നിരായുധീകരണത്തിലൂടെ മാത്രമേ സമാധാനം സാധ്യമാകൂ: പുതിയ പുസ്തകവുമായി ലെയോ പാപ്പ

ലോകമെമ്പാടും യുദ്ധങ്ങളും സംഘർഷങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, സമാധാനത്തിനും നിരായുധീകരണത്തിനുമായി ശക്തമായി ആഹ്വാനം ചെയ്തുകൊണ്ട് ലെയോ പതിനാലാമൻ മാർപാപ്പയുടെ പുതിയ പുസ്തകം പുറത്തിറങ്ങി. ‘ഡിസ്ആംഡ് ആന്റ് ഡിസ്ആമിങ്: പീസ് ഈസ് എ ഗിഫ്റ്റ്’ (Disarmed and Disarming: Peace Is a Gift) എന്ന് പേരിട്ടിരിക്കുന്ന ഗ്രന്ഥം വത്തിക്കാൻ പബ്ലിഷിങ് ഹൗസ് ആണ് പ്രസിദ്ധീകരിച്ചത്.

അലെസ്സാൻഡ്രോ ബാൺഫി സമാഹരിച്ച ഈ ഗ്രന്ഥത്തിൽ, 2025 മേയ് മാസത്തിൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ ലെയോ പതിനാലാമൻ മാർപാപ്പ സമാധാനത്തെക്കുറിച്ച് നടത്തിയ വിവിധ പ്രസംഗങ്ങളും സന്ദേശങ്ങളും ചിന്തകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ ഇറ്റാലിയൻ പതിപ്പാണ് നിലവിൽ പുറത്തിറങ്ങിയിട്ടുള്ളത്. ഇംഗ്ലീഷ് പതിപ്പ് ഉടൻ ലഭ്യമാകും.

ആണവായുധങ്ങൾ സമാധാനം കൊണ്ടുവരുമെന്ന ധാരണ തെറ്റാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഈ ആണവയുഗത്തിൽ, ശരിയായ നിരായുധീകരണത്തിലൂടെ മാത്രമേ യഥാർഥ സമാധാനം കൈവരിക്കാനാകൂ. ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ മഹാദുരന്തങ്ങൾക്ക് ശേഷം, യുദ്ധത്തിലേക്കുള്ള പുറപ്പാട് തിരിച്ചുവരവില്ലാത്ത അപകടകരമായ യാത്രയാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

സമാധാനം എന്നത് കേവലം അന്താരാഷ്ട്ര നയതന്ത്ര ചർച്ചകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല, മറിച്ച് ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തിൽ നിന്ന് തുടങ്ങേണ്ട ഒന്നാണ്. കുടുംബങ്ങളിലും വീടുകളിലും ജോലിസ്ഥലങ്ങളിലും പരസ്പരം ക്ഷമിക്കാനും സ്നേഹത്തോടെ പെരുമാറാനും പുഞ്ചിരിക്കാനും സാധിക്കുമ്പോഴാണ് സമാധാനം യാഥാർഥ്യമാകുന്നത്.

“ലോക നേതാക്കളോട് സമാധാനം ആവശ്യപ്പെടുന്നതിന് മുൻപ് നാം അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കണം” എന്ന് വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഉദ്ധരിച്ച് മാർപാപ്പ വ്യക്തമാക്കുന്നു. വരുംതലമുറയ്ക്കായി അഹിംസയുടെ പാത തിരഞ്ഞെടുക്കാനും, എല്ലാവരും സമാധാനത്തിന്റെ ശില്പികളായി മാറാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ പുതിയ ഗ്രന്ഥം ലോകത്തിന് സമർപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.