
ജീവിതത്തിലെ ഓരോ ദിവസവും പലവിധത്തിലുള്ള ടെൻഷനുകളെ അഭിമുഖീകരിക്കാറുള്ളവരാണ് നാം. അങ്ങനെ നമ്മൾ വിഷമിക്കുന്നതിനുള്ള ഒരു കാരണം, നമ്മുടെ പ്രശ്നങ്ങൾ ഒറ്റയ്ക്ക് നേരിടുന്നതായി നമുക്ക് തോന്നുമ്പോഴാണ്. സമാനമായ പ്രശ്നങ്ങൾ നേരിടുന്ന, നമ്മെ അലട്ടുന്ന പ്രശ്നത്തെ അതിജീവിച്ച ഒരാളെ കണ്ടുമുട്ടുമ്പോൾ നമുക്ക് കൂടുതൽ സമാധാനം ലഭിക്കും. നാം അനുഭവിക്കുന്ന അതേ ഉത്കണ്ഠ ഉളവാക്കുന്ന നിരവധി പ്രശ്നങ്ങളുമായി പൊരുതി അവയെ തരണം ചെയ്ത വിശുദ്ധരുണ്ട്.
നിങ്ങൾ ഉത്കണ്ഠാകുലരാണോ, ആശങ്കാകുലരാണോ? നിങ്ങളുടെ ജീവിതത്തിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടോ? ഈ എട്ട് വിശുദ്ധർ നിങ്ങളെ സഹായിക്കും.
1. വി. ഡിംഫ്ന
ഉത്കണ്ഠാകുലരായ പല കത്തോലിക്കർക്കും, നാഡീവൈകല്യങ്ങളും ഉത്കണ്ഠയും ബാധിച്ചവരുടെ രക്ഷാധികാരിയായ വി. ഡിംഫ്നയെ പരിചിതമാണ്. പാരമ്പര്യമനുസരിച്ച്, അവർ അയർലണ്ടിൽ (ഏഴാം നൂറ്റാണ്ടിൽ) ഒരു പുറജാതീയ പിതാവിനും ഒരു ക്രിസ്ത്യൻ മാതാവിനും ജനിച്ചു. ഡിംഫ്നയുടെ അമ്മ മരിച്ചപ്പോൾ, അവളുടെ പിതാവ് ഒരു പുതിയ ഭാര്യയെ കണ്ടെത്താൻ യാത്ര ചെയ്തു. ഒടുവിൽ ഡിംഫ്നയെ ഭാര്യയായി സ്വീകരിക്കുമെന്ന സങ്കൽപിക്കാനാവാത്ത നിഗമനത്തിലെത്തി! ഒരു പുരോഹിതന്റെ നിർബന്ധപ്രകാരം, അവൾ അവിടെ നിന്ന് ഓടിരക്ഷപെട്ടെങ്കിലും, അവളുടെ പിതാവ് അവളെ കണ്ടെത്തി കൊലപ്പെടുത്തി.
ഈ പെൺകുട്ടി എത്രമാത്രം വൈകാരിക സമ്മർദ്ധത്തിലായിരുന്നുവെന്ന് മനസ്സിലാക്കാൻ എളുപ്പമാണ്. ഉത്കണ്ഠ അനുഭവിക്കുന്നവരുടെ രക്ഷാധികാരിയായി അവൾ അറിയപ്പെട്ടതിന്റെ കാരണം മനസ്സിലാക്കാനും അവരുടെ ഈ ജീവിതം മാത്രം മതി. ബെൽജിയത്തിലെ വിശുദ്ധയുടെ മരണസ്ഥലത്തിനടുത്തുള്ള അവളുടെ ദൈവാലയത്തിൽ നിരവധി അദ്ഭുതങ്ങൾ നടന്നതായി സ്ഥിരീകരിക്കുന്നു.
