
2023 ജൂൺ 26 ന് പ്രസിദ്ധീകരിച്ച ലേഖനം

“അവൻ സാധുവായിരുന്നു. ലഹരിയാണ് എല്ലാത്തിനും കാരണം” – കോഴിക്കോട്ട് മകന്റെ കുത്തേറ്റ പിതാവ് പറഞ്ഞ വാക്യമാണിത്. ‘ഓറഞ്ചിനിടയിൽ ലഹരിമരുന്ന്; കടത്ത് കപ്പൽ വഴി’, ‘രാജ്യത്തെ ഏറ്റവും വലിയ ലഹരിക്കടത്തിനു പിന്നിൽ മലയാളികൾ’, ‘പെൺകുട്ടിയെ കാറിൽ നിന്നും തള്ളിയിട്ട സംഭവം, എംഡിഎംഎ അടക്കം മാരക മയക്കുമരുന്നുമായി ഡോക്ടർ പിടിയിൽ’, ‘നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്; ഇതുവരെ 1103 കേസുകൾ, 1127 പ്രതികൾ അറസ്റ്റിൽ’ – കഴിഞ്ഞ കുറച്ചു മാസങ്ങളിൽ വിവിധ പത്രങ്ങളിൽ വന്ന വാർത്തകളുടെ തലക്കെട്ടുകളാണ് ഇവയൊക്കെ.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് മദ്യവും ലഹരിമരുന്നുകളും കിട്ടാതെ ആത്മഹത്യ ചെയ്തവരുടെ വാർത്തകൾ നമ്മൾ വലിയ ഞെട്ടലോടെയാണ് കേട്ടത്. ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും അതിനെത്തുടർന്നുണ്ടാകുന്ന സാമൂഹികപ്രശ്നങ്ങളുടെയുമെല്ലാം ഒരു പരിച്ഛേദനമായി മാത്രമാണ് ഈ വാർത്തകളെ ഇവിടെ പരാമർശിച്ചിരിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് വാർത്തകളും പ്രശ്നങ്ങളുമാണ് ലഹരിയുമായി ബന്ധപ്പെട്ട് നമ്മുടെ കൊച്ചുകേരളത്തിലും ഇന്ത്യയിലും അതുപോലെ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരു തലമുറയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലഹരിവസ്തുക്കളെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്രതലത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് തുടർച്ചയായ ഒരു പ്രവർത്തനമാണെങ്കിലും അത്തരം കാര്യങ്ങൾക്കായി ഒരു ദിനം നീക്കിവയ്ക്കുന്നത് സ്വാഭാവികമായതിനാൽ ഐക്യരാഷ്ട്ര സംഘടന ജൂൺ 26 നാണ് ലോക ലഹരിവിരുദ്ധ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനുമെതിരായാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത്. അമിതലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ ഉണർത്തുക എന്നതു തന്നെയാണ് ഈ ദിനം ലക്ഷ്യം വയ്ക്കുന്നത്. 1987 മുതൽ എല്ലാ വർഷവും ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചുവരുന്നു. കഴിഞ്ഞ 13 വർഷത്തിലേറെയായി ലഹരിക്കെതിരായുള്ള ബോധവത്ക്കരണത്തിൽ മുൻകൈയെടുത്തുവരുന്ന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കോഴിക്കോട് സ്പെഷ്യൽ സെൽ എസ്.പി. (റിട്ടയേർഡ്) പ്രിൻസ് എബ്രഹാം ലൈഫ്ഡേയോട് സംസാരിക്കുന്നു.
പുതുതലമുറയും ലഹരിയും
വർഷങ്ങൾക്കു മുൻപ് നാല് കൊലപാതകം നടത്തിയ ഒരു വ്യക്തി നടത്തിയ കുറ്റസമ്മതമാണ് ലഹരിക്കെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ആവശ്യകതെയെക്കുറിച്ച് പ്രിൻസ് എബ്രഹാം സാറിനെ ഇരുത്തിച്ചിന്തിപ്പിച്ചത്. തീരെ കായികക്ഷമതയില്ലാത്ത ഒരാൾക്ക് എങ്ങനെ ഇത്രയധികം കൊലപാതകങ്ങൾ ചെയ്യാൻ സാധിച്ചു എന്നത് പൊലീസിനെ അദ്ഭുതപ്പെടുത്തി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലൂടെയാണ്, എന്താണ് ഇതിനു പിന്നിലെ യഥാർഥ വില്ലൻ എന്ന് തിരിച്ചറിഞ്ഞത്. പ്രതി നടത്തിയ കുറ്റസമ്മതം ഇപ്രകാരമായിരുന്നു: “സാറേ, ഒരു കഞ്ചാവ് ബീഡി വലിച്ചുകഴിഞ്ഞാൽ പിന്നെ ഞാൻ എന്തും ചെയ്യും.” ഇതൊരു ഉദാഹരണം മാത്രമാണ്. പ്രിൻസ് സർ പങ്കുവയ്ക്കുന്നു.
