വെനിസ്വേലയിലെ ഭൂകമ്പം: ഐക്യദാർഢ്യവും പ്രാർഥനകളും അറിയിച്ച് ലോകമെമ്പാടുമുള്ള ബിഷപ്പുമാർ

ജൂൺ 24 ന് വെനിസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പങ്ങളെത്തുടർന്ന് ഇരകളായവർക്ക് ഐക്യദാർഢ്യവും പ്രാർഥനകളും അറിയിച്ച് ലോകമെമ്പാടുമുള്ള ബിഷപ്പുമാർ. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളാണ് പ്രാദേശിക സമയം വൈകുന്നേരം ആറുമണിക്ക് ശേഷം വെനിസ്വേലയെ പിടിച്ചുകുലുക്കിയത്.

തലസ്ഥാന നഗരമായ കാരക്കാസിൽ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 164 ആയി ഉയർന്നു; 971 പേർക്ക് പരിക്കേറ്റു. സുരക്ഷാ-ദുരിതാശ്വാസ ഏജൻസികളും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും പൊലീസും പൂർണ്ണമായി രംഗത്തുണ്ടെന്ന് ആഭ്യന്തര മന്ത്രി ദിയോസ്ദാദോ കാബെല്ലോ അറിയിച്ചു.

വെനിസ്വേലയിലെ മെത്രാന്മാർക്കും അവിടത്തെ ജനങ്ങൾക്കും പനാമയിൽ താമസിക്കുന്ന വെനിസ്വേലൻ സമൂഹത്തിനും ബിഷപ്പുമാർ തങ്ങളുടെ ഐക്യദാർഢ്യവും ആത്മബന്ധവും അറിയിച്ചു. സ്പാനിഷ് എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റ് ബിഷപ്പ് ലൂയിസ് അർഗുവെല്ലോ, വെനിസ്വേലൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റ് ബിഷപ്പ് ഹെസൂസ് ഗോൺസാലസ് ഡി സാരട്ടെയ്ക്ക് അയച്ച കത്തിലൂടെ തന്റെ അനുശോചനം അറിയിച്ചു.

“മരണമടഞ്ഞവരുടെ ആത്മശാന്തിക്കായുള്ള നിങ്ങളുടെ പ്രാർഥനകളിൽ ഞങ്ങളും ആത്മീയമായി പങ്കുചേരുന്നു. അവരുടെ കുടുംബങ്ങൾക്ക് ദൈവികമായ ആശ്വാസം ലഭിക്കുന്നതിനും, വീടുകളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ട നൂറുകണക്കിന് പരിക്കേറ്റവരുടെയും ഭവനരഹിതരായവരുടെയും വേഗത്തിലുള്ള സുഖംപ്രാപിക്കലിനായും ഞങ്ങൾ പ്രാർഥിക്കുന്നു. അതുപോലെ തന്നെ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അധികാരികൾക്കും ആരോഗ്യപ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും ദൈവം ശക്തിയും വെളിച്ചവും നൽകട്ടെ” – കത്തിൽ പറയുന്നു.

സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച സന്ദേശത്തിൽ മെക്സിക്കോയിലെ മെത്രാന്മാരും വെനിസ്വേലൻ ജനതയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുചേർന്നു. ഭൂകമ്പ വാർത്തയിലും അമൂല്യമായ മനുഷ്യജീവനുകളുടെ നഷ്ടത്തിലും ഉണ്ടായ ആഴമേറിയ ദുഃഖം അർജന്റീനിയൻ മെത്രാന്മാർ വെനിസ്വേലൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റിന് അയച്ച കത്തിൽ രേഖപ്പെടുത്തുകയും ദുരന്തബാധിതരായ കുടുംബങ്ങൾക്ക് തങ്ങളുടെ സഹോദരതുല്യമായ അടുപ്പവും ഐക്യദാർഢ്യവും അറിയിക്കുകയും ചെയ്തു.

ചിലിയിലെ എപ്പിസ്കോപ്പൽ കോൺഫറൻസ് (CECh) വെനിസ്വേലൻ ജനതയോടും അവിടത്തെ വൈദികരോടും വിശ്വാസികളോടും തങ്ങളുടെ അഗാധമായ ദുഃഖവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. പ്രിയപ്പെട്ടവരുടെ വേർപാടിൽ വിലപിക്കുന്ന കുടുംബങ്ങൾക്കൊപ്പം പങ്കുചേരുന്നതോടൊപ്പം ചിലിയിൽ കഴിയുന്ന വെനിസ്വേലൻ സമൂഹത്തോടും അവർ തങ്ങളുടെ ആത്മീയമായ കരുതൽ അറിയിച്ചു. യു.എസ്. കത്തോലിക്കാ മെത്രാൻ സമിതിയുടെ ഇന്റർനാഷണൽ ജസ്റ്റിസ് ആൻഡ് പീസ് കമ്മിറ്റി പ്രസിഡന്റ് ബിഷപ്പ് എ. ഏലിയാസ് സെയ്ദാൻ, അമേരിക്കൻ സഭയുടെ പ്രാർഥനകളും ഐക്യദാർഢ്യവും വെനിസ്വേലയെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.