
കത്തോലിക്കരും ലൂഥറൻ സഭകളും തമ്മിലുള്ള എക്യൂമെനിക്കൽ സംവാദയാത്ര തുടരണമെന്നും, എക്യൂമെനിക്കൽ സാക്ഷ്യം ലോകത്തിന് മുന്നിൽ ക്രൈസ്തവവിശ്വാസത്തിന്റെ സാക്ഷ്യമാണെന്നും ലെയോ പതിനാലാമൻ പാപ്പ. ആഗോള ലൂഥറൻ ഫെഡറേഷന്റെ പ്രതിനിധി സംഘത്തിന് ഒക്ടോബർ ഒന്നാം തീയതി വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കവെയാണ്, വിവിധ ക്രൈസ്തവസഭകൾ തമ്മിലുള്ള സംവാദത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞത്.
ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന എക്യൂമെനിക്കൽ സാക്ഷികളെ ലോകത്തിന് ആവശ്യമുണ്ടെന്ന് ഉദ്‌ബോധിപ്പിച്ച പരിശുദ്ധ പിതാവ്, കത്തോലിക്കാ-ലൂഥറൻ സഭകൾക്കിടയിലുള്ള സഹകരണവും സംവാദങ്ങളും തുടരേണ്ടവയാണെന്ന് പ്രസ്താവിച്ചു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ കത്തോലിക്കാ-ലൂഥറൻ സഭകൾക്കിടയിലെ ബന്ധം ആത്മീയ ദൈവശാസ്ത്ര തലങ്ങളിൽ കൂടുതൽ മുന്നോട്ട് പോയിട്ടുണ്ടെന്നും, അന്താരാഷ്ട്രരംഗത്ത് ഇരുസഭകൾക്കുമിടയിലെ ദൈവശാസ്ത്ര സംവാദങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും പാപ്പ ഓർമ്മിപ്പിച്ചു.
2021-ൽ ഫ്രാൻസിസ് മാർപാപ്പ എക്യുമെനിസവുമായി ബന്ധപ്പെട്ട് നൽകിയ ആഹ്വാനം തന്റെ പ്രഭാഷണത്തിൽ പരാമർശിച്ച പാപ്പ, കർക്കശ നിലപാടുകൾ മറികടന്ന് സഹകരണമനോഭാവത്തിലേക്ക് വളരേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. എക്യൂമെനിസം ദൈവ കൃപയുടെ ഒരു യാത്രയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