വികസിക്കുന്ന സമൂഹത്തിനുള്ള വലിയ വെല്ലുവിളിയാണ് ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും. ഇന്ന് പിടിക്കപ്പെടുന്ന എല്ലാ കേസുകളുടെയും മൂലകാരണം ലഹരിവസ്തുക്കൾ തന്നെയാണ്. ഇത് അതിഭയാനകമാംവിധം പിടിമുറുക്കിയിരിക്കുന്നത് നമ്മുടെ പുതിയ തലമുറയെ ആണ്. പത്തും പതിമൂന്നും വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ പോലും ഇന്ന് പലതരത്തിലുള്ള മയക്കുമരുന്നുകൾക്ക് അടിമകളായി മാറിയിരിക്കുകയാണ്. അതു മാത്രമല്ല, ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഇന്നത്തെ വിദ്യാഭ്യാസത്തെയാണ്. കുട്ടികളിലെ ഒരു നിസ്സംഗഭാവത്തിന്റെ മൂലകാരണവും ഇതു തന്നെയാണ്.
പണ്ടൊക്കെ സമൂഹത്തിൽ ആരോഗ്യകരമായ രീതിയിൽ പ്രതികരിക്കുന്ന ഒരു യുവജനതയുണ്ടായിരുന്നു. എന്നാൽ, ഇന്നത്തെ യുവാക്കൾ വളരെ നിസ്സംഗരാണ്. ഇന്നത്തെ തലമുറയ്ക്ക് അക്കാദമികമായ നിലവാരമുണ്ടാകും. എന്നാൽ, മാനുഷികമായ ചില ഗുണങ്ങൾ ആരോഗ്യകരമായ ഒരു സാമൂഹികജീവിതത്തിന് ആവശ്യമാണ്. അതാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇതൊക്കെയും നമ്മുടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും നിലനിൽപ്പിനു തന്നെ ഭീഷണിയാണ് – പ്രിൻസ് സാർ ആശങ്ക അറിയിക്കുകയാണ്.
കഞ്ചാവ് മുതൽ എംഡിഎംഎ വരെ
“വർഷങ്ങൾക്കു മുൻപൊക്കെ മയക്കുമരുന്ന് കടത്തിനും ഉപയോഗത്തിനുമൊക്കെ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ അടുത്ത് വെറും ഇരുപത്തിയഞ്ചോ, അമ്പതോ ഗ്രാം മാത്രം കഞ്ചാവോ, ഒരു ഗ്രാം മാത്രം ബ്രൗൺ ഷുഗറോ ഒക്കെയേ ഉണ്ടാകൂ. എന്നാൽ, ഇതിന്റെ അളവിലുള്ള വളർച്ചയിലെ ത്വരിതഗതി ഞെട്ടിപ്പിക്കുന്നതാണ്. ഇന്ന് ഇതൊരു വ്യവസായമായി മാറിയിരിക്കുകയാണ്. സ്‌കൂൾ വിദ്യാർഥികളടക്കം അഭ്യസ്തവിദ്യരായ നിരവധി ആളുകളാണ് ഇന്ന് ഇതിന്റെ ഉപഭോക്താക്കളായും വാഹകരായും പ്രവർത്തിക്കുന്നത്. ഓരോ ദിവസവും ചാക്കുകണക്കിനും ടൺ കണക്കിനുമാണ് വിവിധ മാരകമായ ലഹരിവസ്തുക്കൾ പൊലീസ് പിടിച്ചെടുക്കുന്നത്. പിടിക്കപ്പെടുന്നത് ഏറ്റവും കുറച്ചായിരിക്കും; അതിലും എത്രയോ ഇരട്ടിയായിരിക്കും ആരുടെയും കണ്ണിൽപ്പെടാതെ പോകുന്നത്” – പ്രിൻസ് സർ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.