2. വിശുദ്ധ യൂദാ തദേവൂസ്
നിരാശാജനകമായ കാര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ കത്തോലിക്കർ ഒരു വിശുദ്ധനെയാണ് ആശ്രയിക്കുന്നത്; അത് വിശുദ്ധ യൂദാ തദേവൂസാണ്. അദ്ദേഹം നിരാശാജനകമായ കാര്യങ്ങളുടെ രക്ഷാധികാരിയായി അറിയപ്പെടുന്നു. മറ്റെല്ലാം പരാജയപ്പെടുമ്പോൾ സഹായം നൽകുന്നതിൽ വിശുദ്ധ യൂദാ തദേവൂസിന്റെ പ്രശസ്തിയെക്കുറിച്ച് പലർക്കും അറിയാമെങ്കിലും, ആ റോളിലേക്ക് അദ്ദേഹത്തെ എങ്ങനെ തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ട്.
ഏറ്റവും പ്രചാരമുള്ള സിദ്ധാന്തങ്ങളിലൊന്ന്, സഹ അപ്പോസ്തലനായ യൂദാസിന്റെ പേരുമായുള്ള അദ്ദേഹത്തിന്റെ പേരിന്റെ സാമ്യം കാരണം, വിശ്വാസികൾ അദ്ദേഹത്തോടുള്ള ഭക്തിയിൽ നിന്ന് അകന്നുനിന്നു എന്നതാണ്. തൽഫലമായി, അദ്ദേഹത്തോടുള്ള ഭക്തി ഒരു ‘നഷ്ടപ്പെട്ട കാരണ’മായി മാറി. നമ്മുടെ ഏറ്റവും നിരാശാജനകമായ ഉദ്ദേശ്യങ്ങൾക്കായി മധ്യസ്ഥത വഹിക്കാൻ അദ്ദേഹം സംലഭ്യനാണ്.
3. കാസിയയിലെ വിശുദ്ധ റീത്ത
1381 ൽ ഇറ്റലിയിൽ ജനിച്ച വിശുദ്ധ റീത്ത അസാധ്യമായ കാര്യങ്ങളുടെ രക്ഷാധികാരിയായി അറിയപ്പെടുന്നു. അക്രമാസക്തനായ ഒരു പുരുഷനെ അവർ വിവാഹം കഴിച്ചു. അയാൾ റീത്തയോട് മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്തു. 18 വർഷത്തെ ദാമ്പത്യത്തിനു ശേഷം, അവരുടെ ഭർത്താവ് കൊല്ലപ്പെട്ടു. ഒരു ദിവസം തന്റെ രണ്ട് ആൺമക്കൾ പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ഗൂഢാലോചന നടത്തുന്നത് റീത്ത കേട്ടു. ആത്മാക്കൾ നഷ്ടപ്പെടുമെന്ന് ഭയന്ന്, തന്റെ മക്കൾ പിതാവിന്റെ കൊലപാതകിയോട് പ്രതികാരം ചെയ്യുന്നത് ഒഴിവാക്കണമെന്ന് അവർ പ്രാർഥിച്ചു. പെട്ടെന്ന് ഇരുവരും രോഗികളായി, പ്രതികാരം ചെയ്യുന്നതിനു മുൻപ് മരിച്ചു. അത് ഗുരുതരമായ ഒരു കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് അവളുടെ പുത്രന്മാരെ തടഞ്ഞു.
