
നമ്മുടെ ജീവിതം ഇന്ന് തിരക്കുകളും ഉത്കണ്ഠകളും നിറഞ്ഞതാണ്. ഈ തിരക്കുകൾക്കിടയിൽ ദൈവവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കുന്ന ഏറ്റവും വലിയ ശക്തിയാണ് പ്രാർഥന. എന്നാൽ പലപ്പോഴും സമയമില്ലായ്മ കൊണ്ടോ ശ്രദ്ധക്കുറവ് കൊണ്ടോ പ്രാർഥനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്ക് കഴിയാതെ വരാറുണ്ട്. പ്രാർഥന കൂടുതൽ ജീവസ്സുറ്റതും അർഥവത്തുമാക്കാൻ സഹായിക്കുന്ന ലളിതമായ 10 വഴികൾ താഴെ നൽകുന്നു.
1. പ്രാർഥനകൾ കുറിച്ചുവയ്ക്കുക (Prayer Journal)
നാം ചോദിക്കുന്ന പ്രാർഥനാ വിഷയങ്ങളും ദൈവം നൽകിയ ഉത്തരങ്ങളും ഒരു പുസ്തകത്തിൽ കുറിച്ചുവയ്ക്കുക. പഴയ പ്രാർഥനകൾക്ക് ദൈവം തന്ന ഉത്തരങ്ങൾ കാണുമ്പോൾ, അത് നമുക്ക് പ്രാർഥിക്കാനുള്ള വലിയൊരു ആവേശമായി മാറും.
2. വിശുദ്ധ ഗ്രന്ഥം വായിച്ച് പ്രാർഥിക്കുക
എന്താണ് പ്രാർഥിക്കേണ്ടതെന്ന് അറിയാത്തപ്പോൾ വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങൾ വായിച്ച്, അത് ആഴത്തിൽ ചിന്തിച്ച് ദൈവത്തോട് പ്രാർഥിക്കാം. വചനങ്ങൾ പ്രാർഥനയാക്കുന്നത് ദൈവേഷ്ടം അറിയാൻ നമ്മെ സഹായിക്കും.
3. പ്രാർഥനാ കാർഡുകൾ ഉപയോഗിക്കുക
മറ്റുള്ളവർക്ക് വേണ്ടിയും പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടിയും പ്രാർഥിക്കാൻ, അത് ചെറിയ കടലാസുകളിൽ എഴുതി നാം എപ്പോഴും കാണുന്ന സ്ഥലങ്ങളിൽ ഒട്ടിച്ചുവയ്ക്കുക. ഇത് പ്രാർഥിക്കാൻ നമ്മെ ഓർമ്മിപ്പിക്കും.
4. ഫോണിൽ അലാറം വയ്ക്കുക
മൊബൈൽ ഫോണുകൾ നമ്മെ വഴിതിരിച്ചുവിടാൻ സാധ്യതയുണ്ടെങ്കിലും അവ നല്ല കാര്യത്തിനും ഉപയോഗിക്കാം. ഓർമ്മ വേണമെന്ന് തോന്നുന്ന പ്രാർഥനാ വിഷയങ്ങൾക്കായി ഫോണിൽ അലാറം ക്രമീകരിച്ചു വയ്ക്കാം.
5. ശരീരഭാഷയിൽ മാറ്റം വരുത്തുക
പ്രാർഥിക്കുമ്പോൾ നാം കൈകൂപ്പുന്നതും മുട്ടുകുത്തുന്നതും കൈകൾ ഉയർത്തുന്നതുമെല്ലാം മനസ്സിന് കൂടുതൽ ഭക്തിയും ഏകാഗ്രതയും നൽകും. ശാരീരിക ഭാവങ്ങൾ നമ്മുടെ മനസ്സിനെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കും.
6. പരസ്പരം പ്രാർഥനാ ആവശ്യങ്ങൾ പങ്കുവയ്ക്കുക
നമുക്ക് വിഷമങ്ങളോ തെറ്റുകളോ പറ്റുമ്പോൾ വിശ്വസ്തരായ കൂട്ടുകാരോട് അത് പങ്കുവച്ച് ഒന്നിച്ച് പ്രാർഥിക്കാം. പരസ്പരം താങ്ങാവാനും പ്രാർഥിക്കാനും ഇത് സഹായിക്കും.
7. ഏതൊരു ജോലിയും തുടങ്ങുന്നതിന് മുൻപ് പ്രാർഥിക്കുക
ഒരു പുതിയ പ്രോജക്റ്റ്, യാത്ര, അല്ലെങ്കിൽ എന്തെങ്കിലും ജോലി തുടങ്ങുന്നതിന് മുൻപ് ദൈവത്തിന്റെ സഹായം ചോദിച്ച് പ്രാർഥിക്കുക. അത് ദൈവീക ജ്ഞാനം ലഭിക്കാൻ സഹായിക്കും.
8. കണ്മുന്നിൽ കാണുന്നവർക്കുവേണ്ടി മനസ്സിൽ പ്രാർഥിക്കുക
നാം വഴിയരികിലൂടെയോ ഓഫീസിലൂടെയോ ഒക്കെ കടന്നുപോകുമ്പോൾ കാണുന്ന ആളുകൾക്കും അയൽക്കാർക്കും ഒപ്പം ജോലി ചെയ്യുന്നവർക്കും വേണ്ടി ആരും കാണാതെ മനസ്സിൽ പ്രാർഥിക്കാം.
9. അപ്പോൾത്തന്നെ പ്രാർഥിക്കുക
ആരെങ്കിലും നിങ്ങളോട് പ്രാർഥിക്കണം എന്ന് പറയുമ്പോൾ, “പിന്നീട് പ്രാർഥിക്കാം” എന്ന് വയ്ക്കാതെ ആ നിമിഷത്തിൽത്തന്നെ അവർക്ക് വേണ്ടി പ്രാർഥിക്കാൻ ശ്രമിക്കുക.
10. സഭയോടൊപ്പം ചേർന്ന് പ്രാർഥിക്കുക
ഒറ്റയ്ക്ക് പ്രാർഥിക്കുന്നതിനേക്കാൾ വലിയ ശക്തി കൂട്ടായ്മയോടെ പ്രാർഥിക്കുമ്പോഴുണ്ട്. നിങ്ങളുടെ സഭയിലെ പ്രാർഥനാ കൂട്ടായ്മകളിൽ സ്ഥിരമായി പങ്കെടുക്കുക. ഒരു സമൂഹമായി പ്രാർഥിക്കുക എന്നത് വലിയ ഒരു കാര്യമാണ്.
മേൽപറഞ്ഞ 10 കാര്യങ്ങളും ഒരേസമയം ചെയ്ത് തുടങ്ങേണ്ടതില്ല. ഇതിൽ നിന്ന് വളരെ ലളിതമായ ഒന്നോ രണ്ടോ കാര്യങ്ങൾ തിരഞ്ഞെടുത്ത് നിങ്ങളുടെ ദിവസേനയുള്ള ജീവിതത്തിൽ ശീലിക്കുക. ദൈവം നമ്മുടെ വലിയ വാക്കുകളെയല്ല, മറിച്ച് ആത്മാർഥതയുള്ള ചെറിയ പ്രാർഥനകളെയാണ് കാണുന്നത്. ക്രമേണ നിങ്ങളുടെ പ്രാർഥനാജീവിതം കൂടുതൽ ശക്തവും സന്തോഷമുള്ളതുമായി മാറും.
വിവർത്തനം: ഡിൻസി തോമസ്