എന്തുകൊണ്ട് കുട്ടികളും യുവജനങ്ങളും?
എന്തുകൊണ്ട് കുട്ടികളും യുവജനങ്ങളും ഇതിൽ ഇത്രമാത്രം അകപ്പെടുന്നു എന്നതിന് സർ തന്റെ അനുഭവങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “ബുദ്ധിയെ ഉദ്ധീപിപ്പിക്കുന്നു എന്ന ആകർഷകമായ കാര്യം പറഞ്ഞാണ് വിദ്യാർഥികളെ ഇതിലേക്ക് ആകർഷിക്കുന്നത്. എന്നാൽ, ആദ്യഘട്ടങ്ങളിൽ ഇത് സത്യമാണെന്നു തോന്നുമെങ്കിലും പിന്നീട് ഇതില്ലാതെ ജീവിക്കാനാകില്ലെന്ന അവസ്ഥയും ഉണ്ടാകുന്നു. പതിയെപ്പതിയെ ബുദ്ധിയെയും ശരീരത്തെയും നശിപ്പിക്കുന്ന നിശ്ശബ്ദ കൊലയാളിയാണ് മയക്കുമരുന്നുകൾ. ചിലർ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ തോത് ഒരുപോലെ നിലനിർത്തും. എന്നാൽ, മറ്റു ചിലർ അതിന്റെ അളവ് കൂട്ടിക്കൊണ്ടുവരും. സർക്കാരും എക്സൈസ് വകുപ്പും മറ്റ് യുവജനപ്രസ്ഥാനങ്ങളുമടക്കം നിരവധി സംഘടനകൾ ലഹരിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ നമ്മെ ഞെട്ടിക്കുന്നവയാണ്.”
വ്യക്തി-കുടുംബം- സമൂഹം-രാജ്യം
ഇത് ഉപയോഗിക്കുന്ന ആളുകൾ മൂലം താറുമാറാകുന്നത് ഒരു രാജ്യവും അതോടൊപ്പം ലോകം മുഴുവനുമാണെന്ന് പ്രിൻസ് സർ ഓർമ്മപ്പെടുത്തുന്നു. ഒരു സമൂഹത്തിൽ ഏറ്റവും കൂടുതൽ കർമ്മനിരതരാവേണ്ട ഒരു തലമുറ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. “ഇന്നത്തെ തലമുറയ്ക്ക് അരുതുകളോട് വല്ലാത്ത അഭിനിവേശമാണ്. അതുകൊണ്ടുതന്നെ ലഹരിവസ്തുക്കളോടുള്ള ആകാംക്ഷ ഒരിക്കലും അവസാനിക്കുന്നുമില്ല. ലഹരി ഉപയോഗിക്കുന്ന മക്കളുളള കുടുംബങ്ങളിൽ സംഭവിക്കുന്നത് അങ്ങേയറ്റം ഹൃദയഭേദകമാണ്.
എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരു കുടുംബത്തിലെ മകൻ മയക്കുമരുന്നിന് അടിമയായി. പണത്തിനു വേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്ന ഒരു മകന്റെ അവസ്ഥ അതിഭീകരമായിരുന്നു. അവനെ കാണാനും സംസാരിക്കാനും ഞാൻ ഒരിക്കൽ പോവുകയുണ്ടായി. എന്നെപ്പോലും ഉപദ്രവിക്കുമോ എന്ന് തോന്നിപ്പോകുന്ന രീതിയിലായിരുന്നു അപ്പോൾ അവന്റെ അവസ്ഥ. പിന്നീട് രണ്ടുവർഷത്തോളം ഡി-അഡിക്ഷൻ സെന്ററിലായിരുന്നു അവന്റെ ജീവിതം. ഇപ്പോൾ അവൻ അതിൽ നിന്നെല്ലാം മാറിയെങ്കിലും അവന്റെ ഊർജസ്വലതയും പഠിക്കാനുള്ള കഴിവുമെല്ലാം നഷ്ടപ്പെട്ടു. ശരിക്കും പറഞ്ഞാൽ അവൻ ഇപ്പോൾ ജീവിക്കുന്നു എന്നുമാത്രമേയുള്ളൂ; മരിച്ചുപോയതിനു തുല്യമാണ്” – അദ്ദേഹം വ്യക്തമാക്കുന്നു.
