വെനിസ്വേലയിലെ ഭൂകമ്പം: അടിയന്തര സഹായവുമായി ലെയോ പതിനാലാമൻ പാപ്പ

വെനിസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരകളായവർക്ക് അടിയന്തര സഹായം നൽകി ലെയോ പതിനാലാമൻ മാർപാപ്പ. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി ലെയോ മാർപാപ്പ ഒരുലക്ഷം യൂറോ ധനസഹായം പ്രഖ്യാപിച്ചു. വത്തിക്കാന്റെ ജീവകാരുണ്യവിഭാഗം വഴിയാണ് ഈ തുക കൈമാറുക.

ജൂൺ 24 ​ബുധനാഴ്ച വൈകിട്ടാണ് വെനിസ്വേലയെ നടുക്കിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളിൽ ഇതുവരെ നൂറ്റിയൻപതിലധികം ആളുകൾ മരണപ്പെടുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ആളുകൾ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

​തലസ്ഥാനമായ കാരക്കാസിന് വടക്കുള്ള ലാ ഗ്വൈറ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത്. നാശനഷ്ടങ്ങൾ രൂക്ഷമായതിനെത്തുടർന്ന് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ കാരക്കാസ് കത്തീഡ്രൽ ഉൾപ്പെടെയുള്ള പള്ളികളും പാരിഷ് ഹാളുകളും ദുരിതബാധിതർക്കായി തുറന്നുകൊടുത്തിട്ടുണ്ട്. കാരിത്താസ് നെറ്റ്‌വർക്കിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഭക്ഷണവും താൽക്കാലിക അഭയകേന്ദ്രങ്ങളും ഒരുക്കിവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.