അന്താരാഷ്ട്ര വയോജന ദിനം: പ്രായമായവരെ പരിചരിക്കുന്നതിനെക്കുറിച്ച് രണ്ട് വിശുദ്ധരുടെ ചിന്തകൾ

ഒക്ടോബർ ഒന്നിനായിരുന്നു അന്താരാഷ്ട്ര വയോജന ദിനമായി ആചരിച്ചത്. കുടുംബങ്ങളിൽ വിശ്വാസം കൈമാറാൻ ഉത്തരവാദികളായ വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ച, വലിയ സുഹൃത്തുക്കളായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയുടെയും വാക്കുകൾ നമുക്ക് ഓർക്കാം.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ

2005-ലെ തന്റെ വലിയ നോമ്പുകാല സന്ദേശത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഓർമ്മിപ്പിച്ചത്, “ബൈബിൾ കാഴ്ചപ്പാടിൽ വാർധക്യത്തിലെത്തുന്നത് അത്യുന്നതന്റെ അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും അടയാളമാണ് എന്നാണ്. കാരണം ‘ദൈർഘ്യമേറിയ ആയുസ്സ് ദൈവത്തിന്റെ പ്രത്യേക ദാന’മായിട്ടാണ് കാണപ്പെടുന്നത്.”

മാർപാപ്പയുടെ അഭിപ്രായത്തിൽ, ഈ നൂറ്റാണ്ടിലെ സമൂഹത്തിൽ ശാസ്ത്രവും വൈദ്യശാസ്ത്രവും മനുഷ്യന്റെ ആയുസ്സ് വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ഇത് പ്രായമായവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവിന് കാരണമായി. പ്രായമായവരെ, അവരുടെ ഏറ്റവും വിഷമകരമായ സമയങ്ങളിൽ പരിചരിക്കുന്നത് എല്ലാ വിശ്വാസികളുടെയും, പ്രത്യേകിച്ച് പാശ്ചാത്യ സമൂഹങ്ങളിലെ സഭാ സമൂഹങ്ങളുടെയും മുൻഗണനയായിരിക്കണം എന്ന് മാർപാപ്പ തുടർന്നു പറഞ്ഞു.

“ഈ വീക്ഷണകോണിൽ നിന്നാണ് പ്രായമായവരെ മനസ്സിലാക്കേണ്ടതും സഹായിക്കേണ്ടതും (…) നിങ്ങളുടെ സഹായം പല പ്രായമായവരെയും, സമൂഹത്തിനോ സ്വന്തം കുടുംബങ്ങൾക്കോ തങ്ങൾ ഒരു ഭാരമാണെന്ന് തോന്നാതിരിക്കാൻ സഹായിക്കും. അത് അവരെ ഏകാന്തതയിൽ ജീവിക്കുന്നതിൽ നിന്ന് തടയും. ഇത്തരം ഏകാന്തതയാണ് അവരെ നിരാശയിലേക്കും തങ്ങളിലേക്ക് തന്നെ ചുരുങ്ങുന്നതിലേക്കും നയിക്കുന്നത്”.

ഈ സാഹചര്യത്തിൽ, പ്രായമായവർ ഏത് സാഹചര്യത്തിലും വലിയ മൂല്യമുള്ളവരാണെന്നും അവരെ അർഹമായ രീതിയിൽ വിലമതിക്കുകയും സ്വീകരിക്കുകയും വേണം എന്ന ബോധവൽക്കരണം പൊതുജനങ്ങളിൽ വളർത്താനും പരിശുദ്ധ പിതാവ് നല്ല മനസ്സുള്ള എല്ലാ ആളുകളോടും അഭ്യർഥിച്ചു.

“വാർധക്യത്തിൽ ലഭ്യമാകുന്ന കൂടുതൽ സമയം, മുൻപ് മാറ്റിവച്ച ജീവിതപരമായ ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ പ്രായമായവരെ സഹായിക്കുന്നു”വെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ എടുത്തുപറഞ്ഞു. പ്രായമായവരുടെ ജ്ഞാനത്തിനും അനുഭവപരിചയത്തിനും പുരോഗതിയിലേക്കുള്ള മനുഷ്യരാശിയുടെ പാതയെ പ്രകാശിപ്പിക്കാൻ കഴിയുമെന്നതിനാൽ പ്രായമായവർക്ക് നിർണ്ണായക പങ്ക് വഹിക്കാൻ കഴിയുമെന്നും ജോൺ പോൾ പാപ്പ പ്രസ്താവിച്ചു.

കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസ

1979 ഡിസംബർ 11-ന് നൽകിയ നോബൽ സമാധാന പുരസ്കാര സ്വീകരണ പ്രസംഗത്തിൽ, കൽക്കട്ടയിലെ മദർ തെരേസ ക്രിസ്തുവിന്റെ കഷ്ടപ്പാടുകളെക്കുറിച്ചും മറ്റുള്ളവരോടുള്ള സ്നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഴത്തിലുള്ള സംവേദനക്ഷമതയോടെ സംസാരിച്ചു. നമ്മൾ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത് എന്നതിനാൽ, ദൈവത്തോടുള്ള നമ്മുടെ വിശപ്പ് അടക്കാൻ യേശു ‘ജീവന്റെ അപ്പമായി മാറി’ എന്ന് മദർ തെരേസ വ്യക്തമാക്കി.

ഈ അർഥത്തിൽ, ഏറ്റവും നിർധനരായവരിൽ യേശു തന്റെ സാന്നിധ്യം അറിയിക്കുന്നു എന്ന് വിശുദ്ധ ചൂണ്ടിക്കാണിച്ചു: “വിശക്കുന്നവർ, വസ്ത്രമില്ലാത്തവർ, ഭവനരഹിതർ, രോഗികൾ, തടവിലുള്ളവർ, ഏകാന്തത അനുഭവിക്കുന്നവർ, ആരും ആഗ്രഹിക്കാത്തവർ” എന്നിവരിൽ അവർക്കായി നമ്മൾ ചെയ്യുന്നതെന്തും ദൈവത്തിനായി തന്നെയാണ് ചെയ്യുന്നത് എന്ന കാര്യം “നിങ്ങൾ എനിക്ക് ചെയ്തു” എന്ന വാക്കുകളിലൂടെ യേശു നമ്മെ ഓർമ്മിപ്പിക്കുന്നു.

ഒരു വയോജന മന്ദിരത്തിലെ തന്റെ അനുഭവം പങ്കുവച്ച നിമിഷമായിരുന്നു മദറിന്റെ പ്രസംഗത്തിലെ ഏറ്റവും വികാരഭരിതമായ നിമിഷം. അവിടെയുള്ള പ്രായമായ അന്തേവാസികൾക്ക് എല്ലാ ഭൗതിക സൗകര്യങ്ങളും മനോഹരമായ വസ്തുക്കളും ഉണ്ടായിരുന്നുവെങ്കിലും അവിടെ കണ്ട സങ്കടകരമായ കാഴ്ച മദർ തെരേസ വിവരിച്ചു.

ഭൗതിക സൗകര്യങ്ങളാൽ ചുറ്റപ്പെട്ടിരുന്നിട്ടും, അവിടെയുള്ള എല്ലാവരും തങ്ങളുടെ മകനോ, മകളോ കാണാൻ വരുമെന്ന പ്രതീക്ഷയിൽ “വാതിലിലേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു” എന്നത് മദറിനെ അദ്ഭുതപ്പെടുത്തി. “ആരുടെയും മുഖത്ത് ഒരു പുഞ്ചിരി പോലും ഞാൻ കണ്ടില്ല,” മദർ ഓർത്തെടുത്തു. സ്വന്തം കുടുംബങ്ങൾ തങ്ങളെ മറന്നുപോയി എന്ന സങ്കടമാണ് ഈ പ്രായമായവർക്കുള്ളതെന്ന് സ്ഥാപനത്തിലെ ഒരു സന്ന്യാസിനി വിശദീകരിക്കുകയും ചെയ്തു.

ഇത് “നമ്മുടെ സ്വന്തം വീടുകളിൽ” സംഭവിക്കുന്ന ദാരിദ്ര്യത്തിന്റെ ഒരു രൂപമാണെന്ന് മദർ തെരേസ എടുത്തുപറഞ്ഞു. നമ്മളോട് അടുത്തുള്ളവരുടെ വിഷമങ്ങൾ തിരിച്ചറിയാൻ മദർ ആഹ്വാനം ചെയ്തു. കാരണം ചിലപ്പോൾ നമ്മുടെ സ്വന്തം കുടുംബത്തിൽ തന്നെ ഏകാന്തത അനുഭവിക്കുന്ന, രോഗിയായ, അല്ലെങ്കിൽ ഉത്കണ്ഠയുള്ള ആരെങ്കിലും ഉണ്ടാകാം.” കുടുംബത്തിനുള്ളിലെ പരിചരണത്തിന്റെയും സ്നേഹത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട്, ആവശ്യത്തിലിരിക്കുന്നവർക്ക് ഒപ്പം നിൽക്കാൻ മദർ എല്ലാവരെയും ക്ഷണിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.