
ഡൽഹിയിലെ വായുഗുണനിലവാരം ഏറ്റവും മോശമായ ‘അതീവ ഗുരുതര’ വിഭാഗത്തിലെത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം രാവിലെ ഏഴ് മണിയോടെ നഗരത്തിലെ വായുഗുണനിലവാര സൂചിക 403 ആയി രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 82 പോയിന്റുകളുടെ വർധനവുണ്ടായതോടെ നഗരത്തെ കടുത്ത പുകമഞ്ഞ് മൂടിയിരിക്കുകയാണ്.
കാറ്റിന്റെ വേഗത തീരെ കുറഞ്ഞതാണ് അന്തരീക്ഷത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടാനും വായു കൂടുതൽ മലിനമാകാനും പ്രധാന കാരണമായത്. നഗരത്തിലെ 59 നിരീക്ഷണ കേന്ദ്രങ്ങളിൽ 32 ഇടങ്ങളിലും വായുഗുണനിലവാരം അതീവ ഗുരുതര വിഭാഗത്തിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 488 എന്ന ഏറ്റവും ഉയർന്ന മലിനീകരണ തോത് രേഖപ്പെടുത്തിയത് ഡൽഹി ഐ.ഐ.ടി കേന്ദ്രത്തിലാണ്.
അയൽസംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നതും ഡൽഹിയിലെ മലിനീകരണം രൂക്ഷമാക്കുന്നുണ്ട്. ഒക്ടോബർ ഒന്ന് മുതൽ നവംബർ 12 വരെയുള്ള കാലയളവിൽ ഈ സംസ്ഥാനങ്ങളിൽ 4,107 തീപിടിത്തങ്ങൾ ഉണ്ടായതായാണ് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത്. ഇതിന് മുൻപ് ജനുവരി 19-നായിരുന്നു ഡൽഹിയിൽ സമാനമായ രീതിയിൽ വായുഗുണനിലവാരം 410-ലേക്ക് താഴ്ന്നത്.