നമ്മുടെ പെൺമക്കളും സുരക്ഷിതരല്ല
പണ്ടുകാലങ്ങളിൽ ലഹരി ഉപയോഗിച്ചിരുന്നത് ആൺകുട്ടികൾ മാത്രമായിരുന്നതിനാൽ ഇത്തരത്തിലുള്ള കാര്യങ്ങളിൽ പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് അക്കാര്യത്തിലൊരു സമാധാനമുണ്ടായിരുന്നു. എന്നാൽ, ഇന്ന് ഇരുകൂട്ടരും തുല്യമായ രീതിയിൽ അപകടത്തിലാണ്. സമൂഹമാധ്യമങ്ങൾ വഴി ആകാംക്ഷയും ആഗ്രഹവും ജനിപ്പിച്ചുകൊണ്ട് പെൺകുട്ടികളെയും ലഹരിമാഫിയ ആകർഷിക്കുന്നു. ഇതിന്റെ വാഹകരായും ഉപഭോക്താക്കളായും പെൺകുട്ടികൾ മാറിക്കൊണ്ടിരിക്കുന്നത് തികച്ചും അപകടകരമായ ഒരു സാഹചര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആൺസുഹൃത്തുക്കൾ വഴിയും നമ്മുടെ പെൺമക്കൾക്ക് മയക്കുമരുന്നുകൾ ലഭ്യമാകുന്നുണ്ട്. ഇതിനൊക്കെ അടിമയാക്കി അവരെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. നിരവധി ബലാത്സംഗ കേസുകളുടെയും പിന്നിലുള്ള കാരണവും ഇരകളും ഒക്കെയും മയക്കുമരുന്നും ഇതിന് അടിമകളായ പെൺകുട്ടികളുമാണ്.
ലഹരിക്കടിപ്പെട്ട് നിരവധി തവണ ലൈംഗിക ദുരുപയോഗത്തിനു വിധേയയായ ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഓർമ്മയും പ്രിൻസ് സർ പങ്കുവയ്ക്കുന്നു. “തുടക്ക ഘട്ടമായതിനാൽ ആ മകളെ രക്ഷപെടുത്തിയെടുക്കാൻ കഴിഞ്ഞു. പഠനമൊക്കെ കഴിഞ്ഞ് സാധാരണ ജീവിതം നയിക്കുന്ന ആ പെൺകുട്ടി ഇത്തരത്തിൽ രക്ഷപെടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനമാണ്. എങ്കിലും ഒരുപാട് കാലങ്ങളായി വലിയ അളവിലൊക്കെ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന കുട്ടികളെ തിരിച്ചു കൊണ്ടുവരിക എന്നത് വലിയ റിസ്ക് ആണ്. എങ്കിലും അതിനുള്ള ശ്രമങ്ങൾ നടത്തി ഫലവത്തായാൽ നമ്മുടെ സമൂഹത്തിന്റെ മുഖച്ഛായ തന്നെ മാറും.”
എന്തുകൊണ്ട് ഇവർ?
ആദ്യ കാലഘട്ടങ്ങളിൽ പട്ടിണി മൂലമായിരുന്നു ഇത്തരം പ്രവർത്തികൾ ആളുകൾ ചെയ്തിരുന്നത്; അതും വളരെയധികം പ്രായം കൂടിയ ആളുകളായിരുന്നു ഇതിൽ പിടിക്കപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് പതിമൂന്നിനും ഇരുപത്തിയഞ്ചിനുമിടയിൽ പ്രായമുള്ളവരാണ് അധികവും. നമ്മുടെ മക്കൾ ഇതിനു മുതിരുന്നത് ആവശ്യത്തിലും അധികമായ പണത്തിനും മറ്റു സുഖസൗകര്യങ്ങൾക്കും വേണ്ടിയാണെന്നത് വ്യക്തമാണ്. ഇത് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ആനന്ദവും വാഹകരാകുമ്പോൾ ലഭിക്കുന്ന അധിക സാമ്പത്തികലാഭവും അവരെ ഇത്തരം പ്രവർത്തികൾക്ക് പ്രേരിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം പത്രത്തിൽ വന്ന വാർത്ത എല്ലാവരും ശ്രദ്ധിച്ചിരിക്കും. കേരളത്തിൽ കാണാതായ പത്തിനും പതിമൂന്നിനുമിടയിൽ പ്രായമുള്ള 60 കുട്ടികളെയാണ് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നത്. അവരെല്ലാം എവിടെ പോകുന്നു എന്നുള്ളത് വിരൽചൂണ്ടുന്നത്, സമൂഹത്തിന്റെ നിലനിൽപ്പ് അപകടകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത് എന്നുള്ള കറുത്ത സത്യത്തിലേക്കാണ് – പ്രിൻസ് സർ വ്യക്തമാക്കുന്നു.
