത്താനും മതപരമായ ആചാരങ്ങളിൽ പങ്കാളികളാകാനും കൂടുതൽ താല്പര്യം കാണിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

ജൂലൈ 1 മുതൽ 4 വരെയുള്ള തീയതികളിൽ 2,136 അമേരിക്കൻ മുതിർന്നവരിൽ നിന്ന് ശേഖരിച്ച മറുപടികളുടെ അടിസ്ഥാനത്തിൽ ‘ദ ഹാരിസ് പോൾ’ (The Harris Poll) ഈ സർവേ പുറത്തുവിട്ടത്. സർവേയിൽ പങ്കെടുത്തവരെ തലമുറകളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിരുന്നു: ജനറേഷൻ സെഡ് (18 മുതൽ 29 വയസ്സ് വരെ), മില്ലേനിയലുകൾ (30 മുതൽ 45 വയസ്സ് വരെ), ജനറേഷൻ എക്സ് (46 മുതൽ 61 വയസ്സ് വരെ), ബേബി ബൂമറുകൾ (62 വയസ്സും അതിനുമുകളിലും).

യുവതലമുറ പൂർണ്ണമായും നിരീശ്വരവാദത്തിലേക്കും ലൗകിക ജീവിതത്തിലേക്കും നീങ്ങുകയാണെന്ന പൊതുധാരണ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ പഠന ഫലങ്ങൾ. മറ്റ് പ്രായമായ തലമുറകളെ അപേക്ഷിച്ച് ജെൻസി യുവാക്കൾ തങ്ങളുടെ മതപരമായ വ്യക്തിത്വം തുറന്നുപറയാൻ മടിക്കുന്നില്ലെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു.

ഡിജിറ്റൽ യുഗത്തിലെ മാനസിക സമ്മർദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും നടുവിൽ സമാധാനത്തിനും ജീവിത ലക്ഷ്യത്തിനും വേണ്ടിയാണ് പല യുവാക്കളും പ്രാർഥനയിലും ആത്മീയതയിലും അഭയം കണ്ടെത്തുന്നത് എന്നും പഠനം വ്യക്തമാക്കുന്നു. പ്രായമായ തലമുറകളിൽ വലിയൊരു വിഭാഗം മതപരമായ കാര്യങ്ങളിൽ നിന്ന് അകലുമ്പോൾ, യുവാക്കൾ ആത്മീയ വിഷയങ്ങളെ കൂടുതൽ ഗൗരവമായി സമീപിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് പുതിയ പ്രതീക്ഷ നൽകുന്നു എന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

സാങ്കേതികവിദ്യയുടെയും സോഷ്യൽ മീഡിയയുടെയും അതിപ്രസരമുള്ള കാലഘട്ടത്തിലും ദൈവവിശ്വാസത്തോടും സഭാ കൂട്ടായ്മകളോടും ജെൻസി തലമുറ കാണിക്കുന്ന ഈ താൽപ്പര്യം മതരംഗത്തും സാമൂഹിക നിരീക്ഷകർക്കിടയിലും വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.