വിലക്കുകളെ അതിജീവിച്ച അരനൂറ്റാണ്ടിന്റെ സുവിശേഷയാത്ര

മിഷൻ പ്രവർത്തനം നടത്തുന്നതിൽ ഫ്രഞ്ച് കോളനിഭരണാധികാരികൾ നിരാശ പ്രകടിപ്പിച്ചിട്ടും സ്പാനിഷ് മിഷണറിയായ ഫാ. അലക്സാൻഡ്രോ കനാലസ് കഴിഞ്ഞ 48 വർഷമായി അവിടെ ക്രിസ്തീയ സമൂഹങ്ങളെ വളർത്തിയെടുക്കാൻ പ്രയത്നിക്കുകയാണ്. അന്ന് ഫ്രഞ്ച് കോളനിയെ നയിക്കുന്നവർ അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങൾ അവിടെപ്പോയി എന്ത് ചെയ്യാനാണ്? ചാഡിൽ മിഷണറിമാരുടെ യാതൊരു ആവശ്യവുമില്ല.” എന്നാൽ ആ വാക്കുകൾ അദ്ദേഹം ചെവിക്കൊള്ളാൻ തയ്യാറായില്ല.

2025 ൽ സ്പെയിനിൽ വച്ചു നടന്ന പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസിന്റെ വാർഷിക റിപ്പോർട്ട് സമർപ്പണ വേളയിലാണ്, “കൗമാരപ്രായത്തിൽ തുടങ്ങിയ ‘ആജീവനാന്ത മിഷണറി വിളിയാണ് തന്റേത്” എന്ന് കനാലസ് പ്രസ്താവിച്ചത്.

കോംബോനി (Comboni) മിഷണറിമാർക്കൊപ്പം പരിശീലനം നേടിയ ശേഷം 1978-ലാണ് അദ്ദേഹം ചാഡിൽ എത്തുന്നത്. അന്ന് അവിടെ സുരക്ഷിതത്വമില്ലായ്മ മൂലം സാഹചര്യം വളരെ അനിശ്ചിതത്വത്തിലായിരുന്നു. താമസിയാതെ അദ്ദേഹം തന്റെ സഭയിലെ മറ്റ് മൂന്ന് സഹോദരന്മാർക്കൊപ്പം ഒരു കൂട്ടായ്മ രൂപീകരിച്ചു. എന്നാൽ പിന്നീട് അവരെല്ലാവരും മരണമടഞ്ഞു.

ആദ്യത്തെ മിഷണറിമാർ അവിടെയെത്തി 30 വർഷം കഴിഞ്ഞിട്ടായിരുന്നു കനാലസിന്റെ വരവെങ്കിലും, സുവിശേഷപ്രവർത്തനം അപ്പോഴും പ്രാരംഭഘട്ടത്തിലായിരുന്നു. “ഞങ്ങളുടെ പ്രധാന ശ്രദ്ധയും ആവശ്യവും അവിടെ രണ്ട് കാറ്റിക്കിസ്റ്റ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നതായിരുന്നു. അവിടെയുള്ളവരെ നയിക്കാനും കൂടുതൽ കർശനമായ വിശ്വാസപരിശീലനത്തിലൂടെ (catechumenate) അവരെ പിന്തുണയ്ക്കാനും ആരെങ്കിലും ഇല്ലെങ്കിൽ ഒരു ക്രിസ്തീയ സമൂഹത്തിന് നിലനിൽപ്പില്ല,” അദ്ദേഹം വിശദീകരിച്ചു.

കത്തോലിക്കാ സാന്നിധ്യം ശക്തമായ രാജ്യങ്ങളിലെപ്പോലെയല്ല മിഷൻ പ്രദേശങ്ങളിലെ കാറ്റിക്കിസ്റ്റുകളുടെ പങ്ക്. അവർ കുട്ടികളെ പഠിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് വൈദികരുടെ അഭാവത്തിൽ ആ സമൂഹങ്ങളുടെ യഥാർഥ ചാലകകശക്തിയായി മാറുന്നതും ഇവരാണ്.

ഏകദേശം അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് ചാഡിൽ നാല് കത്തോലിക്കാ രൂപതകൾ മാത്രമാണുണ്ടായിരുന്നത്; ഇന്നത് എട്ടായി ഉയർന്നു. 1980-കളുടെ അവസാനത്തിലുണ്ടായ ദൈവവിളികളുടെ വർധനവ് ഈ വികസനത്തിൽ വലിയ പങ്ക് വഹിച്ചു.

പ്രാദേശിക സമൂഹങ്ങൾ വളർന്നതോടെ, പ്രാദേശിക സഭയുടെ പുതിയ യാഥാർഥ്യങ്ങളുമായി മിഷണറിമാർക്ക് പൊരുത്തപ്പെടേണ്ടി വന്നുവെന്ന് കനാലസ് വ്യക്തമാക്കുന്നു. “മിഷണറിമാർ എന്ന നിലയിൽ ഞങ്ങൾക്ക് മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടി വന്നു, കാരണം ഇതിനകം തന്നെ അവിടെ പ്രാദേശിക വൈദികരും സന്ന്യസ്തരും വളർന്നുവന്നിരുന്നു” എന്ന് അദ്ദേഹം സമ്മതിക്കുന്നു.

പഠനത്തിൽ കർശനമായ പാഠ്യപദ്ധതി പിന്തുടരുന്ന 150-ഓളം മുതിർന്ന സെമിനാരി വിദ്യാർഥികളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഫിലോസഫിയിലും തിയോളജിയിലും ബിരുദം പൂർത്തിയാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

ഫ്രഞ്ച് അധിനിവേശക്കാർ തങ്ങളെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചപ്പോൾ മിഷനറിമാർ അതിനോട് ‘നോ’ പറഞ്ഞതായി ഫാദർ കനാലസ് ഓർക്കുന്നു. ഏകദേശം 50 വർഷങ്ങൾക്ക് ശേഷം,സാമൂഹിക യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന, വിശ്വാസത്തിന്റെ മനോഹരമായ പാത വെട്ടിത്തുറക്കുന്ന സമൃദ്ധമായ ക്രിസ്തീയ സമൂഹങ്ങൾ ഇന്ന് അവിടെയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.