എന്താണ് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ നമുക്ക് നഷ്ടമാകുന്നത്?

സോഷ്യൽ മീഡിയയുടെ ഇന്നത്തെ ലോകത്ത് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാനും അവരുമായി നമ്മെ താരതമ്യം ചെയ്യാനും വളരെ എളുപ്പമാണ്. മറ്റുള്ളവരുടെ ഭംഗിയുള്ള ചിത്രങ്ങളും വിജയങ്ങളും ആഘോഷങ്ങളും കാണുമ്പോൾ, അറിയാതെയാണെങ്കിലും നമ്മൾ സ്വയം ചെറുതായിപ്പോകുന്നതായി തോന്നാറുണ്ട്. എന്നാൽ, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് മാത്രം കണ്ണുനട്ടിരിക്കുമ്പോൾ, നമ്മുടെ സ്വന്തം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ചില കാര്യങ്ങളാണ് നമുക്ക് നഷ്ടപ്പെട്ടുപോകുന്നത്.

1. ജീവിതത്തോട് തോന്നേണ്ട സംതൃപ്തി

നമുക്ക് ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് മാത്രം എപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നാൽ, നമ്മുടെ മുന്നിലുള്ള വലിയ സന്തോഷങ്ങളെ പോലും കാണാൻ സാധിക്കാതെ പോകും. മറ്റുള്ളവരുടെ കൈയിലുള്ളതെല്ലാം നമുക്കില്ലായിരിക്കാം; എന്നാൽ നമുക്ക് സ്വന്തമായി ലഭിച്ച അനുഗ്രഹങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വലിയ കാര്യങ്ങൾക്ക് പിന്നാലെ ഓടാതെ, നിലവിൽ നമ്മുടെ കൈയിലുള്ള ചെറിയ കാര്യങ്ങളിൽ പോലും സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ കഴിയുന്നതിലാണ് ജീവിതത്തിന്റെ യഥാർഥ ഭംഗി.

2. സ്വന്തം കഴിവുകൾ വളർത്താനുള്ള സമയം

മനുഷ്യന്റെ മനസ്സിന് ഒരേസമയം ഏതെങ്കിലും ഒരു കാര്യത്തിൽ മാത്രമേ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കൂ. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കി സമയം കളയുമ്പോൾ, നമ്മൾ എന്തായി തീരണമെന്നോ നമ്മുടെ സ്വപ്നങ്ങൾ എങ്ങനെ നേടിയെടുക്കണമെന്നോ ചിന്തിക്കാനുള്ള വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നത്. മറ്റാരെയെങ്കിലും അനുകരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ പ്രധാനം, നമ്മളിലുള്ള യഥാർഥ കഴിവുകളെ തിരിച്ചറിയുകയും അവയെ വളർത്തുകയും  ചെയ്യുക എന്നതാണ്.

3. സ്വന്തം വ്യക്തിത്വത്തിലുള്ള ആത്മവിശ്വാസം

പുറമെ നിന്ന് നോക്കുമ്പോൾ എല്ലാവരുടെയും ജീവിതം പരിപൂർണ്ണവും സന്തോഷഭരിതവുമാണെന്ന് തോന്നാം. എന്നാൽ യാഥാർഥ്യം
അതല്ല; പുറത്തുപറയാത്ത പ്രയാസങ്ങളും ഭയങ്ങളും എല്ലാവരുടെയും ജീവിതത്തിലുണ്ട്. മറ്റുള്ളവരുടെ തിളക്കം കണ്ട് നമ്മെത്തന്നെ കുറച്ചുകാണുമ്പോൾ, പതുക്കെ നമ്മുടെ ആത്മവിശ്വാസമാണ് തകരുന്നത്. ഈ ലോകത്ത് നിങ്ങൾക്ക് പകരം വയ്ക്കാൻ നിങ്ങൾ മാത്രമേയുള്ളൂ; ആ പ്രത്യേകതയെ തിരിച്ചറിഞ്ഞ് സ്വന്തം വ്യക്തിത്വത്തെ സ്നേഹിക്കാനും അംഗീകരിക്കാനും തയ്യാറാകുകയാണ് വേണ്ടത്.

ചുരുക്കത്തിൽ, മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നമ്മുടെ മനഃസമാധാനത്തെയും സന്തോഷത്തെയുമാണ് കവർന്നെടുക്കുന്നത്. ലോകത്തിലെ മറ്റാരെക്കാളും മികച്ചവരാകാൻ ശ്രമിക്കുന്നതിനേക്കാൾ പ്രധാനം, ഇന്നലത്തെ നമ്മളെക്കാൾ മെച്ചപ്പെട്ട ഒരു വ്യക്തിയായി ഇന്ന് മാറാൻ ശ്രമിക്കുക എന്നതാണ്. സ്വന്തം കഴിവുകളിൽ വിശ്വസിച്ച്, വ്യക്തിത്വം പണയം വയ്ക്കാതെ മുന്നോട്ട് പോകുമ്പോഴാണ് ജീവിതം കൂടുതൽ അർഥവത്താകുന്നത്.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.