‘വിശുദ്ധ വിഡ്‌ഢി’ എന്നറിയപ്പെടുന്ന വിശുദ്ധൻ

‘വിശുദ്ധ വിഡ്‌ഢി’ (Holy Fool) എന്നറിയപ്പെടുന്ന വിശുദ്ധനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിന്റെ കണ്ണിൽ ‘വിഡ്‌ഢി’ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ജീവിച്ച, ക്രിസ്തുവിനായി ജീവത്യാഗം ചെയ്ത ഒരു വിശുദ്ധ സന്ന്യാസിയായിരുന്നു വിശുദ്ധ ശിമയോൻ. ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ വായിച്ചറിയാം.

സഭ പലപ്പോഴും വിശുദ്ധർക്ക് ‘വേദപാരംഗതൻ’ പോലെയുള്ള മഹത്തായ പദവികൾ നൽകി ആദരിക്കാറുണ്ട്. എന്നാൽ, ഒറ്റനോട്ടത്തിൽ വിഡ്ഢിത്തമെന്ന് തോന്നിപ്പിക്കുന്ന വളരെ വ്യത്യസ്തമായ പദവികൾ നൽകപ്പെട്ടിട്ടുള്ള ചില വിശുദ്ധരുമുണ്ട്. യഥാർഥത്തിൽ, ‘വിശുദ്ധ വിഡ്ഢികൾ’ എന്ന് വിളിക്കപ്പെടുന്ന വിശുദ്ധരുടെ ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്; ഇതിലൊരാളാണ് വിശുദ്ധ ശിമയോൻ .

ഇത് വിചിത്രമായ ഒരു പദവിയായി തോന്നാമെങ്കിലും, ഇവരുടെ ജീവിതത്തെ ലോകത്തിന്റെ രീതികളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വിശുദ്ധൻ എന്തുകൊണ്ട് ‘വിഡ്ഢി’ എന്ന് വിളിക്കപ്പെട്ടു എന്ന് വ്യക്തമായി മനസ്സിലാകും. റോമൻ രക്തസാക്ഷി ഗ്രന്ഥത്തിൽ (Roman Martyrology) ജൂലൈ 21-ലെ അദ്ദേഹത്തിന്റെ തിരുനാൾ ദിനത്തിൽ വിശുദ്ധ ശിമയോനെയും അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഈ പദവിയെയും കുറിച്ച് സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്.

“സിറിയയിലെ ഹോംസിന് സമീപം, പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി, ക്രിസ്തുവിന് വേണ്ടി ലോകത്തിന് മുന്നിൽ വിഡ്ഢിയാകാനും മനുഷ്യരാൽ അധിക്ഷേപിക്കപ്പെടാനും ആഗ്രഹിച്ച വിശുദ്ധനായിരുന്നു വിശുദ്ധ ശിമയോൻ. പൊതുവെ ഒരു വ്യക്തിയെ ഭ്രാന്തൻ അല്ലെങ്കിൽ വിഡ്ഢി എന്ന് വിളിക്കുന്നത് നിഷേധാത്മകമായ കാര്യമാണ്. ലൗകിക മൂല്യങ്ങൾക്കനുസരിച്ച് ജീവിക്കുന്നതിന്റെ വിഡ്ഢിത്തത്തെക്കുറിച്ച് യേശുവും പലപ്പോഴും പഠിപ്പിക്കുന്നുണ്ട്.”

എന്നാൽ ഇതിന്റെ മറുപുറം പരിശോധിച്ചാൽ, ലോകത്തിന്റെ കണ്ണിൽ വിഡ്ഢിത്തമെന്ന് തോന്നുന്നത് പലപ്പോഴും സുവിശേഷാനുസൃതമായ ജീവിതമാണ്. അതായത് നമ്മൾ ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന യഥാർഥ ക്രിസ്തീയ ജീവിതം.

