ക്യൂബയിലേക്ക് ആദ്യ സഹായ വിമാനം അയച്ച് യു.എസ്സും കത്തോലിക്കാ റിലീഫ് സർവീസസും

സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ച 10 കോടി ഡോളറിന്റെ (100 മില്യൺ) സഹായ പദ്ധതിയുടെ ഭാഗമായി, അമേരിക്കയും കത്തോലിക്കാ റിലീഫ് സർവീസസും (CRS) ചേർന്ന് ആദ്യ ഘട്ട മാനുഷിക സഹായ വസ്തുക്കളുമായി ക്യൂബയിലേക്ക് വിമാനം അയച്ചു. അമേരിക്കയിലെ കത്തോലിക്കാ സമൂഹത്തിന്റെ ഔദ്യോഗിക അന്താരാഷ്ട്ര മാനുഷിക ഏജൻസിയായ CRS, കത്തോലിക്കാ സഭയുമായും ‘കാരിത്താസ് ക്യൂബ’യുമായും സഹകരിച്ച് 700-ഓളം ക്യൂബൻ കുടുംബങ്ങൾക്ക് ഭക്ഷണ പാക്കറ്റുകളും ശുചിത്വ കിറ്റുകളും വിതരണം ചെയ്യും.

“മെലിസ ചുഴലിക്കാറ്റിന് ശേഷം ക്യൂബയ്ക്ക് 90 ലക്ഷം ഡോളറിന്റെ നേരിട്ടുള്ള സഹായം നൽകുന്നതിനായി കഴിഞ്ഞ വർഷം യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, CRS, കാരിത്താസ് ക്യൂബ എന്നിവരുമായി ചേർന്ന് നടത്തിയ വിജയകരമായ പദ്ധതിയുടെ തുടർച്ചയാണിത്. പ്രാദേശിക ഇടവക പ്രതിനിധികൾ നേരിട്ട് സഹായ സാമഗ്രികൾ വിതരണം ചെയ്യുന്നത് വഴി, ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇത് വഴിതിരിച്ചുവിടാനോ തട്ടിയെടുക്കാനോ ഉള്ള സാധ്യത ഒഴിവാക്കുകയും അർഹരായ സാധാരണക്കാരിലേക്ക് യു.എസ്. സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.” യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

റൂബിയോയുടെ സീനിയർ അഡ്വൈസറും ഫോറിൻ അസിസ്റ്റൻസ് ഡയറക്ടറുമായ ജെറമി ലെവിൻ, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ വെസ്റ്റേൺ ഹെമിസ്ഫിയർ അഫയേഴ്‌സ് ബ്യൂറോ സീനിയർ അഡ്വൈസർ വിവിയാന ബോവോ എന്നിവർക്കൊപ്പമാണ് ജൂലൈ 21-ന് മിയാമിയിൽ നിന്ന് സഹായ വിമാനം പുറപ്പെട്ടത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ സാമ്പത്തിക അപാകതകളും ക്രൂരതകളും മൂലം ദുരിതമനുഭവിക്കുന്ന ക്യൂബൻ ജനതയ്ക്ക് 10 കോടി ഡോളറിന്റെ മാനുഷിക സഹായം നൽകുമെന്ന റൂബിയോയുടെ വാഗ്ദാനത്തിന് കീഴിൽ അയക്കുന്ന ആദ്യ സഹായ വിമാനമാണിത്.

ക്യൂബയിലുടനീളമുള്ള സാധാരണ കുടുംബങ്ങളെ സഹായിക്കുന്നതിനായി പ്രഖ്യാപിച്ച 100 മില്യൺ ഡോളറിന്റെ ഫണ്ടിൽ നിന്ന് 60 മില്യൺ ഡോളറിന്റെ ഗ്രാന്റ് CRS-ന് അനുവദിച്ചിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.