4. വിശുദ്ധ പാദ്രെ പിയോ
“പ്രാർഥിക്കുക, പ്രത്യാശിക്കുക, വിഷമിക്കേണ്ട” എന്ന മുദ്രാവാക്യത്തോടെ, വിശുദ്ധ പിയോയെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ എളുപ്പമാണ്. ദൈവത്തിന്റെ കരുതലിൽ ഉറച്ചുവിശ്വസിച്ചിരുന്ന അദ്ദേഹം, വിഷമിക്കുന്നത് ഉപയോഗശൂന്യമാണെന്ന് മനസ്സിലാക്കി. വിഷമിക്കുന്നതിനായി നാം പാഴാക്കുന്ന ഏത് സമയവും പ്രാർഥനയിൽ കൂടുതൽ ചെലവഴിക്കാൻ കഴിയും. നമ്മൾ എന്തിനു വേണ്ടി പ്രാർഥിക്കണം? ഈ ജീവിതത്തിലെ പ്രശ്നങ്ങൾ താൽക്കാലികമാണെന്നും വിശ്വസിക്കാൻ ദൈവത്തോടുള്ള സ്നേഹം നമ്മെ അനുവദിക്കുന്നു.
5. വിശുദ്ധ ഹെൻറി രണ്ടാമൻ
1021 ൽ മോണ്ടെ കാസിനോയിൽ ആയിരുന്നപ്പോൾ, റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ വിശുദ്ധ ഹെൻറി രണ്ടാമൻ രോഗബാധിതനായി. പാരമ്പര്യമനുസരിച്ച്, വിശുദ്ധ ബെനഡിക്റ്റ് പ്രാർഥനയിലൂടെ അദ്ദേഹത്തെ സുഖപ്പെടുത്തി.
അദ്ഭുതകരമായ രോഗശാന്തികൾ എത്ര സാധാരണമാണ്? ഒരുപക്ഷേ നമ്മൾ മനസ്സിലാക്കുന്നതിലും കൂടുതൽ സാധാരണമായിരിക്കാം! നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലിനെ നമ്മൾ എപ്പോഴും കുറച്ചുകാണുന്നു, പലപ്പോഴും അനുകൂലമായ ഫലങ്ങളെ ‘ഭാഗ്യം’ എന്ന് വിശേഷിപ്പിക്കുന്നു.
6. നോർവിച്ചിലെ വാഴ്ത്തപ്പെട്ട ജൂലിയൻ
നോർവിച്ചിലെ വാഴ്ത്തപ്പെട്ട ജൂലിയനെ നിരവധി കത്തോലിക്കർ വളരെയധികം ബഹുമാനിക്കുന്നു. അവരുടെ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചേ അറിയുള്ളൂവെങ്കിലും വർഷങ്ങളായി പലർക്കും ആശ്വാസം നൽകിയ ഒരു ഉദ്ധരണിയിലൂടെ അവർ പ്രശസ്തയാണ്. ഉത്കണ്ഠാകുലരാകുന്നവർ ചിലപ്പോൾ നമുക്ക് ചുറ്റും ആഞ്ഞടിക്കുന്ന തിരമാലകളെ നോക്കുകയും കർത്താവിന്റെ കരുതൽ കാണാതിരിക്കുകയും ചെയ്യുന്നു. നമ്മുടെ ശ്രദ്ധ തിരിച്ചുപിടിക്കാനും ആത്യന്തികമായി ദൈവം എല്ലാം നിയന്ത്രിക്കുന്നുവെന്ന് ഓർമ്മിക്കാനും വാഴ്ത്തപ്പെട്ട ജൂലിയൻ നമ്മെ സഹായിക്കുന്നു. “എല്ലാം ശരിയാകും, എല്ലാം ശരിയാകും, എല്ലാത്തരം കാര്യങ്ങളും ശരിയാകും.”
7. വിശുദ്ധ വിൻസെൻഷ്യ ലോപ്പസ്
1975 ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വി. വിൻസെൻഷ്യ ലോപ്പസ്, ജോലി ചെയ്യുന്ന പെൺകുട്ടികളെ ശുശ്രൂഷിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു സന്ന്യാസ സഭയായ മേരി ഇമ്മാക്കുലേറ്റ് ഫോർ ഡൊമസ്റ്റിക് സർവീസിന്റെ സ്ഥാപകയായിരുന്നു. തന്റെ അമ്മയ്ക്ക് എഴുതിയ കത്തിൽ അവർ എഴുതി: “ഞങ്ങളോടൊപ്പം വന്ന് താമസിക്കൂ, നിങ്ങളുടെ അസുഖങ്ങൾ തീർച്ചയായും മാറും. ഭാവന അവയിൽ വലിയ പങ്കുവഹിക്കുന്നു, ഇവിടെ നിങ്ങൾക്ക് ചിന്തിക്കാൻ സമയമില്ലാത്തത്ര ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളുണ്ട്.”