കാരണമില്ലാത്ത ആത്മഹത്യകൾ വിരൽചൂണ്ടുന്നത്
ഇന്ന് കൗമാരപ്രായത്തിലുള്ള കുട്ടികളുടെ ആത്മഹത്യാനിരക്ക് കൂടിവരികയാണ്. ഇതിൽ ഭൂരിഭാഗം എണ്ണത്തിലും പ്രത്യക്ഷത്തിൽ ഒരു കാരണവും കണ്ടെത്താൻ സാധിക്കുന്നില്ല. പണ്ടൊക്കെ പട്ടിണിയും വസ്ത്രമില്ലായ്മയും ഒക്കെ കാരണമായിരുന്നെങ്കിൽ ഇന്ന് മരണശേഷം മാത്രം കണ്ടുപിടിക്കപ്പെടുന്ന കാരണമായി അവശേഷിക്കുന്നു. ഇക്കൂട്ടരിൽ കൂടുതലായും കണ്ടുവരുന്നത് വിത്ത്ഡ്രോവൽ സിൻഡ്രോം ആണ്. അതായത്, അമിതമായ ലഹരി ഉപയോഗത്തിനു ശേഷം അളവ് കുറക്കുകയോ, പെട്ടെന്ന് നിർത്തുകയോ ചെയ്യുന്നവരിൽ ഉണ്ടാകുന്ന ശാരീരിക-മാനസികപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്കു നയിക്കുന്നത്. ചിലരിൽ ഇത് വിഷാദരോഗത്തിലേക്കും വഴിമാറാം. കഠിനമായ വിഷാദരോഗവും ആത്മഹത്യയിലേക്കു നയിക്കും. ഡി-അഡിക്ഷൻ സെന്ററുകളിൽ നിന്നും മടങ്ങിയെത്തുന്നവരെ കുറച്ചു കാലത്തേക്ക് തീർച്ചയായും ശ്രദ്ധിക്കണം. കാരണം, ഇതിൽ നിന്നും രക്ഷപെടുന്നവർ വീണ്ടും ഇതിലേക്ക് തിരിയാനുള്ള സാധ്യത കൂടുതലാണ്. താത്‌ക്കാലികമായി നന്നാകുന്നവരാണ് അധികവും. ശാശ്വതമായ ഒരു വിമുക്തിയാണ് നമുക്ക് ആവശ്യം.
നമ്മൾ ചെയ്യേണ്ടത്
ലഹരിയിൽ നിന്നും നമ്മുടെ മക്കളെ രക്ഷപെടുത്താൻ പ്രിൻസ് സർ ചില നിർദേശങ്ങളും നൽകുന്നുണ്ട്. ബോധവത്ക്കരണം ആവശ്യമാണെങ്കിലും ചില കാര്യങ്ങൾ നമ്മുടെ കുടുംബത്തിൽ നിന്നും ആരംഭിക്കേണ്ടതുണ്ട്. ഡി-അഡിക്ഷൻ സെന്ററുകളിൽ പോയി തിരികെയെത്തുന്നവരെ ഒറ്റപ്പെടുത്താതിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. അവരെ സമൂഹത്തിന്റെ ഭാഗമാക്കുക. അതോനോടൊപ്പം നമ്മുടെ കുടുംബം ജാഗ്രതയോടു കൂടി ഇക്കാര്യത്തെ സമീപിക്കുക എന്നുള്ളതാണ്. നമ്മുടെ കുഞ്ഞുങ്ങളെ കരുതുക. അത് അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകരുത്, മറിച്ച് അവരെ കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും ഉൾപ്പെടുത്തുക എന്നുള്ളതാണ്.