വിശുദ്ധ പൗലോസ് ശ്ലീഹാ കോറിന്തോസുകാർക്കെഴുതിയ ലേഖനത്തിൽ ഇതിനെക്കുറിച്ച് ഇപ്രകാരം കുറിക്കുന്നു: “മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെപ്പോലെ അപ്പസ്തോലന്മാരായ ഞങ്ങളെ ദൈവം എല്ലാവർക്കും ഒടുവിലത്തവർ ആക്കിയിരിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്; എന്തെന്നാൽ, ഞങ്ങൾക്ക് ലോകത്തിനും മാലാഖമാർക്കും മനുഷ്യർക്കും കാഴ്ചവസ്തുവായിത്തീരേണ്ടി വന്നിരിക്കുന്നു. ക്രിസ്തുവിനെപ്രതി ഞങ്ങൾ വിഡ്ഢികളാണ്; നിങ്ങളോ, ക്രിസ്തുവിൽ വിവേകികളാണ്. ഞങ്ങൾ ബലഹീനരാണ്; നിങ്ങളോ, ശക്തരാണ്. നിങ്ങൾ മാനിക്കപ്പെടുന്നു; ഞങ്ങളോ, അപമാനിക്കപ്പെടുന്നു” (1 കോറിന്തോസ് 4: 9-11)

യേശുക്രിസ്തുവുമായുള്ള ആഴമായ ഐക്യത്തിൽ തീവ്രമായ ജീവിതം നയിച്ച വിശുദ്ധ ശിമയോന്റെ ജീവിതത്തെ ഈ വചനങ്ങൾ പൂർണ്ണമായി പ്രതിഫലിപ്പിക്കുന്നു.

മരുഭൂമിയിൽ ഒരു സന്ന്യാസിയായി ജീവിക്കാൻ വിശുദ്ധ ശിമയോൻ ലൗകിക ജീവിതം ഉപേക്ഷിച്ചു. നഗരത്തിൽ വച്ച് അദ്ദേഹത്തെ കണ്ടവരെല്ലാം പലപ്പോഴും അദ്ദേഹത്തെ പരിഹസിച്ചിരുന്നു. എന്നാൽ അദ്ദേഹം തനിക്ക് വേണ്ടി ന്യായീകരണങ്ങൾ കണ്ടെത്താനോ, മറ്റുള്ളവരുടെ മുന്നിൽ നല്ലവനായി നടിക്കാനോ ശ്രമിച്ചില്ല. സുവിശേഷം കേൾക്കാൻ തയ്യാറുള്ള ഏതു വ്യക്തിയുമായും അത് പങ്കുവെച്ചുകൊണ്ട് അദ്ദേഹം സ്വയം ലളിതമായി ജീവിച്ചു.

സുവിശേഷം പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം പലപ്പോഴും അസാധാരണവും വിചിത്രവുമായ രീതികൾ ഉപയോഗിച്ചിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ കേട്ടാൽ നമ്മെ അദ്ഭുതപ്പെടുത്തുന്ന രീതികളായിരുന്നു അവ. പല വഴികളിലും അദ്ദേഹം അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിനോട് സമാനനായിരുന്നു. ലൗകിക ജ്ഞാനത്തിന് പകരം “ക്രിസ്തുവിന് വേണ്ടി വിഡ്ഢിയാകാൻ” തയ്യാറായ ഫ്രാൻസിസ്, എല്ലാം ഉപേക്ഷിച്ച് പൂർണ്ണ ദാരിദ്ര്യത്തിന്റെ ജീവിതമാണ് നയിച്ചത്.

നമ്മൾ യഥാർഥ ക്രിസ്തീയ ജീവിതമാണോ നയിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ഒരു വഴി, ഈ ലോകം നമ്മെ ‘ഭ്രാന്തൻ’ അല്ലെങ്കിൽ ‘വിഡ്ഢി’ എന്ന് വിളിക്കുന്നുണ്ടോ എന്ന് നോക്കിയാൽ മതി!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.