‘അലസമായ മനസ്സ് പിശാചിന്റെ പണിപ്പുരയാണ്’ എന്ന പ്രയോഗം കേട്ടിട്ടുണ്ടാകും. വിഷമിക്കുന്നത് നിർത്താനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് തിരക്കിലായിരിക്കുക എന്നതാണ്. വിഷമം നിങ്ങളെ എന്തെങ്കിലും ചെയ്യാൻ പ്രേരിപ്പിക്കുന്നുവെങ്കിൽ, അത് ഫലപ്രദമാകും. മറുവശത്ത്, നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാവുന്ന മോശം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക മാത്രമാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ, വി. വിൻസെൻഷ്യയുടെ ഉപദേശം സ്വീകരിച്ച് തിരക്കിലാകേണ്ട സമയമാണിത്.
8. വിശുദ്ധ ജുവാൻ ഡീഗോ
ജുവാൻ ഡീഗോയെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് അദ്ദേഹം പറഞ്ഞതോ, ചെയ്തതോ ആയ എന്തെങ്കിലും കാരണത്താലല്ല, മറിച്ച് അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങൾ കൊണ്ടാണ്. 1531 ഡിസംബറിൽ, മെക്സിക്കോയിലെ ഈ ദരിദ്രവ്യക്തിക്ക് പരിശുദ്ധ അമ്മ പലതവണ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ബിഷപ്പ് സംശയാലുവായി ഒരു അടയാളം ആവശ്യപ്പെട്ടു. ഡിസംബർ 11 ന്, ബിഷപ്പിന് കൊണ്ടുപോകാൻ കഴിയുന്ന ഒരു അടയാളം അടുത്ത ദിവസം നൽകുമെന്ന് മേരി ജുവാന് വാഗ്ദാനം ചെയ്തു. അടുത്ത ദിവസം, അദ്ദേഹത്തിന്റെ അമ്മാവൻ ഗുരുതരാവസ്ഥയിലായി. മേരി അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു: “എന്റെ പ്രിയമകനേ, ഞാൻ നിന്നെ സംരക്ഷിക്കുമെന്ന് ശ്രദ്ധിക്കുക. നീ പറയുന്ന രോഗം എത്ര വലുതാണെങ്കിലും ഭയപ്പെടുകയോ, ദുഃഖിക്കുകയോ, നിന്റെ ഹൃദയം നിരാശപ്പെടുകയോ ചെയ്യരുത്. ഞാൻ ഇവിടെയല്ലേ? നിങ്ങളുടെ അമ്മയായ ഞാൻ, എന്റെ സഹായം ഒരു അഭയസ്ഥാനമല്ലേ? നിങ്ങളുടെ അമ്മാവന്റെ രോഗത്തെക്കുറിച്ച് വിഷമിക്കേണ്ട. കാരണം അദ്ദേഹം മരിക്കാൻ പോകുന്നില്ല. ഉറപ്പ്, അദ്ദേഹം ഇതിനകം സുഖമായിരിക്കുന്നു. നിങ്ങൾക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ?”
വിഷമിക്കുന്നതിനു പകരം പരിശുദ്ധ അമ്മയുമായി നിങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടുണ്ടോ? വി. ജുവാൻ ഡീഗോയുടെ കാര്യത്തിലെന്നപോലെ, അവൾ നിങ്ങളെ സഹായിക്കാൻ കാത്തിരിക്കുകയാണ്.