ഇന്നത്തെ പ്രശ്നം, വീടിനുള്ളിലെ പല കാര്യങ്ങളിലും നമ്മുടെ കുട്ടികൾക്ക് ഇടപെടാൻ പറ്റുന്നില്ല എന്നുള്ളതാണ്. പണ്ടൊക്കെ പാടത്തും പറമ്പിലും പോകുമ്പോൾ മാതാപിതാക്കളുടെ കൂടെ മക്കളും പോയിരുന്നു. റേഷൻ കടയിലും പലചരക്കു കടയിലും ഒക്കെ അപ്പന്റെയും അമ്മയുടെയും കൂടെ മക്കളും ഉണ്ടായിരുന്നു. അല്ലെങ്കിൽ ഒരു പ്രായം കഴിയുമ്പോൾ ചെറിയ ചെറിയ ഉത്തരവാദിത്വങ്ങൾ അവരെ ഏൽപിച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇന്ന് നിങ്ങൾ ഇത് ചെയ്യുമോ, അടുക്കളയിൽ കയറി പാചകം ചെയ്യുമോ എന്നൊക്കെ ചോദിച്ചാൽ നമ്മുടെ മക്കൾ പറയുന്നത് അതൊക്കെ ചെയ്യാൻ വീട്ടിൽ ആളുകളുണ്ട്. അതുകൊണ്ട് ഞങ്ങൾ എന്തിനാണ് അതൊക്കെ ചെയ്യുന്നത്, പഠിക്കുന്നത് എന്നൊക്കെയാണ്.
ഉത്തരവാദിത്വങ്ങൾ മക്കളെ ഏൽപിക്കുമ്പോൾ സ്വാഭാവികമായും മാതാപിതാക്കളും മക്കളുമായുള്ള ബന്ധം ശക്തിപ്പെടും. തങ്ങളുടെ മക്കളെ നിരന്തരമായി ശ്രദ്ധിക്കുകയും അവരുടെ നല്ല സുഹൃത്തുക്കളാകുകയും ചെയ്യുമ്പോൾ അവർക്ക് മറ്റു കാര്യങ്ങളിലേക്ക് പോകാനുള്ള സമയവും താൽപര്യവും ഉണ്ടാകില്ല. അതിനാൽ, നമ്മുടെ മക്കളെ കുടുംബത്തിന്റെ ഭാഗമാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ജാഗ്രതയാണ് ഏറ്റവും മികച്ച മുൻകരുതലെന്നും പ്രിൻസ് സർ ഓർമ്മിപ്പിക്കുന്നു.
അരുതുകളോടുള്ള അഭിനിവേശത്തെ തള്ളിക്കളഞ്ഞാൽ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കും. പ്രിയപ്പെട്ട കുഞ്ഞുങ്ങളോടും യുവാക്കളോടും ഈ ലഹരിവിരുദ്ധ ദിനത്തിൽ പറയാൻ ഒന്നുമാത്രം; ലഹരിയല്ല ജീവിതം, ജീവിതമാകട്ടെ ലഹരി!
2023 മെയ് മാസത്തിലാണ് വയനാട് ജില്ലയിലെ പയ്യമ്പള്ളി കല്പകവാടി, പരേതരായ യോഹന്നാൻ എബ്രഹാം – ലിസി ദമ്പതികളുടെ മകനായ പ്രിൻസ് എബ്രഹാം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കോഴിക്കോട് സ്പെഷ്യൽ സെൽ വകുപ്പിന്റെ തലവനായിരിക്കെ സർവീസിൽ നിന്നും വിരമിച്ചത്. വിവിധ സ്‌കൂളുകളിലും സംഘടനകൾക്കും സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്കും ഒക്കെയായി നിരവധി വിഷയങ്ങളിൽ ബോധവത്ക്കരണ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന പ്രിൻസ് സാറിനു വിശ്രമം എന്നത് രേഖകളിൽ മാത്രമാണ്. പത്തു വർഷത്തിലേറെയായി ബോധവത്ക്കരണ ക്ലാസ്സുകൾ കൈകാര്യം ചെയ്തുവരികയാണ് ഈ നിയമപാലകൻ.
സ്റ്റാഫ് നേഴ്സ് ആയ സിജി ആണ് ഭാര്യ. പ്രീജി പ്രിൻസ്, പ്രീനു പ്രിൻസ് എന്നിവരാണ് മക്കൾ.
സുനീഷ വി.എഫ്.




